ഇക്വഡോര്‍: ഇടതു വിജയത്തിന്റെ വിവക്ഷകള്‍

Posted on: April 5, 2017 6:27 am | Last updated: April 4, 2017 at 11:30 pm

ഇക്വഡോറില്‍ വലതുപക്ഷ പ്രചാരവേലകളെയും അമേരിക്കന്‍ കുത്തിത്തിരുപ്പുകളെയും അതിജീവിച്ചുകൊണ്ട് ഇടതുപക്ഷ സ്ഥാനാര്‍ഥി ലെനിന്‍മൊറാനെ പ്രസിഡന്റ് റാഫേല്‍കോറിയയുടെ പിന്‍ഗാമിയായി അധികാരത്തിലെത്തിയിരിക്കുകയാണ്. ഇക്വഡോര്‍ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ലാറ്റിനമേരിക്കന്‍ ഇടതുപക്ഷ മുന്നേറ്റങ്ങളെയും ബദല്‍നയങ്ങളെയും പൊതുവായി പരിശോധിക്കുകയാണ് ഇവിടെ.

ആഗോളവത്കരണത്തിന് ബദലുകളില്ലെന്ന നവലിബറല്‍ മൂലധനശക്തികളുടെ പ്രചാരവേലകള്‍ക്ക് പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് 1990-കളുടെ അവസാനത്തോടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഇടത്തോട്ടേക്ക് നടത്തമാരംഭിച്ചത്. മുതലാളിത്തം മനുഷ്യന്റെ സാമൂഹിക വികാസചരിത്രത്തിലെ അന്ത്യഘട്ടമാണെന്നും സര്‍വതന്ത്രസ്വതന്ത്രമായ വിപണി വ്യവസ്ഥക്കു മാത്രമേ സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂവെന്നുമാണ് നവലിബറല്‍ പണ്ഡിതര്‍ വാദിച്ചുകൊണ്ടിരുന്നത്.
സോവിയറ്റ് യൂനിയന്റെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും തിരോധാനത്തിനു ശേഷം ഏകധ്രുവലോകത്തെയും വിവരവിപ്ലവത്തെയും ആഗോളവത്കരണത്തെയും സംബന്ധിച്ച വാചകമടികളിലൂടെയാണ് മുതലാളിത്തശക്തികള്‍ സോഷ്യലിസ്റ്റ് ശക്തികള്‍ക്കെതിരെ ആഞ്ഞടിച്ചത്. സോഷ്യലിസവും ഇടതുപക്ഷവും കാലഹരണപ്പെട്ടെന്നും ആസൂത്രണവും പൊതുമേഖലയുമൊക്കെ അപ്രസക്തമായി എന്നുമായിരുന്നു പ്രചാരണം. സര്‍വക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭരണകൂടം പിന്‍മാറുന്ന തുറന്ന വിപണിവാദവും സ്വകാര്യവത്കരണവുമായിരുന്നല്ലോ ആഗോളവത്കരണനയങ്ങളിലൂടെ നവലിബറല്‍ മൂലധനശക്തികള്‍ ഉറപ്പുവരുത്തിയത്. ഇതിനെതിരായ ഇടതുപക്ഷത്തുനിന്നുള്ള പ്രതിരോധ മുന്നേറ്റങ്ങളില്‍ ലാറ്റിനമേരിക്ക ശ്രദ്ധേയമായ മുന്‍കൈയാണ് പ്രകടിപ്പിച്ചത്.
1998-ല്‍ ഹ്യൂഗോഷാവേസ് വെനിസ്വലയില്‍ അധികാരത്തിലെത്തിയതോടെയാണ് നവലിബറല്‍ നയങ്ങള്‍ക്കെതിരായ ബദല്‍ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാരംഭിച്ചത്. ബൊളീവിയയില്‍ ഈവോമൊറല്‍സും ഇക്വഡോറില്‍ റാഫേല്‍കോറിയയും തുടര്‍ന്ന് അധികാരത്തില്‍ വന്നു. ലൂലഡിസില്‍വ ബ്രസീലിലും നെസ്തര്‍കിര്‍ച്ചിനര്‍ അര്‍ജന്റീനയിലും മിഷേല്‍ബാഷ്‌ലറ്റ് ചിലിയിലും ഫെര്‍ണാഡോലൂഗോ പരാഗ്വയിലും ഒര്‍ട്ടേഗ നിക്കാരഗയിലും അധികാരത്തില്‍ വന്നു. നവലിബറല്‍ നയങ്ങള്‍ക്കെതിരെ ലാറ്റിനമേരിക്ക ബദല്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണഭൂമിയായി മാറുകയായിരുന്നു.

ചരിത്രപരമായി തന്നെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്‍മുറ്റമെന്ന് വിളിക്കപ്പെടുന്ന തെക്കേ അമേരിക്ക അവിരാമമായ കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ മണ്ണാണ്. 19-ാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളില്‍ തന്നെ ലാറ്റിനമേരിക്കന്‍ നാടുകളില്‍ കൊളോണിയല്‍ വിരുദ്ധ ദേശാഭിമാന സമരങ്ങള്‍ അലയടിച്ച് ഉയര്‍ന്നിരുന്നു. കൊളോണിയല്‍ ശക്തികള്‍ക്കും നവകൊളോണിയല്‍ ശക്തികള്‍ക്കുമെതിരെ പോരാടിയ സൈമണ്‍ബൊളീവറെ പോലുള്ള വിപ്ലവസിദ്ധാന്തങ്ങളും കാസ്‌ട്രോവിന്റെ മാര്‍ഗദര്‍ശനവുമാണ് ലാറ്റിനമേരിക്കന്‍ മുന്നേറ്റങ്ങള്‍ക്ക് പ്രചോദനം നല്‍കിയത്.
നവലിബറല്‍ നയങ്ങളുടെ പരീക്ഷണഭൂമിയായിരുന്നത് ലാറ്റിനമേരിക്കയിലെ ചിലിയായിരുന്നു. ‘ചിക്കാഗോ ബോയ്‌സ്’ എന്ന് വിളിക്കപ്പെടുന്ന നവലിബറല്‍ സാമ്പത്തിക വിദഗ്ധര്‍ സി ഐ എ പിന്തുണയോടെ ചിലിയിലെ ഇടതുപക്ഷക്കാരനായ അലന്റെയെ അട്ടിമറിച്ചുകൊണ്ടാണ് ജനറല്‍പിനോച്ചയുടെ നേതൃത്വത്തില്‍ നവലിബറല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. ഈ നയങ്ങള്‍ക്കെതിരായ തുടര്‍ച്ചയായ പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ് ഷാവേസ് ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ വിപ്ലവകാരികള്‍ വെനിസ്വല തുടങ്ങിയ രാജ്യങ്ങളില്‍ അധികാരത്തിലെത്തുന്നത്.
1990-കളുടെ അവസാനത്തോടെ ലാറ്റിനമേരിക്കന്‍ നാടുകളില്‍ ഇടതുപക്ഷ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഗവണ്‍മെന്റുകളെ അട്ടിമറിക്കാനുള്ള വലതുപക്ഷ പ്രതിവിപ്ലവ മുന്നേറ്റങ്ങള്‍ക്ക് അമേരിക്കന്‍ സ്റ്റേറ്റ്ഡിപ്പാര്‍ട്ടുമെന്റിന്റെയും സി ഐഎയുടെയും പിന്തുണയുണ്ടായിരുന്നു. പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇടതുപക്ഷ ഗവണ്‍മെന്റുകളെ പരാജയപ്പെടുത്തിക്കൊണ്ട് വലതുപക്ഷം തിരിച്ചുവരുന്ന അവസ്ഥയുണ്ടായി. 2012-ല്‍ പരാഗ്വയില്‍ ഫെര്‍ണാണ്ടോലൂഗ നേതൃത്വം നല്‍കിയ ഇടതുപക്ഷ സര്‍ക്കാര്‍ താഴെയിറങ്ങി. 2015-ല്‍ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അര്‍ജന്റീനയില്‍ ഇടതുപക്ഷക്കാരനായ കിര്‍ച്ചിനര്‍ക്ക് അധികാരം നഷ്ടപ്പെട്ടു. അവിടെ വലതുപക്ഷ നേതാവായ മൗറീഷേ്യാമക്രി അധികാരത്തിലെത്തി. ഡിസംബറില്‍ വെനിസ്വലയില്‍ നടന്ന നാഷണല്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ മഡൂറോയുടെ പാര്‍ട്ടിയേക്കാള്‍ വലതുപക്ഷത്തിന് സീറ്റ് ലഭിച്ചു.

2016-ല്‍ ബ്രസീലില്‍ ദില്‍മറൂസഫിനെ ഇംപീച്ച്‌മെന്റിലൂടെ വലതുപക്ഷം പുറത്താക്കി. ബൊളീവിയയില്‍ നടന്ന ഹിതപരിശോധനയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാമതും മത്സരിക്കാനുള്ള ഇവാമോറല്‍സിന്റെ കക്ഷിക്ക് അംഗീകാരം കിട്ടിയില്ല. കൊളംബിയയില്‍ ഇടതുപക്ഷ ഫാര്‍ക്ക് ഗറില്ലകള്‍ സാന്റോ സര്‍ക്കാറും ധാരണയെത്തിയ സമാധാന കരാറിനെതിരെ ജനങ്ങള്‍ വോട്ടുചെയ്തു. ഹെയ്തിയിലും പെറുവിലും അമേരിക്കന്‍ പിന്തുണയോടെ വലതുപക്ഷം അധികാരത്തിലെത്തി. ഈയൊരു സാഹചര്യമാണ് അമേരിക്കന്‍ മാധ്യമങ്ങളെ ലാറ്റിനമേരിക്കയിലെ ഇടതുപക്ഷത്തിന്റെ മരണ പ്രഖ്യാപനത്തിലേക്ക് എത്തിച്ചത്.
ഫിദല്‍ കാസ്‌ട്രോയുടെ മരണത്തോടെ ലാറ്റിനമേരിക്കന്‍ കരീബിയന്‍ നാടുകളില്‍ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകളുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്കന്‍ ഇടപെടലിനുള്ള നീക്കങ്ങള്‍ ഉണ്ടാവുമെന്ന കാര്യം പല ലാറ്റിനമേരിക്കന്‍ നേതാക്കളും ചൂണ്ടിക്കാട്ടിയിരുന്നു. മഡൂറയുടെ നേതൃത്വത്തിലുള്ള വെനിസ്വലയിലെ ബൊളിവേറിയന്‍ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ആസൂത്രിതമായ നീക്കങ്ങളാണ് വലതുപക്ഷശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വെനിസ്വലയുടെ ശക്തമായ ചെറുത്തിനില്‍പ്പ് മൂലം പല അമേരിക്കന്‍ നീക്കങ്ങളും ഫലം കാണാതെ പോവുകയാണ്. ഹവാനയില്‍ നടന്ന കാസ്‌ട്രോവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള യോഗത്തില്‍ ഇടതുപക്ഷ സര്‍ക്കാറുകളുടെ ഭാവിയെക്കുറിച്ച് റാഫേല്‍കോറിയ വലിയ ആശങ്ക പ്രകടിപ്പിച്ചത് അന്താരാഷ്ട്ര സമൂഹം ശ്രദ്ധിച്ചതാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വം പിന്താങ്ങുന്ന വലതുപക്ഷശക്തികള്‍ കുത്സിതമാര്‍ഗങ്ങളിലൂടെ ഭരണകൂടാധികാരം പിടിച്ചെടുക്കാനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് റാഫേല്‍കോറിയ ചൂണ്ടിക്കാട്ടുകയുണ്ടായി.
പ്രചണ്ഡമായ വലതുപക്ഷ പ്രചാരവേലകള്‍ക്കിടയിലാണ് ഇക്വഡോറില്‍ തിരഞ്ഞെടുപ്പ് നടന്നത്. റാഫേല്‍കോറിയ നേതൃത്വം നല്‍കുന്ന പാട്രിയോട്ടിക് അലയന്‍സ് സ്ഥാനാര്‍ഥിയായ ലെനിന്‍മൊറാനോ അധികാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് വലതുപക്ഷ കുത്തിത്തിരുപ്പുകളെ അതിജീവിച്ചുകൊണ്ടാണ്. അമേരിക്കന്‍ പിന്തുണയുള്ള വലതുപക്ഷ നേതാവ് ഗില്ലേര്‍മോലാസോയെ രണ്ടാംവട്ട വോട്ടെടുപ്പില്‍ തോല്‍പ്പിച്ചാണ് ലെനിന്‍മൊറാനൊ അഭിമാനകരമായ വിജയം നേടിയത്. ലെനിന്‍മൊറാനോ ഭിന്നശേഷിക്കാരനായ ഇടതുപക്ഷ നേതാവാണ്. വീല്‍ചെയറില്‍ മാത്രമേ അദ്ദേഹത്തിന് നീങ്ങാനാകൂ.

ലെനിന്‍മൊറോനോയുടെ വിജയത്തോടെ ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷം മുന്നേറ്റത്തിന്റെ പാതയിലാണെന്ന് ലോകത്തെ അറിയിച്ചിരിക്കുകയാണ്. നിക്കാരഗ്വയില്‍ വന്‍തോതിലുള്ള വലതുപക്ഷ ഗൂഢാലോചനകളും അതിജീവിച്ചുകൊണ്ടാണ് കഴിഞ്ഞ വര്‍ഷവസാനം പ്രസിഡന്റ് സ്ഥാനത്തേക്ക് ഡാനിയല്‍ഒര്‍ട്ടേഗ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 1990-കളുടെ അവസാനത്തോടെ ആരംഭിച്ച ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റത്തിന്റെ അച്ചുതണ്ട് ഷാവേസും-മഡൂറോ-ഇവാമോറേല്‍സും റാഫേല്‍കോറിയയുമായിരുന്നു. റാഫേലിന്റെ വൈസ്പ്രസിഡന്റായിരുന്ന മൊറാനോ തിരഞ്ഞെടുക്കപ്പെടുന്നതിലൂടെ ലാറ്റിനമേരിക്കന്‍ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്. വെനിസ്വലയിലും ബൊളീവിയയിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചടികളെ അതിജീവിക്കാന്‍ ഇക്വഡോറിലെ വിജയം വിമോചനശക്തികള്‍ക്ക് കരുത്ത് പകരും.
ഷാവേസിന്റെയും കാസ്‌ട്രോവിന്റെയും അന്ത്യത്തോടെ ലാറ്റിനമേരിക്ക തങ്ങളുടെ കൈപ്പിടിയില്‍ വരുമെന്ന് ആശ്വസിച്ചിരുന്ന വലതുപക്ഷശക്തികള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ഇക്വഡോര്‍ ജനത നല്‍കിയിരിക്കുന്നത്. ഇക്വഡോറിലെ ഇടതുപക്ഷ വിജയത്തെ നിര്‍ണയിച്ചത് റാഫേല്‍കോറിയയുടെ ഗവണ്‍മെന്റ് നടപ്പിലാക്കിയ ബദല്‍ നയങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. 2007-ല്‍ അധികാരത്തില്‍ വന്ന റാഫേല്‍കോറിയ ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്തിന്റെ സമ്പത്ത് ഏറ്റവും ദുര്‍ബലരായവര്‍ക്ക് കൂടി അനുഭവിക്കാന്‍ സാഹചര്യമുണ്ടാക്കുകയായിരുന്നു. റാഫേല്‍കോറിയയുടെ ഭരണത്തിന്കീഴില്‍ ദരിദ്രരെ സഹായിക്കുന്ന നിരവധി പരിപാടികള്‍ ആവിഷ്‌കരിച്ചു. അതിന്റെ ഫലമായി ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്നവരുടെ എണ്ണം 36.7ശതമാനത്തില്‍ നിന്ന് 23.3 ശതമാനം ആയി കുറക്കാന്‍ കഴിഞ്ഞു. പത്ത് ലക്ഷം പേരാണ് തീവ്ര ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത്.

ബ്രിട്ടനിലെ ഒ ഡി ഐ എന്ന ഏജന്‍സി നടത്തിയ പഠനപ്രകാരം ഒന്നരക്കോടിയോളം വരുന്ന ജനസംഖ്യയില്‍ ഏറ്റവും ദരിദ്രരായ 40 ശതമാനത്തിന്റെ വരുമാനം എട്ടിരട്ടിയായി വര്‍ധിച്ചതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 96 ശതമാനം പേര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തി. പൊതു ആരോഗ്യ സംവിധാനങ്ങള്‍ വിപുലമാക്കി. സാമൂഹിക മേഖലയിലെ നിക്ഷേപം വര്‍ധിപ്പിച്ചു. ജി ഡി പി വളര്‍ച്ചാനിരക്ക് 3.9 ശതമാനം ആയി ഉയര്‍ന്നു. ലാറ്റിനമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമായി ഇക്വഡോറിനെ മാറ്റി. മിനിമം കൂലി ഇരട്ടിയായി വര്‍ധിപ്പിച്ചു. അഴിമതിക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചു. നിരുപാധികവും വ്യവസ്ഥാരഹിതവുമായ മൂലധനപ്രവര്‍ത്തനങ്ങളെ കര്‍ശനമായി നിയന്ത്രിച്ചുകൊണ്ടും അമേരിക്കന്‍ നയങ്ങളെ പ്രതിരോധിച്ചുകൊണ്ടുമാണ് ഇക്വഡോര്‍ ഈ നേട്ടങ്ങള്‍ കൈവരിച്ചത്. നവഉദാരവത്കരണ നയങ്ങള്‍ക്കെതിരായ ബദല്‍ സമീപനങ്ങളുടെ അംഗീകാരവും വിജയവുമാണ് ഇക്ക്വഡോര്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.