ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റിട്ട് എന്‍ജി.വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത

Posted on: April 4, 2017 11:59 pm | Last updated: April 4, 2017 at 11:59 pm

മുംബൈ: ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റിട്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ഹോട്ടലിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ബംഗളൂരു സ്വദേശിയായ അര്‍ജുന്‍ ഭരദ്വാജാണ് മുംബൈയിലെ താജ് ഹോട്ടലിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മരിക്കുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്കില്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലൈവ് വീഡിയോ അര്‍ജുന്‍ പോസ്റ്റ് ചെയ്തിരുന്നു.

താന്‍ മദ്യത്തിന് അടിമപ്പെട്ടിരിക്കുകയാണെന്നും ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അര്‍ജുന്‍ പറയുന്നുണ്ട്. ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം 19ാം നിലയിലുള്ള ഹോട്ടല്‍ റൂമിന്റെ ജനല്‍ കസേര ഉപയോഗിച്ച് തകര്‍ത്താണ് അര്‍ജുന്‍ താഴേക്ക് ചാടിയത്. ഇയാളുടെ റൂമില്‍ നിന്ന് ആത്മഹത്യ കുറിപ്പുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അര്‍ജുന്‍ കടുത്ത വിഷാദരോഗി ആയിരുന്നെന്നാണ് പോലീസ് കരുതുന്നത്.
മകന്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് പിതാവ് മൊഴി നല്‍കിയിട്ടുണ്ട്.
അര്‍ജുന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.