Connect with us

National

വോട്ടിംഗ് മെഷീന്‍ കൃത്രിമം: തെളിയിക്കാന്‍ വിദഗ്ധരെ ക്ഷണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്തുന്നുവെന്ന ആരോപണത്തിനെതിരെ വോട്ടിംഗ് മെഷീന്‍ പരിശോധനക്ക് ക്ഷണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കുമെന്ന വെല്ലുവിളികള്‍ തെളിയിക്കാന്‍ അവസരം നല്‍കുന്നതിന് തങ്ങള്‍ വളരെപ്പെട്ടന്ന് ഒരു ദിവസം തീരുമാനക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സാങ്കേതികവിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവരെയാണ് വോട്ടിങ് മെഷീന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ഷണിച്ചിരിക്കുന്നത്. 2009 മുതല്‍ വോട്ടിങ് യന്ത്രം പരിശോധിക്കാന്‍ അവസരം നല്‍കിവരുന്നതാണെന്നും, എന്നാല്‍ ആരും ഇതുവരെ വോട്ടിങ് മെഷീന്റെ പോരായ്മ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കം നിരവധി പേര്‍ ആരോപണങ്ങളുന്നയിച്ച സാഹചര്യത്തിലാണ് വിഷയത്തില്‍ തുറന്ന അവസരം നല്‍കാന്‍ കമ്മീഷന്‍ തീരുമാനിക്കുന്നത്. കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീന്‍ പരിശോധനക്കിടെ ബി ജെ പിക്ക് മാത്രം വോട്ടുകള്‍ രേഖപ്പെടുത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് 72 മണിക്കൂര്‍ തന്നാല്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം നടത്താനാവുമെന്ന കാര്യം താന്‍ തെളിയിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി പരസ്യമായി തിരഞ്ഞെടപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.അടുത്തിടെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി മികച്ച വിജയം നേടിയതിന് പിന്നീല്‍ വോട്ടിംഗ് യന്ത്രങ്ങളിലെ തിരിമറിയാണെന്ന ആരോപണം ബി എസ് പി നേതാവ് മായവതിയും ഉയര്‍ത്തിയിരുന്നു.

Latest