ഇന്‍ഡിഗോ സര്‍വീസ് മെയ് അഞ്ച് മുതല്‍; ആദ്യം മുംബൈ, ഡല്‍ഹി നഗരങ്ങളിലേക്ക്‌

Posted on: April 4, 2017 7:55 pm | Last updated: April 4, 2017 at 7:34 pm

ദോഹ: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോ അടുത്ത മാസം അഞ്ച് മുതല്‍ ദോഹയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. ആദ്യഘട്ടത്തില്‍ ന്യൂഡല്‍ഹി, മുംബൈ നഗരങ്ങളിലേക്ക് ദിവസവും നേരിട്ട് വിമാന സര്‍വീസ് നടത്തും. കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വൈകാതെ സര്‍വീസ് ആരംഭിക്കാനാകുമെന്ന് കമ്പനി അറിയിച്ചു.

പുലര്‍ച്ചെ 1.30ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.30ന് ദോഹയിലെത്തും. വണ്‍വേ ടിക്കറ്റ് നിരക്ക് 1012 ഖത്വര്‍ റിയാല്‍ മുതലാണ് തുടങ്ങുന്നത്. വിമാനത്താവള ചാര്‍ജ്, നികുതി കൂടാതെയാണിത്. ഉച്ചക്ക് 1.30ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി എട്ടിന് ഡല്‍ഹിയിലെത്തും. മുംബൈയില്‍ നിന്ന് രാവിലെ 11.20ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.30ന് ദോഹയിലെത്തും. 803 ഖത്വര്‍ റിയാലാണ് വണ്‍വേ നിരക്ക്. എയര്‍പോര്‍ട്ട് നിരക്കും നികുതിയും കൂടാതെയാണിത്. ദോഹയില്‍ നിന്ന് പുലര്‍ച്ചെ 4.30ന് പുറപ്പെടുന്ന വിമാനം രാവിലെ 10.20ന് മുംബൈയിലെത്തും. മെയ് അഞ്ച് മുതലുള്ള ടിക്കറ്റുകളുടെ റിസര്‍വേഷന്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്.
ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് കമ്പനിയുടെ പദ്ധതി. ഇതില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ നഗരങ്ങളുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഡല്‍ഹി-ദോഹ സര്‍വീസ് തുടങ്ങുന്നതിന് കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും ആഭ്യന്തര സര്‍വീസില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നിലവില്‍ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും ജെറ്റ് എയര്‍വേയ്‌സുമാണ്. ഖത്വര്‍ എയര്‍വേയസിന് ഇന്ത്യയിലെ 13 നഗരങ്ങളിലേക്ക് നേരിട്ട് സര്‍വീസുകളുണ്ട്. ദോഹ-കേരള സെക്ടറില്‍ വിമാനങ്ങളുടെ മത്സരം ഉയരുന്നതിനും നിരക്കുകള്‍ കുറയുന്നതിനും ഇന്‍ഡിഗോയുടെ വരവ് വഴിവെക്കുമെന്നാണ് കരുതുന്നത്.