പി.ജെ. ജോസഫിന്റെ വക്കീല്‍ നോട്ടീസിനെ ഭയക്കുന്നില്ലെന്നു പി.സി. ജോര്‍ജ്

Posted on: April 4, 2017 7:32 pm | Last updated: April 4, 2017 at 10:39 pm

കോട്ടയം: പി.ജെ. ജോസഫിന്റെ വക്കീല്‍ നോട്ടീസിനെ ഭയക്കുന്നില്ലെന്നു പി.സി. ജോര്‍ജ് എംഎല്‍എ. 2011 നവംബര്‍ 23നാണു മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന പ്രഖ്യാപനം പി.ജെ. ജോസഫ് നടത്തിയത്. ആറു വര്‍ഷം കഴിഞ്ഞിട്ടും ഡാം സുരക്ഷിതമായി നില്‍ക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നു പി.ജെ. ജോസഫ് വ്യക്തമാക്കണം.

അണക്കെട്ട് പൊട്ടുമെന്ന് ഉറപ്പിച്ചു പറയാനുള്ള തെളിവുകള്‍ പി.ജെ. ജോസഫിന്റെ കയ്യിലുണ്ടോയെന്നും പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനു സ്വിസ് കമ്പനിയുമായി ചര്‍ച്ച നടത്തിയോയെന്നും വ്യക്തമാക്കണം. അനുമതികളൊന്നുമില്ലാതെ ആദ്യം തന്നെ ചര്‍ച്ച നടത്താന്‍ പോയതു ദുരൂഹമാണ്. മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രഖ്യാപനം കൊണ്ടു മലയാളികള്‍ക്കുണ്ടായ നഷ്ടത്തിനു പി.ജെ. ജോസഫ് ഉത്തരവാദിത്തം ഏല്‍ക്കണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ച പി.സി. ജോര്‍ജിനെതിരെ പി.ജെ. ജോസഫ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ സിവിലായും ക്രിമിനലായും നിയമ നടപടി കൈക്കൊള്ളുമെന്നു പി.ജെ. ജോസഫ് അയച്ച വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.