മാണിക്ക് മുന്നില്‍ പകുതി വാതില്‍ തുറന്നു: അനൂപ് ജേക്കബ്

Posted on: April 4, 2017 8:00 am | Last updated: April 4, 2017 at 12:48 am

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിലൂടെ കെ എം മാണിയുടെ യു ഡി എഫ് പ്രവേശനത്തിനുള്ള പകുതി വാതില്‍ തുറന്ന് കഴിഞ്ഞതായി കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവ് അനൂപ് ജേക്കബ് എം എല്‍ എ പറഞ്ഞു. യു ഡി എഫിലെ ഒരു ഘടകകക്ഷിക്കും മാണിയുടെ മുന്നണി പ്രവേശനത്തില്‍ എതിര്‍പ്പില്ല. മാണിയുടെ വരവിനെ തങ്ങള്‍ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
യു ഡി എഫിലേക്ക് വരേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് കെ എം മാണിയാണ്. ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇതില്‍ ചര്‍ച്ച നടക്കുമായിരിക്കും. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നല്ല ഭൂരിപക്ഷത്തില്‍ തിളക്കമാര്‍ന്ന വിജയം നേടും. തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കുള്ള മറുപടിയാകും.

ഭൂരിപക്ഷത്തിലെ ഓരോ വര്‍ധനവും ജനങ്ങള്‍ സര്‍ക്കാറിന് നല്‍കുന്ന തിരിച്ചടിയാവും.പൊതുവിതരണ സംവിധാനം ചരിത്രത്തില്‍ ഇതുവരെ ഇത്രമാത്രം സ്തംഭിച്ചിട്ടില്ല. അരിവില നിയന്ത്രണ വിധേയമാക്കാന്‍ പോലുമായിട്ടില്ല. കേന്ദ്രം നല്‍കിയ അരി പോലും ഇതുവരെ വിതരണം ചെയ്യാന്‍ കഴിയാത്തവരാണ് ഭക്ഷ്യഭദ്രതാ നിയമത്തെ പഴിക്കുന്നത്. ബി ജെ പി ഉയര്‍ത്തുന്ന വെല്ലുവിളികളും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.