Sports
ടെന്നീസില്‍ വീണ്ടും ഫെഡറര്‍ യുഗം !

പ്രായം ഇടക്കൊന്ന് തളര്‍ത്തിയെന്നത് നേരാണ്. പക്ഷേ, ഒന്ന് ആരോഗ്യമൊക്കെ നന്നാക്കി യുവത്വം വീണ്ടെടുത്ത് റോജര്‍ ഫെഡറര്‍ തന്റെ കരിയറിലെ രണ്ടാമത്തെ യുഗം ആരംഭിച്ചിരിക്കുന്നു ! തനിക്കെന്നും തോല്‍പ്പിക്കാന്‍ പ്രയാസമായിരുന്ന റാഫേല്‍ ന ദാലിനെ ഈ വര്‍ഷം രണ്ടാം തവണയും ഫൈനലില്‍ തോല്‍പ്പിച്ചാണ് ഫെഡറര്‍ മിയാമി ഓപണില്‍ ജേതാവായത്. കഴിഞ്ഞ വര്‍ഷം അവസാന ആറ് മാസവും പരുക്കുമായി വലഞ്ഞ ഫെഡറര്‍ 2017 ല്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത് പുത്തന്‍ പ്രതീക്ഷകളുമായിട്ടായിരുന്നു. എന്നാല്‍, മുപ്പത്തഞ്ച് വയസ് പിന്നിട്ട ഫെഡറര്‍ എന്ത് അത്ഭുതം കാണിക്കാനാണെന്ന മട്ടിലായിരുന്നു കായിക ലോകം.
ആസ്‌ത്രേലിയന്‍ ഓപണില്‍ ഏകപക്ഷീയമായ ജയങ്ങളില്ലാതെ, ഏറെ വിയര്‍പ്പൊഴുക്കി ഫൈനലിലെത്തിയ ഫെഡറര്‍ അവിടെ നദാലിനെ മുട്ടുകുത്തിച്ചു. പിറകെ ഇന്ത്യന്‍ വെല്‍സിലും ചാമ്പ്യന്‍.
സ്വിസ് ഇതിഹാസത്തിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ന്നു. പുതിയ തലമുറക്ക് മുന്നിലും ഫെഡറര്‍ തന്റെ ക്ലാസ് നിലനിര്‍ത്തുന്ന കാഴ്ച ടെന്നീസ് ലോകത്തെ അതിശയിപ്പിച്ചു. മിയാമിയില്‍ രണ്ട് തവണ ചാമ്പ്യനായ ഫെഡറര്‍ മൂന്നാം കിരീടം ഉയര്‍ത്തിയതോടെ ഒന്നുറപ്പായി : കിംഗ് ഈസ് റിട്ടേണ്‍ !
സീസണില്‍ എല്ലാ കിരീടങ്ങളും വാരിപ്പിടിക്കുകയല്ല ഫെഡ്എക്‌സിന്റെ ലക്ഷ്യം. ആവശ്യത്തിന് വിശ്രമമെടുത്ത് പ്രധാന കിരീടങ്ങള്‍ അതാണ് ഇതിഹാസത്തിന്റെ അജണ്ട. ഫ്രഞ്ച് ഓപണിന് മുന്നോടിയായി ഒരു കളിമണ്‍ കോര്‍ട്ട് ടൂര്‍ണമെന്റിലും ഫെഡറര്‍ പങ്കെടുക്കില്ല. മെയ് 22ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപണില്‍ മാത്രമേ ഫെഡറര്‍ ഇനി റാക്കറ്റേന്തുകയുള്ളൂ. പരുക്ക് ഒഴിവാക്കുക, വിശ്രമത്തിലൂടെ ഊര്‍ജം സംഭരിക്കുക എന്നിവയാണ് ഫെഡററുടെ തന്ത്രം.
സീസണിലെ പ്രധാന ലക്ഷ്യം വിംബിള്‍ഡനാണ്. കരിയറിലെ രണ്ടാം ഘട്ടമാണിത്. വിംബിള്‍ഡണിലെ പുല്‍കോര്‍ട്ടില്‍ ഒരിക്കല്‍ കൂടി ചാമ്പ്യനായി നില്‍ക്കണം. അതാണ് വലിയ സ്വപ്നം- വിംബിള്‍ഡണിന്റെ മാനസപുത്രന്‍ പറയുന്നു. 2012 ലാണ് ഫെഡറര്‍ അവസാനമായി വിംബിള്‍ഡണ്‍ ചാമ്പ്യനായത്.
ഫ്രഞ്ച് ഓപണിലെ കളിമണ്‍ കോര്‍ട്ടില്‍ ഫെഡറര്‍ വലിയ പ്രതീക്ഷ വെക്കുന്നില്ല. ഫിസിയോയും ഫിറ്റ്‌നെസ് ട്രെയ്‌നറും നല്‍കുന്ന നിര്‍ദേശം കളിമണ്‍ കോര്‍ട്ടില്‍ കൂടുതല്‍ അധ്വാനമോ ശ്രദ്ധയോ കൊടുക്കേണ്ടതില്ലെന്നാണ്. ഫെഡറര്‍ക്ക് മുട്ടിനുണ്ടായിട്ടുള്ള പരുക്കിന് പ്രധാന കാരണം മണ്‍പ്രതലത്തിലെ കളി കൊണ്ടാണ്.
റാങ്കിംഗിലും ഫെഡറര്‍ വലിയൊരു തിരിച്ചുവരവ് നടത്തി. രണ്ട് സ്ഥാനം കയറി നാലാം റാങ്കിലാണ് ഫെഡറര്‍. വിംബിള്‍ഡണ്‍ നേടാന്‍ സാധിച്ചാല്‍ ഒന്നാം റാങ്കിലേക്ക് ഫെഡറര്‍ക്ക് തിരിച്ചെത്താനാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതൊക്കെ സംഭവിക്കുകയാണെങ്കില്‍ കായിക ലോകത്തെ മഹത്തായ തിരിച്ചുവരവുകളിലൊന്നായി മാറും ഫെഡററുടേത്.
ആരോഗ്യമുള്ളിടത്തോളം തന്നില്‍ നിന്ന് മികച്ച ടെന്നീസ് പ്രതീക്ഷിക്കാമെന്നാണ് നദാലിനെ നേരിട്ട സെറ്റുകള്‍ക്ക് (6-3,6-4) തോല്‍പ്പിച്ചതിന് ശേഷം ഫെഡറര്‍ പറഞ്ഞത്.
നദാലും മികച്ച ഫോമിലാണെന്നും തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുവെന്നും ഫെഡറര്‍ പറഞ്ഞു. സ്വിസ് താരത്തിന്റെ മികവിനെ നദാല്‍ പ്രശംസിച്ചു.