ഏഴാമത് ആഗോള നിക്ഷേപക സംഗമം ആരംഭിച്ചു

Posted on: April 3, 2017 8:38 pm | Last updated: April 3, 2017 at 8:06 pm
1- ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ വാര്‍ഷിക നിക്ഷേപ യോഗ (എ ഐ എം)ത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്ദര്‍ശിക്കുന്നു. 2-സമ്മേളനത്തില്‍ യു എ ഇ സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍
അല്‍ മന്‍സൂരി പ്രസംഗിക്കുന്നു

ദുബൈ: ആഗോള നിക്ഷേപകര്‍ക്ക് പുതു കവാടങ്ങള്‍ തുറന്നിട്ട് ഏഴാമത് വാര്‍ഷിക നിക്ഷേപക സൗഹൃദ സംഗമം ആരംഭിച്ചു. പൊതുമേഖലാ, സ്വകാര്യ രംഗത്തെ ആഗോള തലത്തിലെ പ്രമുഖര്‍ക്ക് നിരവധി നിക്ഷേപക സംരംഭങ്ങളുടെ കവാടങ്ങളും ഇതോടൊപ്പം തുറക്കുന്നുണ്ട്. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലാണ് സംഗമം. മൂന്ന് നാള്‍ നീണ്ടു നില്‍ക്കുന്ന സംഗമത്തിന് നാളെ തിരശ്ശീല വീഴും.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദീര്‍ഘ വീക്ഷണ ഫലമായാണ് സംഗമം.

വിദേശ നിക്ഷേപങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് സംഗമങ്ങള്‍ വഴിയൊരുക്കിയിട്ടുണ്ട്. യു എ ഇ ഭരണകൂടത്തിന് വേണ്ടി ഇത്തരമൊരു സംഗമമൊരുക്കാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനമുണ്ടെന്ന് യു എ ഇ സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരി പറഞ്ഞു.
മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, വ്യാവസായിക പ്രമുഖര്‍, നിക്ഷേപകബേങ്കിംഗ് രംഗത്തെ പ്രമുഖര്‍, ആഗോള ധനകാര്യ വിനിമയ സ്ഥാപനങ്ങളുടെ മേധാവികള്‍, തുടങ്ങിയവര്‍ സമ്മേളനത്തിലെത്തുന്നുണ്ട്. രാജ്യത്ത് സുസ്ഥിര വികസനത്തിന് വഴിയൊരുക്കുന്ന വിവിധ പദ്ധതികളിലേക്കുള്ള നിക്ഷേപക കരാറുകളും സമ്മേളനത്തിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്. സാമ്പത്തിക, നിക്ഷേപക രംഗത്ത് കൂടുതല്‍ ക്രിയാത്മകമായ കൂട്ടായ്മകളും സമ്മേളനാന്തരം ഉരുത്തിരിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
നിലവിലെ നിക്ഷേപകാന്തരീക്ഷം, രാജ്യത്തെ പ്രധാന നിക്ഷേപക മേഖലകള്‍, സംഗമത്തിലെത്തുന്ന രാജ്യങ്ങള്‍ക്ക് മറ്റിതര വിദേശ രാജ്യങ്ങളിലുള്ള നിക്ഷേപക സാധ്യതകള്‍ എന്നിവ സംഗമത്തിലെ വിവിധ സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിധേയമാക്കും. അന്താരാഷ്ട്ര തലത്തിലെ നൂറോളം പ്രമുഖരാണ് സംഗത്തിലെത്തിയിട്ടുള്ളത്. 500ല്‍ പരം പ്രദര്‍ശകരും സമ്മേളന ഭാഗമായുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം തുടങ്ങിയവര്‍ പങ്കെടുത്തു.

സമ്മേളനത്തോടനുബന്ധിച്ചുള്ള എക്‌സിബിഷനിലും ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തി. ദുബൈ കസ്റ്റംസ്, ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, താമസ-കുടിയേറ്റ വകുപ്പ്, ആര്‍ ടി എ, ദുബൈ പോലീസ് തുടങ്ങിയവരുടെ പവലിയനുകള്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു.