കുവൈത്തില്‍ സ്‌കൂളുകള്‍ ഫീസുകള്‍ വര്‍ധിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ്

Posted on: April 3, 2017 7:08 pm | Last updated: May 5, 2017 at 11:31 am

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കാത്ത സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ വിദ്യാലയ വിഭാഗം
അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഹുവൈലയാണ് ഇക്കാര്യം ഓര്‍മിപ്പിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍, പുസ്തകങ്ങള്‍, യൂനിഫോമുകള്‍ എന്നിവ മന്ത്രാലയത്തിെന്റ സ്‌റ്റോറുകളില്‍നിന്ന് ലഭ്യമാക്കണം. യൂനിഫോമുകളും പുസ്തകങ്ങളും മന്ത്രാലയം നിശ്ചയിച്ച വിലയേക്കാള്‍ കൂട്ടിവില്‍ക്കാന്‍ പാടില്ല. ഏതെങ്കിലും സ്വകാര്യ സ്‌കൂള്‍ ഉടമകള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ഫയലുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുമെന്ന് ഹുവൈല വ്യക്തമാക്കി. മന്ത്രാലയത്തിെന്റ ഉത്തരവ് പ്രകാരം ഒരു അധ്യയന വര്‍ഷത്തില്‍ മൂന്നു ശതമാനത്തില്‍ കൂടുതല്‍ ഫീസ് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കാന്‍ പാടില്ല. 2016– 2017, 2017– 2018 എന്നീ അധ്യയന വര്‍ഷങ്ങള്‍ക്കാണ് ഈ നിബന്ധന. അതുകഴിഞ്ഞാല്‍ വര്‍ധിപ്പിക്കേണ്ട ഫീസ് ശതമാനം സംബന്ധിച്ച് മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിക്കും.
ജഹ്‌റ, ഫര്‍വാനിയ വിദ്യാഭ്യാസ മേഖലയിലെ ചില സ്‌കൂളുകള്‍ അനധികൃതമായി ഫീസ് വര്‍ധിപ്പിച്ചതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കാര്യങ്ങള്‍ സൂക്ഷ്മമായി പഠിച്ചശേഷം ഇക്കാര്യത്തില്‍ നടപടി ൈകക്കൊള്ളുമെന്ന് ഹുവൈല കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മൂന്നു ശതമാനം എന്ന് സര്‍ക്കാര്‍ നിബന്ധനയുള്ളപ്പോള്‍ തന്നെ ചില ഇന്ത്യന്‍ സ്‌കൂളുകള്‍ 20 ശതമാനത്തിന് മുകളില്‍ ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വകാര്യവിദ്യാഭ്യാസ മേഖലയില്‍ കടുത്ത സാമ്പത്തിക ചൂഷണം നടക്കുന്നതായി രക്ഷിതാക്കളില്‍നിന്ന് ഉള്‍പ്പെടെ പരാതി വന്നിട്ടുണ്ട്. കുട്ടികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത് ഇവരാരും സ്‌കൂള്‍ അധികൃതരുടെ അടുക്കല്‍ പരാതി പറയാനോ അധികൃതരുടെ ശ്രദ്ധയില്‍പെടുത്താനോ തയാറാവുന്നില്ല.