വോട്ടിംഗ് യന്ത്രങ്ങളിലെ തിരിമറി തിരഞ്ഞെടുപ്പു കമ്മിഷനു മുന്നില്‍ തെളിയിച്ചു തരാം: കെജ്‌രിവാള്‍

Posted on: April 3, 2017 6:45 pm | Last updated: April 4, 2017 at 12:27 pm

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പിന് യുപിയില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങളിലെ ക്രമക്കേട് ആരോപിച്ച് അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും രംഗത്ത്. 72 മണിക്കൂര്‍ സമയം നല്‍കിയാല്‍ വോട്ടിംഗ് യന്ത്രങ്ങളിലെ തിരിമറി തിരഞ്ഞെടുപ്പു കമ്മീഷനു മുന്നില്‍ തെളിയിച്ചു തരാമെന്നുംകെജ്രാവള്‍ പറഞ്ഞു. ‘നിങ്ങള്‍ എനിക്ക് 72 മണിക്കൂര്‍ സമയം തരൂ, ഇവിടെ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ നടക്കുന്ന തിരിമറി തിരഞ്ഞെടുപ്പ് കമ്മിഷനും ക്യാമറയ്ക്കും മുന്നില്‍ ഞാന്‍ തെളിയിക്കാം’ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളും അതിന്റെ ഭീഷണിയിലാണ്. ഇന്ത്യയില്‍ നിരവധി വോട്ടിംഗ്് യന്ത്രങ്ങളുണ്ട്. പിന്നെന്തിനാണ് ഉത്തര്‍പ്രദേശില്‍ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകള്‍ ഡല്‍ഹിയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പിനായി യുപിയിലെ ഗോവിന്ദ് നഗറില്‍നിന്നുള്ള 300 യന്ത്രങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.

സാങ്കേതികമായി, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 45 ദിവസം കഴിയാതെ വോട്ടിംഗ് യന്ത്രങ്ങള്‍ മറ്റൊരിടത്ത് ഉപയോഗിക്കാനാകില്ല. അങ്ങനെയിരിക്കെ ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ് ഡല്‍ഹിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പേപ്പര്‍ ബാലറ്റ് ഉപയോഗിക്കണമെന്നും കെജ്‌രിവാള്‍ വീണ്ടും ആവശ്യപ്പെട്ടു.

നേരത്തേ, വോട്ട് വേറെയാള്‍ക്കാണു വീഴുന്നതെങ്കില്‍ ലൈറ്റ് തെളിയുന്നതിലൂടെ കണ്ടെത്താനാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിക്കുതന്നെ ലൈറ്റ് തെളിയും എന്നാല്‍ വോട്ട് വീഴുന്നത് മറ്റു സ്ഥാനാര്‍ഥിക്കാണ്. എല്ലാ യന്ത്രങ്ങളിലും കൃത്രിമം നടന്നുവെന്നു കരുതുന്നില്ല. എന്നാല്‍ കൃത്രിമം നടത്തിയ വോട്ടിംഗ് യന്ത്രങ്ങള്‍ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.

യന്ത്രങ്ങളിലെ സോഫ്റ്റ്‌വെയറില്‍ കൃത്രിമം നടത്താനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം. എന്നാല്‍ ഈ യന്ത്രങ്ങള്‍ ഞങ്ങള്‍ക്കു തരിക, ഞങ്ങളതു വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാം. ഇതു രാജ്യത്തിന്റെ മൊത്തം വിശ്വാസത്തിന്റെ കാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യസന്ധതയെയാണ് ഇതു ബാധിക്കുകയെന്നും അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.