വിവാദ ഫോണ്‍വിളി: ചാനല്‍ ഓഫീസില്‍ തെളിവെടുപ്പ് നടത്തി

Posted on: April 2, 2017 8:05 pm | Last updated: April 3, 2017 at 7:57 pm
SHARE

തിരുവനന്തപുരം: മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട് ചാനല്‍ ഓഫീസില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചാനല്‍ മേധാവി ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. അതേസമയം കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ഞായറാഴ്ച ഉച്ചയോടെയാണ് പ്രത്യേക അന്വേഷണസംഘം ചാനല്‍ ഓഫീസില്‍ തെളിവെടുപ്പ് നടത്തിയത്. ചാനലിലെ ജീവനക്കാരില്‍ നിന്ന് സംഘം മൊഴിയെടുത്തു. ചാനല്‍ സംപ്രേഷണം ചെയ്ത എ കെ ശശീന്ദ്രനുള്‍പ്പെട്ട വിവാദ ഫോണ്‍ സംഭാഷണത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതായാണ് വിവരം. ഓഫീസിലെ പ്രവര്‍ത്തന രീതിയുള്‍പ്പെടെ പരിശോധിച്ച് മൂന്നരയോടെ സംഘം മടങ്ങി. വിവാദ ഫോണ്‍സംഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം പരിശോധിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചു. എ കെ ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകയെക്കുറിച്ചും അന്വേഷണം നടന്ന് വരികയാണ്.

ഫോണ്‍വിളി വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ചാനല്‍ മേധാവി ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരം ജില്ല കോടതിയിലോ ഹൈക്കോടതിയിലോ ഉടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന.

ഹൈടെക് സെല്‍ ഡിവൈ എസ് പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഐ ജി ദിനേന്ദ്ര കശ്യപ് മേല്‍നോട്ടം വഹിക്കും. പാലക്കാട് എസ് പി പ്രതിഷ്, കോട്ടയം എസ് പി എന്‍ രാമചന്ദ്രന്‍, െ്രെകംബ്രാഞ്ച് ഡിവൈ എസ് പി ഷാനവാസ്, സബ് ഇന്‍സ്‌പെക്ടര്‍ സുധാകുമാരി എന്നിവരാണ് സംഘത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here