തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted on: April 1, 2017 5:53 pm | Last updated: April 2, 2017 at 8:14 pm

തിരുവനന്തപുരം: എന്‍.സി.പി നേതാവ് തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകീട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് അദ്ദേഹം പ്രതിജ്ഞയെടുത്തത്. ഫോണ്‍സംഭാഷണ വിവാദത്തെ തുടര്‍ന്ന് എന്‍സിപിയുടെ തന്നെ എകെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവിലാണ് തോമസ് ചാണ്ടി മന്ത്രിയായത്. ശശീന്ദ്രന്‍ വഹിച്ചിരുന്ന റോഡ് ഗതാഗതം, മോട്ടോര്‍ വാഹനം, ജല ഗതാഗതം എന്നീ വകുപ്പുകള്‍ തന്നെയാവും ചാണ്ടി കൈകാര്യം ചെയ്യുക.

മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാര്‍, മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍, എന്‍.സി.പി നേതാക്കള്‍, മറ്റ് ഘടകകക്ഷി നേതാക്കള്‍, തോമസ് ചാണ്ടിയുടെ കുടുബാംഗങ്ങള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും യു.ഡി.എഫ്, ബി.ജെ.പി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തില്ല.

2006ല്‍ ഡിഐസി പ്രതിനിധിയായാണ് തോമസ് ചാണ്ടി ആദ്യമായി നിയമസഭയിലെത്തുന്നത്. 2011ല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി വിജയിച്ചു. 2016ല്‍ എന്‍സിപി പ്രതിനിധിയായി കുട്ടനാട്ടില്‍ നിന്ന് വീണ്ടും നിയമസഭയിലെത്തി.