ചൂരി കേസിലും പോലീസ് കളി?

Posted on: March 31, 2017 6:05 am | Last updated: March 30, 2017 at 7:37 pm

സംഘ്പ രിവാര്‍ ആസൂത്രണമാണ് ചൂരി മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദ് ഇമാം റിയാസ് മൗലവി വധമെന്ന് സാഹചര്യത്തെളിവുകളില്‍ നിന്ന് വ്യക്തമാണ്. സൗമ്യനും മാതൃകാപരമായ സ്വഭാവത്തിന്റെ ഉടമയുമായ റിയാസ് മുസ്‌ലിയാര്‍ മതഭേദമന്യെ എല്ലാവരുമായും നല്ല ബന്ധമായിരുന്നു. ഒരു വര്‍ഗീയ ആക്രമണത്തിന് അദ്ദേഹം ഇരയാകേണ്ട സാഹചര്യം നിലവിലില്ലെന്നിരിക്കെ, പള്ളിയില്‍ കയറി അക്രമികള്‍ അതിനിഷ്ഠൂരമായി കൊല ചെയ്തത് ഗൂഢാലോചനയാണെന്നത് ഏത് സാമാന്യ ബുദ്ധിക്കും ഊഹിക്കാവുന്നതേയുള്ളൂ. സംഭവത്തില്‍ പോലീസ് പിടിയിലാവുകയും സാക്ഷികള്‍ തിരിച്ചറിയുകയും ചെയ്ത പ്രതികള്‍ ആര്‍ ആര്‍ എസ് പ്രവര്‍ത്തകരാണെന്ന വസ്തുത കൊലക്ക് പിന്നിലെ ഗുഢാലോചനയിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നുണ്ട്.
ഹിന്ദുത്വ ശക്തികള്‍ക്ക് വേണ്ടത്ര രാഷ്ട്രീയ സ്വാധീനം ലഭിക്കാത്ത സംസ്ഥാനമാണ് കേരളം. ഉത്തരേന്ത്യയിലും ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞെങ്കിലും കേരളം വേറിട്ടുനില്‍ക്കുകയായിരുന്നു. സൗഹൃദ അന്തരീക്ഷം താറുമാറാക്കി സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ നേതാക്കള്‍ വിഷം ചീറ്റുന്ന പ്രസ്താവനകളും പ്രവര്‍ത്തകര്‍ ഒറ്റപ്പെട്ട ചില അക്രമങ്ങളും നടത്തിയെങ്കിലും കേരളീയ ജനത അതവഗണിക്കുകയായിരുന്നു. ഇതേതുടര്‍ന്നു മുസ്‌ലിം നേതൃത്വത്തെയും അണികളെയും കൂടുതല്‍ പ്രകോപിതരാക്കി സംസ്ഥാനത്തെ വര്‍ഗീയ കലാപത്തിലേക്ക് തള്ളിവിടാനായി വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ ഈ തലയിലുദിച്ച ഗൂഢപദ്ധതിയാണ് കൊലപാതമെന്നാണ് കരുതേണ്ടത്. സമുദായം അതീവ പവിത്രതയും ആദരവും കല്‍പ്പിക്കുന്ന പള്ളിയില്‍ കയറി മതപണ്ഡിതനെ കൊല ചെയ്യുമ്പോള്‍ മുസ്‌ലിംകള്‍ പിന്നെ അടങ്ങിയിരിക്കില്ല. ഹിന്ദുത്വ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അവര്‍ സംഘടിത ആക്രമണം അഴിച്ചു വിടും. ഈ അവസരം ഉപയോഗപ്പെടുത്തി തങ്ങളുടെ രാഷ്ട്രീയാടിത്തറ ബലപ്പെടുത്താമെന്നായിരിക്കണം സഘ്പരിവാര്‍ കണക്കു കൂട്ടല്‍. കേരളത്തിലെ സുന്നീ നേതൃത്വത്തിന്റെ വിവേകപൂര്‍ണമായ നീക്കത്തിനു മുന്നില്‍ അത് പരാജയപ്പെടുകയാണുണ്ടായത്.
ഒരു കലാപം സൃഷ്ടിക്കുക എളുപ്പമാണ്. റിയാസ് മൗലവിയെ വധിച്ച ശക്തികളോട് പ്രതികാരം എന്ന ഒറ്റ ആഹ്വാനം മതി കേരളമാകമാനം കലാപഭൂമിയായി മാറാന്‍. അതിന്റെ പ്രത്യാഘാതങ്ങള്‍ പക്ഷേ ഭയാനകമായിരിക്കും. നിരപരാധികളുടെ ജീവനുകളും സ്ഥാപനങ്ങളും സ്വത്തുക്കളുമായിരിക്കും കലാപങ്ങളില്‍ നശിപ്പിക്കപ്പെടുകയും ചുട്ടെരിക്കപ്പെടുകയും ചെയ്യുക. പിന്നീടങ്ങോട്ടുള്ള കേരളീയ ജീവിതം ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതിന് തുല്യം സദാ അസ്വസ്ഥവും ഭീതിതവുമായി മാറുകയും ചെയ്യും. നാട്ടിലെ സമാധാനാന്തരീക്ഷവും സൗഹൃദവും തകരാന്‍ അനുവദിക്കരുതെന്ന് നിര്‍ബന്ധമുള്ള സുന്നി പണ്ഡിത നേതൃത്വം നിയന്ത്രണം കൈവിടാതിരിക്കാനും സംയമനം പാലിക്കാനും സമുദായത്തോട് ആഹ്വാനം ചെയ്ത്; ഒരു കലാപത്തിനുള്ള വഴി കൊട്ടിയടച്ച ശേഷം കുറ്റകൃത്യം ചെയ്തവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും വധിക്കപ്പെട്ട യുവപണ്ഡിതന്റെ നിര്‍ധന കുടുംബത്തെ ആശ്വസിപ്പിക്കാനും സഹായിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു. റിയാസ് മുസ്‌ലിയാരുടെ സ്ഥാനത്ത് മറ്റൊരു മതാചാര്യനോ രാഷ്ട്രീയ നേതാവോ ആയിരുന്നു കൊല ചെയ്യപ്പെട്ടിരുന്നതെങ്കില്‍ പ്രത്യാഘാതമെന്തായിരിക്കുമെന്ന് ഒട്ടേറെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ കണ്ട് പരിചയിക്കുകയും ഹിന്ദുത്വ ശക്തികളുടെ ചെയ്തികള്‍ നന്നായറിയുകയും ചെയ്യുന്ന കേരളീയരെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. അത്തരമൊരു ഭയാനകമായ അന്തരീക്ഷം ഇല്ലാതാക്കുന്നതിന് സുന്നി പണ്ഡിത നേതൃത്വത്തില്‍ നിന്നുണ്ടായ മാതൃകാ പരമായ ഇടപെടല്‍ പൊതുസമൂഹത്തിന്റെ പ്രശംസക്കിടയാവുകയും ചെയ്തിട്ടുണ്ട്.
അതേസമയം, നേതൃത്വത്തിന്റെ ആത്മസംയമനം ഭരണകൂടവും അന്വേഷക സംഘവും ദൗര്‍ബല്യമായി കാണരുത്. പ്രതികളെയും കൊല ആസൂത്രണം ചെയ്തവരെയും രക്ഷപ്പെടുത്താന്‍ ദുര്‍ബലമായ ചില വകുപ്പുകള്‍ പ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രം തയാറാക്കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രതികള്‍ ചൂരി പള്ളിക്ക് സമീപം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും മീപ്പുഗിരിയില്‍ ഷട്ടില്‍ ടൂര്‍ണമെന്റ്കാണാന്‍ പോയപ്പോഴും മുസ്‌ലിംകളില്‍ ചിലര്‍ അവരെ മര്‍ദിക്കുകയും കല്ലെറിയുകയും ചെയ്തിരുന്നുവെന്നും ഇതിന് പകരം മുസ്‌ലികളില്‍ ആരെയെങ്കിലും കൊല്ലുകയെന്ന പ്രതികാര ചിന്തയുടെ അനന്തര ഫലമാണ് സംഭവമെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതികള്‍ മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗൂഢാലോചനയോ മുന്‍കൂട്ടിയുള്ള ആസൂത്രണമോ ഇല്ലെന്ന് വരുത്തിത്തീര്‍ക്കാനും പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്ന ആവശ്യത്തില്‍ നിന്നൊഴിഞ്ഞു മാറാനുമായിരിക്കണം സംഭവത്തെ ലഘൂകരിക്കുന്നത്. കൊടിഞ്ഞി ഫൈസല്‍ വധത്തിലെ ഗൂഢാലോചകരെ രക്ഷപ്പെടുത്താന്‍ പോലീസ് നടത്തിയ കളിക്ക് സമാനമായ കളിയാണിവിടെയും നടക്കുന്നത്. കൊടിഞ്ഞിയില്‍ നാട്ടുകാര്‍ നടത്തിയ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് അന്വേഷണ സംഘത്തെ മാറ്റിയതോടെയാണ് ശരിയായ ദിശയിലേക്ക് അന്വേഷണം നീങ്ങിയത്. റിയാസ് മുസ്‌ലിയാര്‍ വധക്കേസിലും കേസ് ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗരൂകരാകേണ്ടതുണ്ട്.