മാധ്യമലോകത്തെ ഉര്‍വശി, മേനക, രംഭമാര്‍

ഈ പോക്കുപോയാല്‍ നമ്മുടെ ടി വി പെട്ടിയുടെ സ്ഥാനം വീടുകളിലെ സ്വീകരണ മുറികളില്‍ നിന്ന് പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന സ്റ്റോര്‍ മുറികളിലേക്കു മാറുന്ന കാലം ഏറെ വിദൂരമല്ല. മാന്യന്മാരുടെ കിടപ്പറകളിലേക്കും ശൗചാലയങ്ങളിലേക്കും ഒളിക്യാമറകളുമായി പാഞ്ഞു നടക്കുന്ന ചപ്രാസികള്‍, മാധ്യമ പ്രവര്‍ത്തനത്തിന്റെ അന്തസ്സിന് തന്നെയാണ് ഇടിവു വരുത്തുന്നത്. ഇത്തരം പ്രവണതകള്‍ മൊത്തം വാര്‍ത്താ മാധ്യമങ്ങളുടെയും വിശ്വസനീയത തകര്‍ക്കും. പത്രങ്ങളുടെ മരണമണിയാണ് ചാനലുകള്‍ മുഴക്കിയതെങ്കില്‍ ചാനലുകള്‍ ഇത്തരം വാര്‍ത്താ നിര്‍മിതികളിലൂടെ ശവക്കുഴി സ്വയം വെട്ടുകയാണ്.
Posted on: March 31, 2017 6:33 am | Last updated: March 30, 2017 at 7:35 pm

പണ്ട് പുരുരവസ്സ് എന്ന രാജാവിനെ വശീകരിക്കാന്‍(ഇപ്പോള്‍ ചില ചാനലുകള്‍ ചെയ്യുന്നതു പോലെ) ദേവന്‍മാര്‍ ഉര്‍വശി എന്ന അപ്‌സര സുന്ദരിയെ പറഞ്ഞുവിട്ടു. ദൗത്യനിര്‍വഹണമെല്ലാം കഴിഞ്ഞ് ശ്രീമതി ഉര്‍വശി മടങ്ങി പോകുമ്പോള്‍ രാജാവിന് കൊടുത്ത ഒരു ഉപദേശം ദേവീഭാഗവതം പ്രഥമ സ്‌കന്ധത്തില്‍ നല്‍കിയിട്ടുണ്ട്. അതിവിടെ ഉദ്ധരിക്കുന്നതിന്റെ പേരില്‍ കേരളത്തിലെ ഫെമിനിസ്റ്റുകള്‍ ഈ ലേഖകനെതിരെ കേസു കൊടുക്കുകയില്ലെന്ന് വിശ്വസിക്കുന്നു.
‘ക്വാപി സഖ്യം ന ച സ്ത്രീണാം
വൃകാന്താ മിവ പാര്‍ത്ഥിവ
ന വിശ്വാസോപി കര്‍ത്തവ്യ:
സ്ത്രീഷു പൗരേഷു പാര്‍ത്തിവൈ:’
(സ്ത്രീകള്‍ ചൊയ്ക്കളെ പോലെയാണ.് അവരോട് സഖ്യം ചെയ്യരുത്. സ്ത്രീകളിലും തസ്‌കരന്‍മാരിലും രാജാക്കന്‍മാര്‍ വിശ്വസിക്കുകയും ചെയ്യരുത്.) മന്ത്രിമാര്‍ അവരുടെ മൊബൈല്‍ ഫോണില്‍ റിങ്‌ടോണായി ഈ ശ്ലോകം സെറ്റ് ചെയ്യുന്നത് നന്നായിരിക്കും.

പിണറായി വിജയന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കാത്ത മന്ത്രിസഭയില്‍ നിന്നും ഇതിനകം രണ്ടു മന്ത്രിമാര്‍ രാജി വെച്ചു സ്വയം പുറത്തു പോയിരിക്കുന്നു. ഇത് ഈ മന്ത്രിസഭയുടെ മികവോ പോരായ്മയോ? അതാണിപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. രാജി ഒരു കുറ്റ സമ്മതമല്ല. മറിച്ച് ഉത്തരവാദിത്ത ബോധത്തെ കുറിച്ചുള്ള ഉയര്‍ന്ന മാനദണ്ഡങ്ങളുടെ പ്രകടനമാണ്. ട്രെയിന്‍ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി രാജി വെച്ച ചരിത്രം പോലും നമുക്കുണ്ട്. വ്യക്തിഹത്യ ലക്ഷ്യമാക്കിയുള്ള ആരോപണങ്ങള്‍ ഉയരുമ്പോള്‍ ‘സീസറിന്റെ ഭാര്യ സംശയാതീതമായിരിക്കണം’ എന്ന തത്വം മുന്‍നിര്‍ത്തി പൊതുരംഗത്ത് നേതൃത്വപരമായ പങ്ക് വഹിക്കുന്നവര്‍- കസേരകളില്‍ അള്ളിപ്പിടിച്ചിരിക്കാതെ, സ്വയം അഗ്നിശുദ്ധി വരുത്തി ആരോപണവിമുക്തരാകുന്നത് തീര്‍ച്ചയായും നല്ല ഒരു മാതൃക തെന്നയാണ്. എ കെ ശശീന്ദ്രന്‍ ഈ കാര്യത്തില്‍ ഉചിതമായ മാതൃക തെന്നയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ അനന്തരഫലം എന്തു തെന്നയായാലും നമ്മള്‍ കേരളീയര്‍ അറിഞ്ഞോ അറിയാതെയോ പാലിച്ചുപോരുന്ന സദാചാര സങ്കല്‍പങ്ങളുടെ ഉള്ളറകളിലേക്കല്‍പം പ്രകാശം പ്രസരിപ്പിക്കാന്‍ പര്യാപ്തമാകണം ഇപ്പോഴത്തെ ഈ ചര്‍ച്ച. എ കെ ശശീന്ദ്രന്റെ പ്രായം 71 നും 73 നും ഇടക്ക്. അറിഞ്ഞിടത്തോളം ഭാര്യയും മക്കളുമൊക്കെയുള്ള ഒരു നല്ല കുടുംബസ്ഥനാണദ്ദേഹം.

അദ്ദേഹത്തെ ചാട്ടവാറുകൊണ്ടടിക്കണം എന്നൊക്കെ അനില്‍ അക്കര എന്ന ഒരു കോണ്‍ഗ്രസ് എം എല്‍ എ ചാനല്‍ചര്‍ച്ചയില്‍ വന്നിരുന്ന് പറയുന്നത് കേട്ടു. ഈ ചാട്ടവാറടി മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കിയാല്‍ ചാട്ടവാറടി കൊള്ളേണ്ടവര്‍ ആരൊക്കെ ആയിരിക്കും എന്ന കാര്യം ഈ എം എല്‍ എ ഒരു നിമിഷം ആലോചിക്കേണ്ടതായിരുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളുടെ കാര്യം വേണമെങ്കില്‍ നമുക്കൊഴിവാക്കാം. എങ്കിലും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എന്ന ലോക പ്രശസ്തനായ വ്യക്തിയെ അടിക്കാന്‍ അനില്‍അക്കര ചാട്ടവാറുമായി പോകുമോ എന്നാണറിയേണ്ടത്. നെഹ്‌റു മൗണ്ട്ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യ എഡ്വിനാ മൗണ്ട്ബാറ്റനുമായി അടിവസ്ത്രം മാത്രം ധരിച്ച് കടല്‍തീരത്ത് ഓടിക്കളിക്കുന്ന ചിത്രം സഹിതം നെഹ്‌റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച മലയാളിയായ എം ഒ മത്തായി എഴുതിയ ‘മൈഡെയിസ് വിത്ത് നെഹ്‌റു’ എന്ന പുസ്തകം- ഈ ചാട്ടവാറടി വീരന്മാര്‍ വല്ല ലൈബ്രറിയില്‍ നിന്നും ഒന്നെടുത്ത് വായിച്ചു നോക്കുന്നത് നന്നായിരിക്കും. നെഹ്‌റു ലേഡിമൗണ്ട്ബാറ്റനെഴുതിയ പ്രണയലേഖനങ്ങള്‍ വിശ്വസാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച പ്രണയലേഖനങ്ങളാണെന്നാണ് മത്തായി പറയുന്നത്.
പെണ്‍വിഷയങ്ങളുടെ കുരുക്കില്‍പെട്ട് പിടഞ്ഞ ആദ്യത്തെ വ്യക്തിയൊന്നുമല്ല ശശീന്ദ്രന്‍. യു ഡി എഫ് കാലത്തെ ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്,അടൂര്‍ പ്രകാശ്, അബ്ദുല്ലകുട്ടി, അനില്‍കുമാര്‍ എന്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വരെ എത്രയോ പ്രമുഖര്‍ ഈ അടുത്ത കാലത്ത് കുടുങ്ങിയിട്ടുണ്ട്?

മാധ്യമങ്ങളുടെ സ്ട്രിംഗ് ഓപ്പറേഷന്‍ പരിധി വിട്ടു പോകുന്നു എന്ന ആക്ഷേപം ഗൗരവമായി കാണേണ്ടതാണ്. പരാതിക്കാരി ഒളിച്ചിരിക്കുകയാണോ അതോ ഒളിപ്പിച്ചതോ? രണ്ടായാലും ഒന്നു പറയേണ്ടിയിരിക്കുന്നു. ശശീന്ദ്രനെ കല്ലെറിയാന്‍ തക്കം പാര്‍ത്തു കഴിയുന്നവരോട് ഒന്നേ പറയാനുള്ളൂ. ‘നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ ആദ്യം കല്ലെറിയട്ടെ.
മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേക്ക് ഒളിച്ചുനോക്കി അതില്‍ രസം കണ്ടെത്തുന്ന ഹീനമായ മനുഷ്യപ്രകൃതിയെ സെക്ഷ്വല്‍ വൈവയോറിസം എന്നാണ് മനഃശാസ്ത്രഞ്ജര്‍ വിളിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനതയാണ് കേരളീയര്‍ എന്നാരെങ്കിലും ആക്ഷേപിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. ഓരോ ദിവസത്തെയും പത്രം വായിച്ചാല്‍ മൂക്കത്തു വിരല്‍ വെച്ചു സ്വയം ലജ്ജിതനാകാനേ മലയാളിക്കു കഴിയൂ. പുരോഹിതന്‍മാര്‍ കന്യാസ്ത്രീകളെ, അപ്പന്‍ മകളെ, മകന്‍ അമ്മയെ, ആങ്ങള പെങ്ങളെ, തൊണ്ണൂറു വയസ്സായ തള്ള ബലാത്സംഗം ചെയ്യപ്പെടുന്നു, 12 വയസ്സുകാരന്‍ 17 വയസ്സുകാരിയുടെ കുട്ടിയുടെ അച്ഛനാകുന്നു. കേട്ടാലറക്കുന്ന പീഡനവാര്‍ത്തകളാണ് പ്രഭാത പത്രങ്ങള്‍ മലയാളിക്കു മുമ്പില്‍ വിളമ്പുന്നത്. അരിച്ചുപെറുക്കിയും ഗുണിച്ചും ഹരിച്ചുമൊക്കെ നോക്കിയാല്‍ എപ്പോഴും ആണുങ്ങള്‍ തന്നെയായിരിക്കും എല്ലാ പീഡനവാര്‍ത്തകളിലും കുറ്റവാളികളുടെ പട്ടികയില്‍. സ്ത്രീ സുരക്ഷ, അതിനാണ് ഇന്ന് നമ്മള്‍ മറ്റെന്തിലും മുന്‍ഗണന നല്‍കുന്നത്. എന്നിട്ടും എന്തേ സ്ത്രീത്വം ഇങ്ങനെ വേട്ടയാടപ്പെടുന്നു? കാലം മുന്നോട്ടു ചെല്ലുന്തോറും ആണ്‍ പെണ്‍ ബന്ധത്തില്‍ വല്ലാത്ത ഒരു തരം അരാചകത്വം അനുഭവപ്പെടുന്നു. പുതിയ തലമുറയെക്കാള്‍ അധികം എഴുപതുകള്‍ പിന്നിട്ട വാര്‍ധക്യത്തില്‍ എത്തിയവരെയാണ് അനാരോഗ്യകരമായ ഈ അരാചകത്വം ബാധിച്ചിരിക്കുന്നത്. ചലചിത്രങ്ങളും സോഷ്യല്‍ മീഡിയയിലെ കുത്തഴിഞ്ഞ ആവിഷ്‌കാരസ്വാതന്ത്ര്യവും എല്ലാം ചേര്‍ന്ന് ഇപ്പോള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ കുടില്‍ തൊട്ട് കൊട്ടാരം വരെ വ്യാപിച്ചിരിക്കുന്ന ലൈംഗികദാരിദ്ര്യത്തിന്റെ ആവിഷ്‌കാരമായിട്ടേ കാണാനാകൂ.
ലൈംഗിക വിഷയത്തിലെ ഈ കുത്തഴിഞ്ഞ എടുത്തുചാട്ടങ്ങളില്‍ ഒരു തരം ധാര്‍മ്മികാഭ്രംശം ദര്‍ശിക്കുന്നവരാണ് പൊതുസമൂഹം. എങ്കില്‍തന്നെ പൊതുസമൂഹം ഈ വിഷയത്തില്‍ രണ്ടു ചേരിയായി തിരിഞ്ഞിരിക്കുന്നു എന്നാണ് ഈ വിഷയത്തില്‍ ഇപ്പോള്‍ നടന്നു വരുന്നചര്‍ച്ചകളില്‍ നിന്നു തെളിയുന്നത്.

ഒരു കൂട്ടര്‍ അവരുടെ യാഥാസ്ഥിതിക നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ മറുവിഭാഗം ലൈംഗിക വിഷയത്തിലെ നിരുപാധിക സ്വാതന്ത്ര്യത്തിനായി വാദിക്കുന്നു. സാമൂഹിക പുരോഗതിയുടെ അളവുകോലായി പോലും അവരിതിനെ കാണുന്നു. പാശ്ചാത്യസമൂഹങ്ങളില്‍ ഈ വിഷയത്തില്‍ സംഭവിക്കുന്ന മുന്നേറ്റം ഒരു ആദര്‍ശ മാതൃകയായി അവര്‍ പരിഗണിക്കുക പോലും ചെയ്യുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ രണ്ടു വിഭാഗങ്ങളിലും പെടാത്ത മൂന്നാമതൊരു വിഭാഗം ഉയര്‍ന്നു വന്നാലേ ഇന്നത്തെ ഈ വഴി പിഴച്ച പോക്കിനെ പ്രതിരോധിക്കാന്‍ കഴിയൂ. ലൈംഗിക വ്യവഹാരത്തെ, വെറുമൊരു ഭൗതിക മൂല്യമായി തരം താഴ്ത്തുന്ന പ്രവണതയാണ് എതിര്‍ക്കപ്പെടേണ്ടത്. വ്യക്തിയുടെ അന്തസ്സത്തയോടു ബന്ധപ്പെട്ടു കിടക്കുന്ന വികാരം എന്ന നിലയില്‍ മനുഷ്യത്വത്തിന്റെ സമഗ്രവികാസവുമായി ബന്ധപ്പെടുത്തി വേണം ലൈംഗിക ചേഷ്ടകളുടെ ധാര്‍മികതയെ വിലയിരുത്താന്‍. ലൈംഗികതക്കു ഭൗതികം എന്നതു പോലെ ഭൗതികേതരവും(ആത്മീയം) ആയ ഒരു മൂല്യമുണ്ടെന്ന തിരിച്ചറിവ് അരക്കിട്ടുറപ്പിക്കുന്ന തരത്തില്‍ ലൈംഗിക വിദ്യാഭ്യാസത്തെ ഉടച്ചു വാര്‍ക്കണം. ഇപ്പോള്‍ അത് സ്ത്രീ ശരീരത്തിന്റെയും പുരുഷശരീരത്തിന്റെയും ഘടനാപരമായ ഒരു വിവരണം മാത്രമായി തരം താണാണുള്ളത്. പുരുഷനും സ്ത്രീയും രണ്ടു ശരീരങ്ങള്‍ മാത്രമല്ല രണ്ടുമനസ്സുകള്‍ക്കുടമയാണെന്നു വിശദീകരിക്കപ്പെടേണ്ടതുണ്ട്. ശരീരം കൊണ്ട് ശരീരത്തിന്മേല്‍ നടത്തുന്ന ഒരു തരം ആക്രമണ പ്രത്യാക്രമണം ആയി ലൈംഗികബന്ധങ്ങള്‍ തരം താണിരിക്കുന്നു എന്നാണ് നമ്മുടെ സമകാലിക സിനിമയും സാഹിത്യകൃതികളും ഒക്കെ സമര്‍ഥിക്കുന്നത്.
ലൈംഗികത പുരുഷന്റെ മാത്രമല്ല സ്ത്രീയുടെ കൂടി ഒരാവശ്യമാണെന്ന് സ്ത്രീവാദ ചിന്തകര്‍ സ്വന്തം അനുഭവത്തെ മുന്‍ നിര്‍ത്തി കൂടിയാകാം വിശദീകരിക്കുമ്പോള്‍ വിവേകമതികളായ പുരുഷന്‍മാര്‍ അതു ശ്രദ്ധിക്കുക തന്നെ വേണം. ബ്രഹ്മചര്യവും , സന്യാസവും പോലുള്ള മതാത്മക പ്രവണതകള്‍ ഈ കാര്യത്തില്‍ വെച്ചു പുലര്‍ത്തുന്നതും യാതൊരുളുപ്പും കൂടാതെ പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുമായ ചില അറുവഷളന്‍ സിദ്ധാന്തങ്ങള്‍ക്ക് ആത്മീയതയുടെ പരിവേഷത്തോടെ പൊതുസമ്മിതി ലഭിച്ചതായി കാണുന്നു. ഇവരുടെ പറച്ചിലും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവും കാണില്ല. ഇവരില്‍ ഒരു വിഭാഗം പറയുന്നത് ലൈംഗിക വ്യാപാരത്തിലൂടെ ഈശ്വരസായൂജ്യം പോലും നേടിയെടുക്കാന്‍ കഴിയുമെന്നാണ്. ശക്തിപൂജയും താന്ത്രികതയും എല്ലാം ഈ വിശ്വാസത്തിന്റെ പരിണിതഫലങ്ങളാണ്. ഇവര്‍ ലൈംഗികതയുടെ സുഖാനുഭൂതികളെ പരമാവധി ആസ്വദിക്കുകയും അതിനോടു ബന്ധപ്പെട്ടുള്ള ഉത്തരവാദിത്തങ്ങളെയും ബാധ്യതകളെയും തള്ളിക്കളയുകയും ചെയ്യുന്നു. വിവാഹം, കുടുംബം തുടങ്ങിയ എല്ലാ സ്ഥാപനങ്ങളെയും നിഷേധിക്കുന്ന ആത്മീയ ഗുരുക്കന്‍മാരും ആള്‍ദൈവങ്ങളും ഇന്നു ആളുകളെ ധാരാളമായി ആകര്‍ഷിക്കുന്നു.

ഈ പറഞ്ഞതിന്റെ നേര്‍വിപരീതമാണ് ചില മതവിഭാഗങ്ങള്‍ പുലര്‍ത്തി പോരുന്ന ലൈംഗികതയുമായി ബന്ധപ്പെട്ട പാപബോധം. സ്ത്രീ പൂര്‍ണമായും പിശാചിന്റെ കൈവേലയാണ്. പുരുഷനാകട്ടെ അരയ്ക്കു മുകളില്‍ മാത്രം ഈശ്വര സൃഷ്ടിയും, അതിനു താഴോട്ടു പിശാചിന്റെ കൈവേലയും ആണ്. മൈഥുനം, മദ്യം, മാംസം ഇവ മൂന്നും വര്‍ജ്ജിച്ചേ തീരു. സംഭോഗത്തിലേര്‍പ്പെടുന്നവര്‍ക്ക് ആത്മരക്ഷയില്ല. സന്താനോത്പാദനം ലക്ഷ്യമാക്കാതെയുള്ള എല്ലാ ലൈംഗിക ബന്ധങ്ങളും പാപമാണെന്നാണ് ഇപ്പോഴും കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠിപ്പിക്കല്‍. ആരോഗ്യകരമായ ലൈംഗിക ബന്ധങ്ങള്‍ക്കു പകരമായി പ്രാര്‍ഥനയും ധ്യാനവും മതി എന്ന് പ്രചരിപ്പിക്കുന്ന ധ്യാനഗുരുക്കന്‍മാര്‍ നിരവധിയാണ്. ചെറിയ കുട്ടികളുടെ മനസ്സിലാണിവര്‍ പാപബോധത്തിന്റെ ഈ വിഷവിത്തുകള്‍ വിതയ്ക്കുന്നത്. ആണ്‍ കുട്ടികള്‍ ഒരു ഘട്ടം കഴിയുമ്പോള്‍ ഇത്തരം പാഠങ്ങളുടെ പിടിയില്‍ നിന്നു രക്ഷപ്പെടാറുണ്ടെങ്കില്‍ സ്ത്രീകള്‍ പൊതുവെ അവരുടെ ചെറുപ്രായത്തിലെ മനസ്സില്‍ തറഞ്ഞുപോയ കുറ്റികളില്‍ സ്വയം കെട്ടിയിടപ്പെട്ട അവസ്ഥയില്‍ ജീവിതം മുന്നോട്ടു നീക്കുന്നു. ഇതിന്റെ അനന്തരഫലം സ്വാഭാവികമായി പുരുഷന്‍മാരെയും ബാധിക്കുന്നു. കേരള സമൂഹത്തിലെ ഭൂരിഭാഗം സ്ത്രീകളും ലൈംഗിക മരവിപ്പ് ബാധിച്ചവരാണെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. അങ്ങനെ വരുമ്പോള്‍ ചില കേസുകളിലെങ്കിലും ലൈംഗികമായ കുറ്റകൃത്യങ്ങളില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന് വരുന്നു. ഇപ്പോഴത്തെ ഈ അരാചകാവസ്ഥക്ക് ഇങ്ങനെയും ചില കാരണങ്ങള്‍ ഉണ്ടെന്ന് സൂചിപ്പിക്കുക മാത്രം ചെയ്യുന്നു.
ഒരു പുതിയ ചാനലിന്റെ ലോഞ്ചിംഗിനായി ആരുടെയോ അടുക്കളയില്‍ കൃത്യമായി പാകപ്പെടുത്തി വിളമ്പിയ ഒരു വിഭവമാണ് എ കെ ശശീന്ദ്രന്റെ രാജിവിവാദം. ഇതും പുറത്തു കൊണ്ടു വരേണ്ട ബാധ്യത അന്വേഷണത്തിനുണ്ട്. പത്രങ്ങളുടെ എണ്ണം വല്ലാതെ വര്‍ധിക്കുകയാണ്. മതങ്ങള്‍ക്കു മാത്രമല്ല, ഓരോ സമുദായത്തിനും ഓരോ പത്രം, ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും ഓരോ പത്രം. ഓരോ പത്രത്തിനും ജില്ല തോറും പ്രത്യേകം പ്രത്യേകം എഡിഷനുകള്‍. വായനക്കാരുടെ എണ്ണം മാത്രം കുറയുന്നു. ഉള്ള വായനക്കാരെ പങ്കുവെച്ച് വീതിച്ചെടുക്കാനുള്ള മത്സരത്തിലാണ് ഓരോ പത്രവും. പത്രപ്രവര്‍ത്തന പരിശീലനവും ഒരു സ്വാശ്രയ പ്രൊഫഷനല്‍ കോഴ്‌സാണ്. പണ്ട് പ്രമുഖ പത്രങ്ങള്‍ പ്രഗത്ഭരായ വിദ്യാര്‍ഥി പ്രതിഭകളെ കണ്ടെത്തി പണം അങ്ങോട്ടു കൊടുത്തു പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കി നല്ല ശമ്പളം നല്‍കി അവരെ തങ്ങളുടെ സ്ഥാപനത്തില്‍ തന്നെ നിയമിച്ചിരുന്നു. ഇപ്പോള്‍ ഓരോ പത്രവും വിദ്യാര്‍ഥികളില്‍ നിന്നും കൂറ്റന്‍ ഫീസ് വാങ്ങി പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റു മാത്രം നല്‍കി പറഞ്ഞുവിടുന്നു. അവരില്‍ ഭാഗ്യം ഉള്ളവര്‍ വല്ല എല്‍ ഡി ക്ലര്‍ക്ക് പരീക്ഷയും പാസ്സായി സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വന്തം ലാവണം ഉറപ്പിച്ചു എന്നു വരാം. അതിനു പറ്റാതെ പോകുന്നവരെ മെരുക്കിയെടുത്തു പ്രയോജനപ്പെടുത്താനും അങ്ങോട്ടും ഇങ്ങോട്ടും ഇട്ടുതട്ടുവാനും പത്രസ്ഥാപനങ്ങള്‍ക്കു കഴിയുന്നുണ്ട്. ഇനിയുള്ള കാലം പത്രം കൊണ്ടു മാത്രം പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട പത്ര മുതലാളിമാര്‍ പത്രത്തോടൊപ്പം ചാനലുകളും പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. വായനാ വിഭവങ്ങളില്‍ മനസ്സു മടുത്ത തങ്ങളുടെ അനുവാചകര്‍ക്ക് ഇരുന്നും കിടന്നും കണ്ടു രസിക്കാനുള്ള ദൃശ്യവിഭവങ്ങള്‍ സദാസജ്ജമാണ്. ഉപഗ്രഹവിപ്ലവത്തിന്റെ ഈ കാലത്ത് ഒരു ചാനല്‍ തുടങ്ങുക അത്ര ബദ്ധപ്പാടുള്ള കാര്യമൊന്നുമല്ല. സ്വകാര്യ കോര്‍പറേറ്റുകളുടെയും കുത്തക കമ്പനികളുടെയും കമ്പോളമായി മാറിയ കേരളത്തില്‍ പരസ്യത്തിന്റെ മാസ്മരികതയുണ്ടെങ്കില്‍ എന്തും വിറ്റഴിക്കാം എന്നുള്ള മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകളുടെ ഗവേഷണ ഫലം നന്നായി പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. പരസ്യങ്ങള്‍ നല്‍കിയും മൂലധന നിക്ഷേപം നടത്തിയും ചാനലുകളുടെ നടത്തിപ്പില്‍ പങ്കാളികളാകാന്‍ കുത്തക കമ്പനികള്‍ ക്യൂ നില്‍ക്കുന്നു. ഈ അവസരം മുതലെടുക്കാന്‍ പുതിയ ചാനലുകള്‍ രംഗപ്രവേശം ചെയ്യുന്ന കാര്യം ശരാശരി മലയാളി അറിയുന്നത് തന്നെ ഇങ്ങനെ അല്‍പം എരിവും പുളിയും ഒക്കെ കലര്‍ത്തിയുള്ള വാര്‍ത്തകള്‍ പുറത്തു വരുമ്പോഴാണ്. ശേഷം അടുത്ത ലക്കത്തില്‍ എന്ന ഉദ്വേഗജനകമായ മുന്നറിയിപ്പോടെ അവസാനിക്കുന്ന പഴയ കോട്ടയം വാരികകളിലെ കുറ്റാന്വേഷണ കഥകളുടെ ഓരോ അധ്യായവും അവസാനിപ്പിച്ചിരുന്നതു പോലെ അവസാനിപ്പിക്കാന്‍ പാകത്തിലാണ് ദൃശ്യമാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ വാര്‍ത്തകള്‍. പരസ്യങ്ങള്‍ക്കായി മാറ്റി വെച്ച ദീര്‍ഘമായ ഇടവേളകള്‍ക്കു ശേഷമുള്ള വെറും കതിനാവെടികളാണ് ടി വി പരിപാടികള്‍. ഈ മണ്ടന്‍പെട്ടിക്കു മുന്നില്‍ ചെലവഴിക്കുന്ന അര മണിക്കൂറിനിടയില്‍ റിമോട്ടുബട്ടന്റെ സഹായത്തോടെ ഒറ്റയിരുപ്പില്‍ 50 ചാനലുകളിലെങ്കിലും കയറി ഇറങ്ങാനുള്ള അവസരമാണ് സാമാന്യബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത പ്രേക്ഷകനു ലഭിക്കുന്നത്. ഇതറിയാവുന്ന പുതിയ ചാനലുകള്‍ പ്രേക്ഷകനെ തങ്ങളുടെ ചാനലില്‍ തന്നെ ബന്ധിച്ചിടാനുള്ള സൂത്രപ്പണികള്‍ അന്വേഷിക്കുകയാണ്. ഈ പോക്കുപോയാല്‍ നമ്മുടെ ടി വി പെട്ടിയുടെ സ്ഥാനം വീടുകളിലെ സ്വീകരണ മുറികളില്‍ നിന്നും പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന സ്റ്റോര്‍ മുറികളിലേക്കു മാറുന്ന കാലം ഏറെ വിദൂരമല്ല. മാന്യന്മാരുടെ കിടപ്പറകളിലേക്കും ശൗചാലയങ്ങളിലേക്കും ഒളിക്യാമറകളുമായി പാഞ്ഞു നടക്കുന്ന ചപ്രാസികള്‍, മാധ്യമ പ്രവര്‍ത്തനത്തിന്റെ അന്തസ്സിന് തന്നെയാണ് ഇടിവു വരുത്തുന്നത്. ഇത്തരം പ്രവണതകള്‍ മൊത്തം വാര്‍ത്താ മാധ്യമങ്ങളുടെയും വിശ്വസനീയത തകര്‍ക്കും.

പത്രങ്ങളുടെ മരണമണിയാണ് ചാനലുകള്‍ മുഴക്കിയതെങ്കില്‍ ചാനലുകള്‍ ഇത്തരം വാര്‍ത്താ നിര്‍മിതികളിലൂടെ ശവക്കുഴി സ്വയം വെട്ടുകയാണ്. കുറച്ചുപേരെ ഏക്കാലത്തേക്കും വിഡ്ഢികളാക്കാന്‍ ചിലര്‍ക്കു കഴിഞ്ഞേക്കും. എല്ലാവരേയും എല്ലാ കാലത്തേക്കും വിഡ്ഢികളാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് ചരിത്രത്തിന്റെ ചുവരെഴുത്ത്.

കെ സി വര്‍ഗീസ് :9446268581