90 കാരിക്ക് ക്രൂരപീഡനം. രണ്ട് പേര്‍ കസ്റ്റഡിയില്‍

Posted on: March 31, 2017 6:30 am | Last updated: March 30, 2017 at 7:31 pm

മാന്നാര്‍: മാവേലിക്കരയില്‍ 90 കാരിക്ക് നേരെ ക്രൂരപീഡനം. രണ്ട് പേരെ കസ്റ്റഡിയില്‍. കണ്ടിയൂരില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു സംഭവം. പീഡനത്തിനിരയായ വൃദ്ധയും മകളും മാത്രമാണ് ഇവരുടെ വീട്ടില്‍ താമസിക്കുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവം കാണാനായി മകള്‍ പോയതിനാല്‍ വൃദ്ധ തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാവിലെ 6.30 ഓടെ മകള്‍ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ ഇവര്‍ ക്രൂരപീഡനത്തിന് ഇരയായതായി തെളിഞ്ഞു. മുഖത്തും മാറിടത്തിലും ജനനേന്ദ്രിയ ഭാഗത്തും മുറിവേറ്റിട്ടുണ്ട്. ഇവരെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയയാക്കിയിട്ടുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. വീട്ടില്‍ നടത്തിയ പരിശോധനയില്‍ അക്രമിയുടേതെന്ന് കരുതുന്ന ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഇത് നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍ ഉടമയെയും മറ്റൊരു യുവാവിനേയും കസ്റ്റഡിയിലെടുത്തത്. കുരുവിക്കാട് സ്വദേശികളായ യുവാക്കളാണ് കസ്റ്റഡിയിലുള്ളത്. വീടിന്റെ ഓടിളക്കിയാണ് ഇവര്‍ അകത്തു കയറിയത്. സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുമെന്ന് ഇവരെ പരിശോധിച്ച ഡോ.അനില അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തു വരികയാണെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കൂ എന്നും സി ഐ. പി ശ്രീകുമാര്‍, എസ് ഐ. എസ് ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.