ട്രംപിന്റെ ഉപദേശകയായി മകള്‍ക്ക് നിയമനം

Posted on: March 31, 2017 7:16 am | Last updated: March 30, 2017 at 7:17 pm

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകയായി മകള്‍ ഇവന്‍ക ട്രംപ്. വൈറ്റ് ഹൗസിലേക്ക് ഇവന്‍കയുടെ ഭര്‍ത്താവിനെ നിയമിച്ചതിന് പിന്നാലെയാണ് പുതിയ ബന്ധുനിയമനം. സ്വന്തക്കാരെയും സുഹൃത്തുക്കളെയും ഉന്നത തസ്തികകളില്‍ നിയമിക്കുന്ന ട്രംപിന്റെ നടപടിയില്‍ പ്രതിഷേധം നിലനില്‍ക്കെയാണ് മൂത്ത മകളെ ഉപദേശകയായി നിയമിക്കുന്നത്. ഇവന്‍കയുടെ നിയമന ഉത്തരവുമായി ബന്ധപ്പെട്ട വാര്‍ത്ത വൈറ്റ് ഹൗസ് തന്നെയാണ് പുറത്തുവിട്ടത്. അതേസമയം, മകളുടെയും മരുമകന്റെയും സേവനം തൊഴിലധിഷ്ഠിതമല്ലെന്നും ഇരുവരും ശമ്പളം കൈപ്പറ്റില്ലെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് വ്യവസായിയും ട്രംപിന്റെ മരുമകനുമായ ജറേദ് കുഷ്‌നറിനെ നേരത്തെ മുതിര്‍ന്ന ഉപദേശകനായി ട്രംപ് നിയമിച്ചിരുന്നു.

ട്രംപ് അധികാരത്തിലേറിയ ശേഷം വൈറ്റ് ഹൗസിലെ സ്ഥിരം സാന്നിധ്യമായ ഇവന്‍കക്ക് ഇവിടെ സ്വന്തമായി ഓഫീസുണ്ട്. നേരത്തെ തന്നെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥയെ പോലെ പെരുമാറിയ ഇവന്‍കക്ക് ഉപദേശകയായി നിയമനം നല്‍കിയതില്‍ കടുത്ത അമര്‍ഷം വൈറ്റ് ഹൗസില്‍ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കച്ചവട താത്പര്യമാണ് മകള്‍ ഇവന്‍കയുടെയും മരുമകന്‍ കുഷ്‌നറിന്റെയും വൈറ്റ് ഹൗസ് നിയമനത്തിന് പിന്നിലെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. തന്റെ ബിസിനസ് സാമ്രാജ്യം നോക്കിനടത്തുന്ന ഇവന്‍കയുടെയും മരുമകന്റെയും നിയമനം കൊണ്ട് ഗൂഢലക്ഷ്യങ്ങള്‍ ട്രംപിനുണ്ടെന്നാണ് ആരോപണം. ജനാധിപത്യ സംവിധാനങ്ങളുമായോ പൊതു പ്രവര്‍ത്തനങ്ങളുമായോ യാതൊരുബന്ധവുമില്ലാത്തവരാണ് ഇവന്‍കയും ഭര്‍ത്താവും.