ഛേത്രി റൂണിക്കൊപ്പം, മെസിയുടെ റെക്കോര്‍ഡിന് ഭീഷണി

Posted on: March 30, 2017 8:57 pm | Last updated: March 30, 2017 at 7:58 pm

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ചരിത്രപ്രധാന വിജയം കൈവരിച്ച ദിവസം സുനില്‍ ഛേത്രി ലോകഫുട്‌ബോളില്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നു. എ എഫ് സി കപ്പ് ക്വാളിഫൈയറില്‍ മ്യാന്‍മറിനെതിരെ ഛേത്രി അവസാന മിനുട്ടില്‍ നേടിയ ഗോള്‍ രാജ്യാന്തര കരിയറില്‍ അമ്പത്തിമൂന്നാമത്തേതായിരുന്നു.

ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ ഛേത്രി ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ ഇതിഹാസം വെയിന്‍ റൂണിയുടെ ഗോളടി റെക്കോര്‍ഡിനൊപ്പമാണ്. സജീവമായി രാജ്യാന്തര ഫുട്‌ബോളില്‍ തുടരുന്നവരില്‍ ഛേത്രിക്ക് മുന്നിലുള്ളത് ക്ലിന്റ് ഡെംസിയും ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രം.യു എസ് എ ക്ക് വേണ്ടി 56 ഗോളുകള്‍ നേടിയ ക്ലിന്റ് ഡെംസിയെ മറികടക്കാന്‍ ഛേത്രിക്ക് അധിക മത്സരം വേണ്ടി വരില്ല. അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസിയുടെ എക്കൗണ്ടില്‍ 58 ഗോളുകളാണുള്ളത്. അഞ്ച് ഗോളുകളുടെ അകലം മാത്രമാണ് ഛേത്രിക്ക് ഇതിഹാസ താരത്തിലേക്കുള്ളത്.
എന്നാല്‍, പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഏറെ മുന്നിലാണ്. 71 ഗോളുകളാണ് റൊണാള്‍ഡോ ഇതിനകം നേടിയിട്ടുള്ളത്. ലോകഫുട്‌ബോളിലെ സൂപ്പര്‍ താര നിരക്കൊപ്പമാണ് സുനില്‍ ഛേത്രിയും ഇടം പിടിച്ചിരിക്കുന്നത് എന്നതില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് അഭിമാനിക്കാം.
ഏഷ്യന്‍ കപ്പ് ക്വാളിഫൈയറില്‍ ജൂണ്‍ പതിമൂന്നിന് കിര്‍ഗിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സെപ്തംബര്‍ അഞ്ചിന് മക്കാവുവിനെ നേരിടും.