മുത്തലാഖ് കേസ് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു

Posted on: March 30, 2017 3:22 pm | Last updated: March 31, 2017 at 12:22 pm

ന്യൂഡല്‍ഹി: മുത്തലാഖുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. മുത്തലാഖിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കുന്നതിനായാണ് കേസ് ഭരണഘടനാ ബഞ്ചിന് വിട്ടത്. മെയ് 11 മുതല്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് കേസില്‍ വാദം കേട്ട് തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖഹാര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. മുത്തലാഖിനെതിരായ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീം കോടതി നടപടി.

മുത്തലാഖ് കേസില്‍ വേനല്‍ അവധി ഉപേക്ഷിച്ച് വാദം കേള്‍ക്കാന്‍ കോടതി തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ആവശ്യമെങ്കില്‍ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും വരെ കേസ് കേള്‍ക്കാന്‍ തയ്യാറാണ്. ഇതിനോട് സഹകരിക്കാന്‍ കഴിയുമോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അതേസമയം, വേനലവധിക്കാലത്ത് മറ്റ് രണ്ട് കേസുകളുടെ വാദം കേള്‍ക്കുന്നതിനാല്‍ മുത്തലാഖ കേസ് കൂടി പരിഗണിക്കുന്നതിനലുള്ള ബുദ്ധിമുട്ട് അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹ്ത്തഗി കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ കേസില്‍ വേഗം പരിഹാരം കണ്ടില്ലെങ്കില്‍ അത് വര്‍ഷങ്ങള്‍ നീളുമെന്നും പിന്നെ ഇതിന്റെ പേരില്‍ ജുഡീഷ്യറിയെ പഴി പറയരുതെന്നുമായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ മറുപടി.