ടിറ്റെയുടെ ടീമാണിത് നെയ്മറിന്റെതല്ല !

Posted on: March 30, 2017 9:13 am | Last updated: March 30, 2017 at 12:27 am

ബ്രസീല്‍ ഒരു ടീം ആയി കളിച്ച് മുന്നേറുന്നു. താളപ്പിഴകളില്ലാത്ത ഗെയിം പ്ലാനുമായി ആധികാരിക ജയം കരസ്ഥമാക്കുന്നു. കോപ അമേരിക്കയില്‍ നിന്ന് തല കുനിച്ച് മടങ്ങിയ കാനറിപ്പടയല്ല ഇത്. ദുംഗയില്‍ നിന്ന് പരിശീലക സ്ഥാനം ടിറ്റെയിലെത്തിയപ്പോള്‍ എന്ത് മാജിക്കാണ് ഈ ടീമിനുള്ളില്‍ സംഭവിച്ചത് ?

ബ്രസീലിനെ അതിന്റെ പാരമ്പര്യത്തിലേക്ക് തിരികെ കൊണ്ടു വന്നു ടിറ്റെ എന്ന് നിരീക്ഷിക്കാം. വ്യക്തിപ്രഭാവം പ്രദര്‍ശിപ്പിക്കുന്നവര്‍ എന്നും ബ്രസീല്‍ നിരയില്‍ ഉണ്ടായിരുന്നുവെങ്കിലും ആ താരങ്ങളെ നിഷ്പ്രഭമാക്കിക്കളയുന്ന സഹതാരങ്ങളും മഞ്ഞപ്പടയിലുണ്ടായിരുന്നു. പെലെയുടെ കാലത്ത് സല്‍ഗാഡോ എന്ന താരം പോലും മത്സരഗതി മാറ്റിമറിച്ചിരുന്നു. റൊമാരിയോക്കൊപ്പം ദുംഗയും ബെബെറ്റോയുമൊക്കെ ഉണ്ടായിരുന്നു. റൊണാള്‍ഡോക്കൊപ്പം റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും കഫുവും എന്തിന് സാക്ഷാല്‍ റോബര്‍ട്ടോ കാര്‍ലോസ് വരെ ഉണ്ടായിരുന്നില്ലേ. ഇടക്കാലത്ത് ബ്രസീല്‍ വ്യക്തികേന്ദ്രീകൃതമായി. ടിറ്റെയുടെ വരവോടെ, നെയ്മര്‍ എന്ന സൂപ്പര്‍ താരത്തിന് പോലും വലിയ പ്രാധാന്യം കല്പിക്കാത്ത കേളീശൈലിയുമായി ബ്രസീല്‍ കളം നിറയുന്നു. നെയ്മറില്ലെങ്കിലും ടിറ്റെയുടെ ടീം ജയിക്കും. റോബര്‍ട്ടോ ഫിര്‍മിനോ, വില്യന്‍, ഫിലിപ് കോട്ടീഞ്ഞോ, മാര്‍സലോ, തിയഗോ സില്‍വ, ഗബ്രിയേല്‍ ജീസസ്, ഡഗ്ലസ് കോസ്റ്റ എന്നിങ്ങനെ ടീം ഗെയിം കളിക്കുന്ന താരനിര ബ്രസീലിന് സ്വായത്തമാക്കിയിരിക്കുന്നു.
ടിറ്റെയുടെ ഭാഷയില്‍ പറഞ്ഞാല്‍ നെയ്മര്‍ എതിരാളികളെ ആകര്‍ഷിക്കും. മറ്റ് താരങ്ങള്‍ ആ പഴുത് മുതലെടുത്ത് കളിക്കും. ഇതാണ് ബ്രസീലിന്റെ വിജയതന്ത്രം. സഹതാരങ്ങളെ തനിക്കൊപ്പം നിര്‍ത്തുന്ന നെയ്മറിന്റെ മാനസികാവസ്ഥ ടീമിനെ സന്തുലിതമാക്കുന്നു. ഗോളടിക്കുന്നതിനേക്കാള്‍
ഗോളടിപ്പിക്കുവാന്‍ പ്രയത്‌നിക്കുന്ന നെയ്മര്‍ അപകടകാരിയാകുന്നു. പൗളിഞ്ഞോ കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക്ക് നേടിയപ്പോള്‍ നെയ്മര്‍ നല്‍കിയ പാസ് ഉദാഹരണം.

ബാഴ്‌സലോണയില്‍ മെസിക്കും സുവാരസിനും ഗോളടിക്കാനുള്ള വഴിയൊരുക്കിയാണ് നെയ്മര്‍ സീസണില്‍ കൈയ്യടി നേടുന്നത്. വലിയ രീതിയിലുള്ള മാര്‍ക്കിംഗിന് വിധേയനാകാതെ നെയ്മര്‍ മറ്റ് മുന്നേറ്റതാരങ്ങള്‍ക്ക് ആവശ്യത്തിലധികം സ്‌പേസ് സൃഷ്ടിക്കുന്നു. ഇതിന്റ ഫലം അത്ഭുതപ്പെടുത്തുന്നതാണ്. ടോട്ടനം ഹോസ്പറില്‍ വലിയ പരാജയമായതിനെ തുടര്‍ന്ന് ചൈനീസ് സൂപ്പര്‍ ലീഗിലേക്ക് ചേക്കേറിയ പൗളിഞ്ഞോ ബ്രസീലിന് വേണ്ടി ഹാട്രിക്ക് നേടുന്നത് നെയ്മര്‍ അദൃശ്യമായൊരുക്കുന്ന സ്‌പേസില്‍ നിന്നാണ്. ഇത് തന്നെയാണ് ടിറ്റെ പറയുന്നതും.