വിവാദ ഫോണ്‍സംഭാഷണം: സമഗ്ര പോലീസ് അന്വേഷണം ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍

Posted on: March 30, 2017 9:11 am | Last updated: March 30, 2017 at 12:12 am

തിരുവനന്തപുരം: എ കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച സംഭവങ്ങളിലെ സത്യം പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ പോലീസ് അന്വേഷണം വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണം സ്വാഗതാര്‍ഹമാണ്. മാധ്യമപ്രവര്‍ത്തനത്തിലെ അഭിലഷണീയമല്ലാത്ത രീതികള്‍ എല്ലാ കാലത്തും സമൂഹം തിരസ്‌കരിച്ചിട്ടുള്ളതാണെന്നും ഇത് മാധ്യമപ്രവര്‍ത്തകരും ഒപ്പം മാധ്യമസ്ഥാപനങ്ങളും മനസ്സിലാക്കേണ്ടതുണ്ടെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ജോലിയുടെ അടിസ്ഥാനപ്രമാണങ്ങളോട് നീതിപുലര്‍ത്താന്‍ പത്രപ്രവര്‍ത്തകര്‍ക്കും മാധ്യമമേധാവികള്‍ക്കും ഒരു പോലെ ബാധ്യതയുണ്ട്. എന്നാല്‍ മന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരെ ആകെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ശരിയായ സമീപനമല്ല. ബഹു ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും കൃത്യമായ അതിര്‍വരമ്പുകളോടെ തൊഴില്‍ ചെയ്യുന്നവരാണ്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ സംശയിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നതായ പരാതികള്‍ ഒറ്റപ്പെട്ട രീതിയിലാണെങ്കിലും ഉയരുന്നത് നിര്‍ഭാഗ്യകരമാണെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുള്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.