യു പിയിലെ ജനങ്ങള്‍ തെറ്റായ പ്രലോഭനങ്ങളില്‍ വീണു: മുലായം

Posted on: March 30, 2017 9:40 am | Last updated: March 29, 2017 at 11:42 pm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ തെറ്റായ പ്രലോഭനങ്ങള്‍ വീണുപോയെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. എസ് പി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനവും പാലിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് വേണ്ടി തങ്ങള്‍ പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ പുരോഗതിയുണ്ടാക്കി. ആരോഗ്യരംഗത്ത് നേട്ടങ്ങളുണ്ടാക്കി. ആശുപത്രികളില്‍ സൗജന്യ ചികിത്സയേര്‍പ്പെടുത്തി. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്തിട്ടും തങ്ങള്‍ പരാജയപ്പെടുകയായിരുന്നുവെന്ന് ജി എസ് ടി ബില്ലിന്മേല്‍ ലോക്‌സഭയില്‍ നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി. പ്രധാനമന്ത്രിക്ക് വേണ്ടി ജനങ്ങള്‍ ജയ് വിളിച്ചു.

നിങ്ങള്‍ കുറേ വാഗ്ദാനങ്ങള്‍ നല്‍കി. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അവ തിരിച്ചറിയപ്പെടു’മെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണം. നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ നിങ്ങളെ എന്ത് ചെയ്യുമെന്ന് കണ്ടറിയാമെന്നും മുലായം സിംഗ് യാദവ് പറഞ്ഞു. 2014 ലെ ദേശീയ തിരഞ്ഞെടുപ്പില്‍ ബി ജെ പി നല്‍കിയ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. രാജ്യത്ത് ആരും പട്ടിണി കിടക്കാതിരിക്കുന്നത് ഉറപ്പ് വരുത്തുന്നതിനുള്ള നിയമം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.