സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കണം

Posted on: March 30, 2017 6:05 am | Last updated: March 29, 2017 at 11:23 pm
SHARE

മൂന്നാറിലെ കൈയേറ്റവും അനധികൃത റസോര്‍ട്ട് നിര്‍മാണവും സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം മല എലിയെ പ്രസവിച്ചത് പോലെയായി. വിനോദ സഞ്ചാരികളുടെ ആവശ്യം പരിഗണിച്ചു മാത്രം റിസോര്‍ട്ട് തീരുമാനം അനുവദിച്ചാല്‍ മതിയെന്നതില്‍ ഒതുങ്ങി യോഗ തീരുമാനം. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച, മൂന്നാറിലെ അതീവ ദുര്‍ബലമേഖലകളിലെയും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെയും വന്‍തോതിലുള്ള കൈയേറ്റങ്ങള്‍ക്കും അനധികൃത റിസോര്‍ട്ട് നിര്‍മാണങ്ങള്‍ക്കുമെതിരെ ശക്തമായ തീരുമാനങ്ങളൊന്നും യോഗത്തിലുണ്ടായില്ല.
അതീവ ഗുരുതരമാണ് മൂന്നാറിലെ ലാന്റ് റവന്യൂ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. റവന്യൂ വകുപ്പിന്റെ അനുമതിയോടെ മാത്രമേ മൂന്നാറില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാവൂ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവുണ്ട്. പ്രസ്തുത വിധിയിലെ മൂന്നാര്‍ എന്ന പരാമര്‍ശം ‘മൂന്നാര്‍ ടൗണ്‍’ എന്ന് തെറ്റായി വ്യാഖ്യാനിച്ചു പ്രദേശത്തുടനീളം അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഏലപ്പാട്ട ഭൂമിയിലടക്കം പാറ മണ്ണ് ഖനനവും കെട്ടിട നിര്‍മാണങ്ങളും തകൃതിയായി നടക്കുകയാണ്. ഇത്തരം പ്രദേശങ്ങളിലെ മരം മുറിയും ഖനനങ്ങളും വന്‍ പാരിസ്ഥിതിക ആഘാതത്തിന് ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്. വില്ലേജ്, താലൂക്ക് ഓഫിസുകളിലൊന്നും രേഖകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല. മാത്രമല്ല നേരത്തെ ഇവിടെയുണ്ടായിരുന്ന പ്രധാനപ്പെട്ട പല രേഖകളും ഉദ്യോഗസ്ഥര്‍ തന്നെ നശിപ്പിച്ചുവെന്നും വ്യാജ പട്ടയ ലോബിയെ സഹായിക്കാനാണ് ഇത് ചെയ്തതെന്നുമാണ് കണ്ടെത്തല്‍. രേഖകളുടെ അഭാവം വ്യാജ പട്ടയം കണ്ടെത്താനും സര്‍ക്കാര്‍ പുറമ്പോക്കിലെ കൈയേറ്റം ഒഴിപ്പിക്കാനുമുള്ള നടപടികള്‍ക്ക് തടസ്സമാകുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് കൈയേറ്റവും അനധികൃത നിര്‍മാണവും കൂടുതലായി നടന്നതതെന്നും റവന്യൂ വകുപ്പിന്റെ ഒത്താശയോടെയായിരുന്നു കൈയേറ്റങ്ങളെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

2007ല്‍ ദൗത്യസംഘം പൊളിച്ചുനീക്കിയ ചില റിസോര്‍ട്ടുകളുടെ സ്ഥാനത്തും നിര്‍മാണ പ്രവര്‍ത്ത നങ്ങള്‍ നടക്കുന്നുണ്ട്. വീട് വെക്കാന്‍ ഒരു തുണ്ട് ഭൂമിയില്ലാതെ വാടക വീടുകളിലും കൂരകളിലുമായി താമസിക്കുന്ന ആയിരക്കണക്കിന് തോട്ടം തൊഴിലാളികളുണ്ട് മൂന്നാറില്‍. അവര്‍ക്ക് പതിച്ചു നല്‍കേണ്ട ഭൂമിയാണ് വന്‍കിടക്കാര്‍ വെട്ടിപ്പിടിക്കുന്നത്.
ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും പ്രമുഖ പാര്‍ട്ടി നേതാക്കള്‍ക്കിവിടെ ബിനാമി പേരുകളില്‍ റിസോര്‍ട്ടുകളുണ്ട്. എല്ലാം അനധികൃതമായി നിര്‍മിച്ചവയാണെന്നതിനാല്‍ കയ്യേറ്റങ്ങളെ സംബന്ധിച്ചു പരിശോധിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ അവര്‍ സംഘടിച്ചു തടയുകയാണ്. കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഒരു ഉദ്യോഗസ്ഥനെയും അവര്‍ വെച്ചു പൊറുപ്പിക്കില്ല. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരായ ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നടപടികള്‍ രാഷ്ട്രീയ സ്വാധീനമുള്ള ചിലരുടെ കെട്ടിടങ്ങളിലേക്കും എസ്റ്റേറ്റിലേക്കും എത്തിയതോടെയാണ് അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ സംഘടനകളും നേതാക്കളും രംഗത്തു വന്നത്. 2007ലെ മൂന്നാര്‍ ദൗത്യ കാലത്ത,് ഞങ്ങളുടെ ഓഫീസിന്മേല്‍ കൈവെക്കുന്നവന്റെ കൈവെട്ടുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നത് ഇന്ന് റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയുടെ പ്രമുഖനായ നേതാവായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പറിടിയിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.. ദേവികുളം എം എല്‍ എ ആവശ്യപ്പെട്ടതനുസരിച്ച് അനധികൃതമായി നിര്‍മിച്ച 202 കെട്ടിടങ്ങള്‍ക്ക് കെട്ടിട നികുതി സ്വീകരിക്കേണ്ടിവന്ന വിവരം, സബ് കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കരുതെന്ന ചട്ടം എം എല്‍ എയുടെ നിര്‍ബന്ധത്തിന് ലംഘിക്കപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2007 ലെ മൂന്നാര്‍ ഒഴിപ്പിക്കല്‍ കാലത്ത് ഒരു പ്രമുഖ പാര്‍ട്ടി നേതൃത്വത്തിന്റെ കണ്ണുരുട്ടലില്‍ ഭയപ്പെട്ട് വി എസ് ദൗത്യത്തില്‍ നിന്ന് പിന്‍മാറിയത് പോലെ ഇടുക്കിയിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ സമ്മര്‍ദ്ദത്തിന് പിണറായി വഴങ്ങരുത്. എത്ര ഉന്നതരായാലും കയ്യേറ്റക്കാരായ ഭൂ, റിസോര്‍ട്ട് മാഫിയകള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണം. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്ത് ഇടുക്കിയില്‍ വന്‍കിടക്കാര്‍ക്ക് വേണ്ടി നടത്തിയ വഴിവിട്ട നിയമ നിര്‍മാണങ്ങളെയും തീരുമാനങ്ങളെയും വിമര്‍ശിച്ചും ഭൂമാഫിയക്കും ചൂഷണക്കാര്‍ക്കും ഭൂമി വിട്ടുകൊടുക്കില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയുമാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന കാര്യം വിസ്മരിക്കരുത്. മൂന്നാറിനെ രക്ഷിക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തി വെക്കണമെന്നും നിയമവിധേയമല്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്നും മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ നിയമസഭാ സമിതി നിര്‍ദ്ദേശിച്ചതുമാണ്. അത് നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ ദേവികുളം സബ്കലക്ടര്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കണം. അനധികൃത കൈയേറ്റങ്ങളില്‍ കാലപ്പഴക്കുമുള്ളതിന് അംഗീകാരം നല്‍കണമെന്ന നയം ശരിയല്ല. നിയമ വിധേയമല്ലാതെ ഭൂമി കൈവശപ്പെടുത്തിയത് എന്നായാലും ആരായാലും അത് അനധികൃതമാണ.് അവ വീണ്ടെടുക്കുക തന്നെ വേണം.

LEAVE A REPLY

Please enter your comment!
Please enter your name here