യു പിയില്‍ വീണ്ടും യാദവ പോര്

Posted on: March 29, 2017 9:21 am | Last updated: March 29, 2017 at 12:22 am

ലക്‌നോ: നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ അല്‍പ്പം ശമിച്ചിരുന്ന മുലായം കുടുംബ കലഹം വീണ്ടും രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ ഇരു പക്ഷവും പരസ്പരം പഴിചാരി രംഗത്തെത്തുകയാണ്. ഭിന്നത രൂക്ഷമാക്കി സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവും പാര്‍ട്ടി മേധാവിയും മകനുമായ അഖിലേഷ് യാദവും പാര്‍ട്ടി എം എല്‍ എമാരുടെ യോഗം പ്രത്യേകം വിളിച്ചു. അഖിലേഷ് വിളിച്ച യോഗം ഇന്നലെ നടന്നപ്പോള്‍ ഇന്നാണ് മുലായത്തിന്റെ ആഭിമുഖ്യത്തിലുള്ള യോഗം.

ഒരേ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പുതിയ എം എല്‍ എമാരുടെ രണ്ട് യോഗം പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നുവെന്നതിന്റെ തെളിവാണ്. മുതിര്‍ന്ന നേതാവ് റാം ഗോവിന്ദ് ചൗധരിയെയാണ് അഖിലേഷ് പക്ഷം പ്രതിപക്ഷ നേതാവായി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവപാല്‍ യാദവിനെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് മുലായം സിംഗ് യാദവിന്റെ ആഗ്രഹം. ഇന്നത്തെ യോഗത്തില്‍ ശിവപാലിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് ഇന്നലത്തെ തിരഞ്ഞെടുപ്പിനെ റദ്ദാക്കുന്നതിന് തുല്യമാകും.
തോല്‍വിയുടെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ മുലായവും ശിവപാലും പങ്കെടുത്തില്ല. തങ്ങളെ യോഗത്തിന് ക്ഷണിച്ചില്ലെന്നാണ് അവര്‍ പറയുന്നത്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ മുലായത്തിന് മാത്രമേ സാധിക്കൂവെന്നും അഖിലേഷിന്റെ പരിചയക്കുറവാണ് വലിയ തോ ല്‍വിക്ക് കാരണമെന്നും മുലായം പക്ഷത്തെ മുതിര്‍ന്ന നേതാവ് പറഞ്ഞു. എന്നാല്‍, സ്വന്തം ആളുകള്‍ തന്നെ ചതിച്ചുവെന്നാണ് അഖിലേഷ് പറയുന്നത്. ബി ജെ പി നാലില്‍ മൂന്ന് ഭൂരിപക്ഷം നേടിയ തിരഞ്ഞെടുപ്പില്‍ എസ് പി 47 സീറ്റില്‍ ഒതുങ്ങിയിരുന്നു.