ആഴ്ചയില്‍ ഒരു ദിവസം അവധി ജീവനക്കാരുടെ അവകാശമെന്ന് മന്ത്രാലയം

Posted on: March 28, 2017 9:15 pm | Last updated: March 28, 2017 at 8:17 pm

ദോഹ: രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്നും അവധി അനുവദിക്കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്നും തൊഴില്‍ മന്ത്രാലയം ആവര്‍ത്തിച്ചു. കഴിഞ്ഞ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലാണ് രാജ്യത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഓര്‍മപ്പെടുത്തല്‍ നടത്തിക്കൊണ്ട് പോസ്റ്റിട്ടത്.

തൊഴില്‍ നിയമത്തിലെ 75ാം ഖണ്ഡത്തിലാണ് വാരാന്ത്യ അവധി സംബന്ധിച്ച് വിശദീകരിക്കുന്നത്. അവധി വെള്ളിയാഴ്ചയാകണമെന്നാണ് നിയമം. ഷിഫ്റ്റ് ഡ്യൂട്ടിയനുസരിച്ച് വെള്ളിയാഴ്ച ജോലി ചെയ്യിക്കേണ്ടി വന്നാല്‍ ഒന്നിടവിട്ട രീതിയില്‍ വെള്ളിയാഴ്ച അവധി നല്‍കണം. അഥവാ രണ്ടു വെള്ളിയാഴ്ചകളില്‍ തുടര്‍ച്ചയായി ജോലി നല്‍കരുത്. ആഴ്ചയില്‍ അവധി ലഭിക്കാത്ത ജീവനക്കാര്‍ക്ക് രണ്ടു രീതിയുലുള്ള നഷ്ടപരിഹാരമാണ് നിയമം നിര്‍ദേശിക്കുന്നതെന്ന് ലീഗല്‍ പോര്‍ട്ടലായ അല്‍ മീസാന്‍ വിശദീകരിക്കുന്നു.
മറ്റൊരു ദിവസം പൂര്‍ണ അവധി നല്‍കുകയാണ് ഒരു വഴി. അല്ലെങ്കില്‍ ഒന്നര ദിവസത്തെ വേതനം നല്‍കണം. തൊഴിലാളികള്‍ക്ക് സഹപ്രവര്‍ത്തകര്‍, കൂട്ടുകാര്‍, നാട്ടുകാര്‍ എന്നിവരുമായി ഒഴിവുദിനം ചെലവിട്ട് മാനസികോല്ലാസം നേടാന്‍ അവസരമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് അവധി വെള്ളിയാഴ്ചയാകുക എന്ന നിര്‍ദേശം മുന്നോട്ടു വെക്കുന്നത്. വാരാന്ത്യ അവധി നല്‍കാന്‍ തയാറാകാത്ത കമ്പനികള്‍ക്കെതിരെ പരാതിപ്പെടുത്തുന്നതിന് മന്ത്രാലയം പരാതി ഡസ്‌കുകള്‍ വ്യാപകമാക്കുന്നുണ്ട്.
പരാതികള്‍ അറിയിക്കുന്നതിന് ഹോട്ട്‌ലൈന്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. ശമ്പളം നല്‍കാതെയും അവധി നല്‍കാതെയും ജീവനക്കാരെ കബളിപ്പിക്കുന്നുവെന്ന ആക്ഷേപങ്ങളെത്തുടര്‍ന്നാണ് പരാതിപ്പെടാന്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രാലയം അറിയിച്ചത്. വീട്ടുജോലിക്കാരുടെ തൊഴില്‍ കരാറില്‍ അടുത്തിടെ വരുത്തിയ ഭേദഗതി അനുസരിച്ച് വാരാന്ത്യ അവധി അവര്‍ക്കും ബാധകമാണ്. വീട്ടുജോലിക്കാരുടെ അവധിയുടെ പ്രായോഗികത സംബന്ധിച്ച് വ്യത്യസ്ത ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട്.
വീട്ടുജോലിക്കാര്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കുന്നതിനായി അവരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള നിയമത്തിന്റെ കരടിന് കഴിഞ്ഞ മാസം മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഭക്ഷണവും വിശ്രമവുമുള്‍പ്പെടെ ഒരു ദിവസം പത്തു മണിക്കൂര്‍ ജോലി വ്യവസ്ഥ ചെയ്യുന്ന നിയമമാണ് തയാറാക്കിയിരിക്കുന്നതെന്നാണ് വിവരം.