ബസിലും മെട്രോയിലും ഒറ്റ ടിക്കറ്റ്

Posted on: March 28, 2017 7:58 pm | Last updated: March 28, 2017 at 7:17 pm

ദോഹ: ബസിലും മെട്രോ ട്രെയിനിലും ടാക്‌സിയിലുമുള്‍പ്പെടെ രാജ്യത്തെ പൊതു ഗതാഗത മാര്‍ഗങ്ങളിലെ യാത്രക്ക് ഒറ്റ ടിക്കറ്റ് ഉപയോഗിക്കാവുന്ന സംവിധാനം നടപ്പിലാക്കുന്നതിന് ഗതാഗത മന്ത്രാലയം നടപടി തുടങ്ങി. ബസിലും ട്രെയിനിലും ഒരേ ടിക്കറ്റില്‍ മാറി മാറി യാത്ര ചെയ്യാവുന്ന വിധത്തില്‍ ലോക രാജ്യങ്ങളില്‍ നടപ്പിലാക്കിയ സംയോജിത ടിക്കറ്റിംഗ് രീതിയാണ് ഖത്വറിലും വരുന്നത്. ടിക്കറ്റിംഗ് സേവനം നല്‍കുന്നതിന് സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിനുള്ള കരാര്‍ നടപടികള്‍ ആരംഭിച്ചതായി ഖത്വര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

പൊതു ഗതാഗത സംവിധാനം എല്ലാ രാജ്യങ്ങളിലും സാമൂഹിക, വ്യാവസായിക, സാമ്പത്തിക വികസനത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഘടകമാണെന്നും പൊതുഗതാഗത മേഖലയില്‍ ഏകീകൃത ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്നും ഗതാഗത മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി റാശിദ് ത്വാലിബ് അല്‍ നാബിത് പറഞ്ഞു. ടിക്കറ്റിംഗ് സംവിധാനത്തിന്റെ കരാര്‍ നല്‍കുന്നതു സംബന്ധിച്ചു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയാണ് ടിക്കറ്റിംഗിന് ഏര്‍പ്പെടുത്തുക. രാജ്യത്തെ പൊതുഗത സംവിധാനത്തെ ആകെ സംയോജിപ്പിക്കുന്നതിനായി മന്ത്രാലയം നടത്തി വരുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് ടിക്കറ്റ് ഏകീകരണം.
ഇതോടെ രാജ്യത്തെ സുഗമമായ യാത്രാ സൗകര്യം കൈവരും. റോഡ് ഗതാഗതത്തിലെ തിരക്കുകള്‍ കുറക്കുന്നതിനൊപ്പം സുരക്ഷ ഉറപ്പു വരുത്തുകയും പൊതുഗതാത മേഖലയില്‍ യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് മന്ത്രാലയം ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രാലയത്തിന്റെ നിരീക്ഷണത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ടിക്കറ്റിംഗ് സേവനങ്ങള്‍ ഒരുക്കുന്നതിന് താത്പര്യമുള്ള സ്വകാര്യ സംരംഭകരെ ക്ഷണിക്കുന്നതിനുള്ള ശില്‍പ്പശാലയാണ് മന്ത്രാലയം ഇന്നലെ നടത്തിയത്.
പബ്ലിക് ബസ്, മെട്രോ, ട്രാം, ദീര്‍ഘദൂര ട്രെയിന്‍, ബോട്ടുകള്‍, ടാക്‌സി എന്നിവയിലെല്ലാം ഒരുപോലെ ഉപയോഗിക്കാവുന്ന ടിക്കറ്റ് സംവിധാനമാണ് ഏര്‍പ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. യാത്രാ കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് ബസിലും ട്രെയിനിലും ഒറ്റ യാത്രയായി പരിഗണിക്കപ്പെടുന്ന വിധം യാത്രാ തുടര്‍ച്ചകള്‍ക്ക് സാധിക്കും.