തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി

Posted on: March 28, 2017 6:58 pm | Last updated: March 29, 2017 at 4:17 pm

തിരുവനന്തപുരം: രാജിവെച്ചൊഴിഞ്ഞ എകെ ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി. എന്‍സിപി സംസ്ഥാന നേതൃയോഗത്തിലാണ് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി പാര്‍ട്ടിയുടെ മന്ത്രിയായാല്‍ മതിയെന്ന് എന്‍സിപി തീരുമാനിച്ചത്. എല്‍ഡിഎഫിനെ തീരുമാനം അറിയിക്കാനും പാര്‍ട്ടി തീരുമാനിച്ചു. ലൈംഗിക ചുവയുള്ള ഫോണ്‍സംഭാഷണമെന്ന ആരോപണത്തില്‍ രാജിവെച്ച എകെ ശശീന്ദ്രനും തോമസ് ചാണ്ടിയ്ക്ക് പിന്തുണ അറിയിച്ചു. എകെ ശശീന്ദ്രന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകും.

തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നത് സംബന്ധിച്ച് സിപിഐഎം ദേശീയ നേതൃത്വം എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെയാണ് എന്‍സിപി നിലപാട്. വ്യവസായിയും കോടീശ്വരനുമായ കുട്ടനാട് എംഎല്‍എയെ ഇടത് മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് ഉചിതമാവില്ലെന്നാണ് സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
രണ്ട് എംഎല്‍മാര്‍ മാത്രമുള്ള എന്‍സിപിക്ക് ശശീന്ദ്രന് ശേഷം തോമസ് ചാണ്ടിയെന്നല്ലാതെ മറ്റൊരു പേരില്ല. അതിനാല്‍ തോമസ് ചാണ്ടി തന്നെ എന്‍സിപി മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. സിപിഐഎം ദേശീയ നേതൃത്വം എതിര്‍പ്പ് അറിയിച്ചെങ്കിലും എന്‍സിപിയുടെ മന്ത്രിയെ അവരാണ് തീരുമാനിക്കേണ്ടതെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന എന്‍സിപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് നേതൃയോഗത്തിന് മുമ്പ് തന്നെ കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു. ഗതാഗതവകുപ്പ് കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കില്ല. മന്ത്രിസ്ഥാനം എന്‍സിപി വിട്ടുനല്‍കില്ല. എന്‍സിപിക്ക് മാത്രം അവകാശപ്പെട്ട വകുപ്പാണത്. മന്ത്രിയാകാന്‍ യോഗ്യതയുളളവര്‍ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.