ഇളക്കമില്ലാത്ത മലപ്പുറം കോട്ട

Posted on: March 28, 2017 9:01 am | Last updated: March 28, 2017 at 1:32 am

ഇത്തവണയും ചരിത്രം ആവര്‍ത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ്. തിരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫിനെ തുണച്ച മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ ഇക്കുറിയും മാറ്റത്തിന്റെ കാറ്റു വീശാനുള്ള വഴി കാണുന്നില്ല. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തന്നെ യു ഡി എഫിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ മണ്ഡലമാണ് ജില്ലാ ആസ്ഥാനം ഉള്‍കൊള്ളുന്ന മലപ്പുറം. അന്ന് 44508 വോട്ടിന്റെ കനത്ത ഭൂരിപക്ഷവുമായാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പി ഉബൈദുല്ല കോണി കയറിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ഇളക്കം തട്ടിയെങ്കിലും ലീഗിനെ കൈവിടാന്‍ മണ്ഡലം തയ്യാറായില്ല. 35,672 വോട്ടിന്റെ ഭൂരിപക്ഷമാണ് 2016ല്‍ പി ഉബൈദുല്ലക്ക് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 36324 വോട്ടിന്റെ ഭൂരിപക്ഷമാണ് മലപ്പുറം മണ്ഡലം ഇ അഹമ്മദിന് നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പിലും യു ഡി എഫിന്റെ അപ്രമാദിത്വത്തിലാണ് ഇവിടെ ഭരണം നടക്കുന്നത്. മുസ്‌ലിംലീഗ് ഒറ്റക്ക് ഭരിക്കുന്ന പഞ്ചായത്തുകള്‍ വരെയുണ്ടിവിടെ.

മലപ്പുറം നഗരസഭയില്‍ മാത്രമാണ് ഇടതുപക്ഷത്തിന് കൂടുതല്‍ ശക്തിയുള്ളത്. ചരിത്രം പരിശോധിച്ചാലും ലീഗിന്റെ വിജയക്കണക്കുകള്‍ കാണാം. 1957യില്‍ ലീഗിന്റെ കെ ഹസന്‍ ഗനി 4971 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
തുടര്‍ന്ന് 1960ലും മത്സരിച്ച ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം 20829 ആയി ഉയര്‍ന്നു. അഞ്ച് നിയമസഭാ സാമാജികന്‍മാരാണ് രണ്ട് തവണ മത്സരിച്ച് ലീഗിന്റെ സീറ്റില്‍ മലപ്പുറത്ത് നിന്ന് കരകയറിയത്. ഇതില്‍ സി എച്ച് മുഹമ്മദ് കോയ മലപ്പുറത്തിന്റെ പ്രതിനിധിയായിരിക്കെ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയാവുകയും ചെയ്തു.

പിതാവ് സി എച്ച് മുഹമ്മദ് കോയയെയും മകന്‍ ഡോ. എം കെ മുനീറിനെയും വിജയിപ്പിച്ച സവിശേഷതയും മലപ്പുറം മണ്ഡലത്തിനുണ്ട്. 1977ല്‍ മലപ്പുറത്ത് നിന്ന് വിജയിച്ച സി എച്ച് 1979ലാണ് മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്നത്. 1965, 67ല്‍ എം പി എം അഹമ്മദ് കുരിക്കള്‍, 69ല്‍ ചാക്കീരി അഹമ്മദ് കുട്ടി(ഉപതിരഞ്ഞെടുപ്പ്), 70, 80ല്‍ യു എ ബീരാന്‍, 77ല്‍ സി എച്ച് മുഹമ്മദ് കോയ, 82, 87ല്‍ പി കെ കുഞ്ഞാലിക്കുട്ടി, 91ല്‍ എ യൂനുസ് കുഞ്ഞ്, 96, 2001 വര്‍ഷങ്ങളില്‍ ഡോ. എം കെ മുനീര്‍, 2006ല്‍ അഡ്വ. എം ഉമ്മര്‍, 2011ല്‍ പി ഉബൈദുല്ല എന്നിവരും മലപ്പുറത്ത് നിന്ന് നിമയസഭയിലെത്തി. മറ്റൊരു ഉപതിരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുമ്പോള്‍ മുസ്‌ലിംലീഗ് മലപ്പുറത്ത് നിന്ന് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ സൈനബയെക്കാള്‍ 36,324 വോട്ട് കൂടുതല്‍ ലഭിച്ചിരുന്നു. ഇത്തവണ ഇതിലേറെ ലഭിക്കുമെന്നാണ് അവകാശവാദം. എന്നാല്‍ ജില്ലാ ആസ്ഥാനമെന്ന നിലക്ക് ഇടത് സ്ഥാനാര്‍ഥി എം ബി ഫൈസല്‍ കൂടുതല്‍ സുപരിചിതനാണ് മലപ്പുറം മണ്ഡലത്തില്‍. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ കലക്ടറേറിലേക്കും സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ ഓഫീസുകളിലേക്കുമെല്ലാം നടത്തുന്ന സമരങ്ങളില്‍ മുന്‍നിരയിലാണ് ഫൈസലിന്റെ സ്ഥാനമുണ്ടാകാറുള്ളത്. ഇതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധ മലപ്പുറത്ത് അദ്ദേഹത്തിനുണ്ട്.

മലപ്പുറത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കാനാകുമെന്ന ആത്മ വിശ്വാസം തന്നെയാണ് ഇടതുപക്ഷത്തിന്റെയും പ്രതീക്ഷ.