Connect with us

National

ആര്‍ എസ് എസ് മേധാവിയെ രാഷ്ട്രപതിയാക്കണം: ശിവസേന

Published

|

Last Updated

മുംബൈ: രാഷ്ട്രപതി സ്ഥാനത്തേക്ക് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതിനെ പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ശിവസേന ആവശ്യപ്പെട്ടു. ഹിന്ദുരാഷ്ട്രം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിന് ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ ആ സ്ഥാനത്തേക്ക് എന്‍ ഡി എ പരിഗണിക്കുകയാണ് വേണ്ടതെന്നും ശിവസേന എം പിയും അതിന്റെ മുഖപത്രമായ സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

എന്‍ ഡി എയിലെ ഘടകകക്ഷിയാണ് ശിവസേനയെങ്കിലും അടുത്തിടെ ബി ജെ പിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അവര്‍ ഉയര്‍ത്തുന്നത്. ഇക്കഴിഞ്ഞ മഹാരാഷ്ട്ര പ്രാദേശിക ഭരണ സമിതി തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ചേരിതിരിഞ്ഞ് മത്സരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ആര്‍ എസ് എസ് മേധാവിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം അവര്‍ മുന്നോട്ടുവെക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ഇക്കാര്യം ശിവസേനക്കകത്ത് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഹിന്ദുത്വ രാഷ്ട്രമെന്ന ലക്ഷ്യത്തിലെത്താന്‍ മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകണമെന്ന അഭിപ്രായമാണ് അധ്യക്ഷന്‍ ഉദ്ദവ് താക്കറെക്ക് ഉള്ളതെന്നും സഞ്ജയ് റാവത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. കടുത്ത ഹിന്ദു ദേശീയവാദിയായ നരേന്ദ്ര മോദി പ്രധാനമന്ത്രിയും മറ്റൊരു ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമാകുമ്പോള്‍ രാഷ്ട്രപതിയാകേണ്ടത് അദ്ദേഹം തന്നെയാണ്. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാന്‍ ബി ജെ പി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭാഗവതിന്റെ പേര് തീര്‍ച്ചയായും പരിഗണിക്കേണ്ടതാണ്. ഉറച്ച ദേശീയവാദിയായ അദ്ദേഹത്തിന് ഭരണഘടനയില്‍ അവഗാഹമുണ്ടെന്നും സഞ്ജയ് റാവത്ത് അവകാശപ്പെട്ടു.
മഹാരാഷ്ട്ര വിദര്‍ഭ മേഖലയില്‍പ്പെട്ട ചന്ദ്രപൂരിലാണ് മോഹന്‍ ഭാഗവത് ജനിച്ചത്. 66 കാരനായ അദ്ദേഹം 2009 മുതല്‍ ആര്‍ എസ് എസിന്റെ മേധാവിയാണ്. ജൂലൈയിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക.

 

Latest