ഈ പോലീസ് ആരുടെതാണ്?

Posted on: March 28, 2017 6:00 am | Last updated: March 27, 2017 at 11:18 pm

പോലീസ് സേനയുടെ വീഴ്ച മുഖ്യമന്ത്രി ഏറ്റുപറയുന്നതിനനുസരിച്ച് അവര്‍ വീഴ്ചകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. ക്രിമിനല്‍ കേസുകള്‍ക്കപ്പുറത്ത് ഇടതു മതേതര സര്‍ക്കാറിന്റെ നയങ്ങളെ പോലും സംശയത്തിന്റെ നിഴലിലാക്കും വിധം പോലീസ് നിലപാടുകള്‍ സ്വീകരിക്കുന്നത് വെറും വീഴ്ചകളായി കാണാന്‍ കഴിയില്ല. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുമതേതര ചേരിയുടെ പ്രസക്തി ഉള്‍ക്കൊണ്ട് കേരളം ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ടത് ഈ പക്ഷത്തിന്റെ നയനിലപാടുകളെ അംഗീകരിച്ചു കൊണ്ടാണ്. എന്നാല്‍ ക്രമസമാധാന പാലനത്തിനപ്പുറം ഇടതുപക്ഷത്തിന്റെ നയങ്ങളെ പോലും തൃവല്‍ഗണിച്ചുകൊണ്ട് മുന്നേറുന്ന ഈ പോലീസ് സേനയെ ജനങ്ങള്‍ സംശയത്തോടെയാണ് ഇപ്പോള്‍ നോക്കിക്കാണുന്നത്.

ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ പോലീസ് മേധാവിയെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ കൊണ്ടുവന്നപ്പോള്‍ ഇയാളുടെ ഭൂതകാലമറിയുന്നവര്‍ നെറ്റി ചുളിച്ചപ്പോഴും കേരളീയ സമൂഹം ആശ്വസിച്ചത് ഇദ്ദേഹത്തിന്റെ ട്രാക് റെക്കോര്‍ഡിനപ്പുറം സേനയെ നിയന്ത്രിക്കുന്നത് ഇടതുപക്ഷത്തെ കരുത്തനായ ഭരണാധികാരിയാണല്ലോ എന്നത് കൊണ്ടാണ്. എന്നാല്‍ ഇതിനെ അസ്ഥാനത്താക്കുന്ന നിലപാടുകളാണ് പോലീസില്‍ നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിഷയം വര്‍ഗീയ മാണെങ്കിലും ന്യൂനപക്ഷമാണെങ്കിലും മാവോയിസമാണെങ്കിലും ആരുടെയോ അജന്‍ഡ ഈ പോലീസ് നടപ്പിലാക്കുകയാണെന്ന് ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. അതിനേക്കാളേറെ മുഖ്യമന്ത്രി ഇതിനോട് സ്വീകരിക്കുന്ന ഉദാസീന നിലപാട് അതിലേറെ ആശങ്ക സൃഷ്ടിക്കുകയാണ്. നിലമ്പൂരിലെ മാവോ വേട്ടയില്‍ തുടങ്ങി, ഫൈസല്‍, റിയാസ് മുസ്‌ലിയാര്‍ വധങ്ങളിലൂടെ ഇപ്പോള്‍ വര്‍ഗീസിന്റെ സത്യവാങ്മൂലത്തിലെത്തി നില്‍ക്കുന്ന സംശയം ഓരോ ദിവസവും പോലീസ് അരക്കിട്ടുറപ്പിക്കുകയാണ്.
നിലമ്പൂരില്‍ രോഗിയായ സ്ത്രീയുള്‍പ്പെട്ട മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പോലീസിന്റെ വിശദീകരണം കേരളത്തിലാര്‍ക്കും പെട്ടെന്ന് വിശ്വസിക്കാന്‍ പറ്റിയിട്ടില്ല. രണ്ട് നാടന്‍ തോക്കുള്ള രണ്ടുപേരെ കീഴടക്കാന്‍ വെടിവെക്കേണ്ടി വന്നുവെന്ന് പോലീസിന് ശേഷം പോലീസ് മന്ത്രി മാത്രമേ വിശ്വസിച്ചിട്ടുള്ളൂവെന്നതാണ് സത്യം. ഈ പോലീസിന്റെ വീര്യം ചോരാതെ നോക്കുന്ന സര്‍ക്കാറിന്റെ പ്രതിബദ്ധത പക്ഷേ വിശ്വസിച്ച് ഭരണമേല്‍പ്പിച്ച ജനങ്ങളുടെ വിശ്വാസത്തെ ചോര്‍ത്തിക്കളയുന്നതാണെന്നതില്‍ സംശയമില്ല. മാവോവാദികളുടെ മൃതദേഹത്തോടും ബന്ധുക്കളോടും പരസ്യമായി പ്രകടിപ്പിച്ച അപമാനവും അപമാനിച്ച പോലീസ് ഉദ്യോഗസ്ഥനെ ന്യായീകരിക്കാനുള്ള തത്രപ്പാടും ജനം മറന്നിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തമായ ഒരു വിശദീകരണം നല്‍കാന്‍ പോലീസിനോ ആഭ്യന്തര വകുപ്പിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലമ്പൂരില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി കുപ്പു ദേവരാജിന്റെ സഹോദരനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് വര്‍ഗീയ സംഘട്ടനം ഭയന്നാണെന്ന് ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമീഷന് നല്‍കിയ റിപ്പോര്‍ട്ട് അപഹാസ്യമായാണ് ആളുകള്‍ കണ്ടത്. പോലീസിന്റെ വീര്യം ചോരാതിക്കാന്‍ എന്നും
ഏറ്റുപറച്ചിലുമായി എഴുന്നേറ്റ് നില്‍ക്കുന്ന ഒരു ഇടതുപക്ഷ ഭരണാധികാരിയുടെ മുഖം കാണാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താത്പര്യമില്ലെന്നതാണ് യാഥാര്‍ഥ്യം.

സംസ്ഥാനത്ത് സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വര്‍ഗീയ നീക്കങ്ങളില്‍ പോലീസ് കാണിക്കുന്ന പക്ഷപാതം ന്യായീകരിക്കാനാകാത്തതാണ്. മലപ്പുറം കൊടിഞ്ഞിയില്‍ മതം മാറി എന്ന ഒറ്റക്കാരണത്താല്‍ ഒരു മനുഷ്യനെ അകാരണമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ്
സ്വീകരിച്ച നിലപാടില്‍ സശയങ്ങളേറെയുണ്ട്. യു എ പി എ ചുമത്താനുള്ള വകുപ്പുണ്ടായിട്ടും പ്രതികള്‍ക്ക് നേരത്തെ സമാന രീതിയിലുള്ള പശ്ചാത്തലമുണ്ടായിട്ടും ഒരു പ്രദേശത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച വര്‍ഗീയ കുറ്റവാളികള്‍ക്ക് ഒരാഴ്ചക്കകം രക്ഷപ്പെടാനുള്ള അവസരമൊരുക്കിയത് പോലീസിന്റെ നിലപാടായിരുന്നു. ഇത് ഇത്തരത്തിലുള്ള നീക്കങ്ങള്‍ ആവര്‍ത്തിക്കുന്നതിന് വഴിയൊരുക്കുമെന്നും ഇത് അവസാനിപ്പിക്കാന്‍ ശക്തമായ നിലപാടെടുക്കണമെന്നും നീതിന്യായ രംഗത്തുള്ളവര്‍ പറഞ്ഞിട്ടു പോലും വര്‍ഗീയ ഇടപെടലുകള്‍ ആവര്‍ത്തിക്കുയാണ്. നേരത്തെ ന്യൂമാന്‍ കോളജ് അധ്യാപകനെതിരെ അക്രമമുണ്ടായപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ യു എ പി എ ചുമത്തിയിരുന്നു. എന്നാല്‍ കൈക്ക് പകരം രണ്ടു ജീവനുകള്‍ ഇല്ലാതാക്കപ്പെടുകയും, അതുവഴി രണ്ടു കുടുംബങ്ങളും അനാഥരാക്കപ്പെടുകയും ചെയ്തപ്പോഴും ആ നിയമമൊന്നും ആരും ഇവിടെ കണ്ടില്ല. ഭരിക്കുന്ന ഇടതുപക്ഷ നയത്തിനപ്പുറം പോലീസിനെ ഭരിക്കുന്നത് മറ്റു താത്പര്യങ്ങളാണെന്ന് വിശ്വസിക്കേണ്ടിവരുന്ന അവസ്ഥ ഏറെ വേദനാജനകമാണ്. നേരത്തെ യാസിര്‍ വധകേസിലെ മുഖ്യപ്രതി മഠത്തില്‍ നാരായണനെന്ന ആര്‍ എസ് എസ് നേതാവിന് രക്ഷപ്പെടാന്‍ പഴുതൊരുക്കിയ പോലീസിന്റെ അനാസ്ഥയുടെ തനിയാവര്‍ത്തനമാണ് അതേ മഠത്തില്‍ നാരായണന്‍ മുഖ്യ ആസൂത്രകനായ ഫൈസല്‍ വധക്കേസിലും കേരളം കാണുന്നത്. കൊലപാതകം നടന്ന് മൂന്നു മാസമെടുത്തിട്ടും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാതിരുന്നത് ഈ സംശയങ്ങളെ ബലപ്പെടുത്തുന്നു. വര്‍ഗീയതക്കെതിരായ യുദ്ധത്തില്‍ പ്രസംഗത്തിനപ്പുറം പ്രവര്‍ത്തനമാണ് ഇടതു സര്‍ക്കാറില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്.
കാസര്‍കോട്ടെ റിയാസ് മുസ്‌ലിയാര്‍ വധ കേസിലും സ്ഥിതി മറിച്ചല്ല. കണ്ണൂരില്‍ ആയുധ പരിശീലനം നടത്തിയതിന്റെ പേരില്‍ നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി 18 പേര്‍ക്കെതിരെ യു എ പി എ ചുമത്തിയ പോലീസ് ഇതിനേക്കാള്‍ വ്യക്തമായ തെളിവുകളുള്ള റിയാസ് മുസ്‌ലിയാര്‍ വധ കേസ് പിടിക്കപ്പെട്ട മൂന്നുപേരില്‍ ഒതുക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. മതസൗഹാര്‍ദം തകര്‍ക്കാനെന്ന് പ്രതികള്‍ മൊഴി നല്‍കുകയും അത് സ്ഥിരീകരിക്കുകയും ചെയ്തിട്ടും പോലീസ് യു എ പി എ ചുമത്താന്‍ അറച്ചുനില്‍ക്കുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഗൂഢാലോചനയില്ലെന്ന് പോലീസ് പറയുന്നതില്‍ അസ്വാഭാവികതയുണ്ട്. ഇത് ആരെയെങ്കിലും രക്ഷിക്കാനാണെന്ന് ജനങ്ങള്‍ സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. ഇതോടൊപ്പം കൊല്ലപ്പെട്ട റിയാസ് മുസ്‌ലിയാരുടെ മയ്യിത്ത് താന്‍ പഠിപ്പിച്ച കുട്ടികള്‍ക്കുള്‍പ്പെടെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം നിഷേധിക്കാന്‍ പോലീസ് ചെയ്ത സൂത്രപ്പണി വഞ്ചനയായിരുന്നു. കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍ എസ് എസുകാരന്റെ മൃതദേഹം അക്രമങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി 5000ത്തിലധികം വിദ്യാര്‍ഥികളുടെ സാന്നിധ്യമുള്ള സംസ്ഥാന കലോത്സവ നഗരിയിലൂടെ കൊണ്ടുപോകാന്‍ അനുമതി നല്‍കിയ പോലീസിന് പക്ഷേ ആത്മസംയമനം പാലിക്കാന്‍ സജ്ജരായ പ്രദേശത്തുകാര്‍ക്ക് റിയാസ് മുസ്‌ലിയാരുടെ മയ്യിത്ത് കാണാന്‍ അവസരം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല, കാസര്‍കോട്ടെക്കെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയ മയ്യിത്ത് ജനങ്ങളെയാകെ വഞ്ചിച്ച് വീട്ടിലേക്ക് തിരിച്ചുവിട്ട നടപടിയും ഏറെ സംശയം ജനിപ്പിക്കുന്നതാണ്.

പ്രതികള്‍ വര്‍ഗീയകലാപമുണ്ടാക്കാനുള്ള ശ്രമം നടത്തിയെന്ന് അന്വേഷണസംഘം തന്നെ വെളിപ്പെടുത്തിയ കേസില്‍ യു എ പി എ പോലുള്ള വകുപ്പ് ചേര്‍ക്കാതെ പ്രതികളെ റിമാന്‍ഡ് ചെയ്തത് സംശയാസ്പദമാണ്. വര്‍ഗീയ ചേരിതിരിവിന് കാരണമാകുമെന്ന് പറഞ്ഞ് കൈവെട്ട് കേസിലും ആയുധ പരിശീലന കേസിലും യു എ പി എ ചുമകയും സംഭവം ആരും കാണാതിരുന്നതിനാല്‍ യു എ പി എ ആവശ്യമില്ലെന്നുമുള്ള പോലീസിന്റെ നിലപാട് സംശയകരമാണ്. ഇതുള്‍പ്പെടെ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ കേസിനെ ദുര്‍ബലപ്പെടുത്തുന്ന ഒട്ടേറെ വാദങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഗൂഢാലോചനാ വകുപ്പ് ചേര്‍ത്തിട്ടില്ലെന്നത് കേസിന്റെ ഭാവി ഏറെക്കുറെ തീരുമാനിക്കുന്നതാണ്. യു എ പി എ വകുപ്പ് 15 പ്രകാരം ചൂരിയില്‍ മദ്‌റസ അധ്യാപകനുനേരെ നടന്നത് ഭീകരാക്രമണമാണെന്ന് നിയമ വിദഗ്ധര്‍ പറയുമ്പോഴും പോലീസ് ആരെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഇതോടൊപ്പം പ്രതികള്‍ മദ്യലഹരിയിലാണെന്ന ഒരു പഴുതുകൂടിയിട്ട് കേസിനെ ദുര്‍ബലപ്പെടുത്തിക്കൊടുക്കുന്നതും വ്യക്തമാണ്.
നക്‌സല്‍ വര്‍ഗീസുമായി ബന്ധപ്പെട്ട ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തിലൂടെ പോലീസ് സര്‍ക്കാറിന്റെ മുഖം വീണ്ടും വികൃതമാക്കിയിരിക്കുകയാണ്. പാര്‍ട്ടി പിളര്‍പ്പിന് ശേഷം സി പി എമ്മിന്റെ ഓഫീസ് സെക്രട്ടറിയാകുകയും പിന്നീട് വിപ്ലവത്തില്‍ ആകൃഷ്ടനാകുകയും ചെയ്തയാളാണ് വര്‍ഗീസ് എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, അദ്ദേഹം കൊള്ളക്കാരനും കൊലപാതകിയുമാണെന്ന് ജനം അറിയുന്നത് പോലീസ് ഹൈക്കോടതിയില്‍ പറഞ്ഞത് കേട്ടാണ്. വര്‍ഗീസിനെ കൊടുംകുറ്റവാളിയായി ചിത്രീകരിച്ചത് ഇടതുപക്ഷത്തിന്റെയും സി പി എമ്മിന്റെയും നയനിലപാടിന് കടകവിരുദ്ധമാണെന്നതില്‍ സംശയമില്ല. വര്‍ഗീസിനെ കൊലപ്പെടുത്തിയതാണെന്ന രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലില്‍ മുന്‍ ഐ ജി ലക്ഷ്മണയെ ശിക്ഷിച്ച ശേഷമാണ് പോലീസിന്റെ ഈ വാദമെന്നത് വിചിത്രമാണ്. അതേസമയം പോലീസിന്റെ നിലപാട് മുന്നണിയുടെ നിലപാടല്ലെന്ന് സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി പറയേണ്ടിടത്തെത്തി കാര്യങ്ങള്‍.

രണ്ട് മാവോയിസ്റ്റുകള്‍ക്കെതിരായ വെടിവെപ്പ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നിരന്തരമായ കൈയേറ്റങ്ങള്‍, ഇത് കൈകാര്യം ചെയ്യുന്നതിലെ തുടര്‍ച്ചയായ വീഴ്ചകള്‍, ഇങ്ങനെ നീളുന്നു പോലീസ് അനാസ്ഥയുടെ പട്ടിക. ഇതെല്ലാം കാണുന്ന ജനങ്ങള്‍ ഇത് ഇടതുപക്ഷം നയിക്കുന്ന സര്‍ക്കാറിന്റെ പോലീസ് തന്നെയാണോയെന്ന് സംശയിച്ച് തുടങ്ങിയിട്ടുണ്ട്. ആഭ്യന്തരവകുപ്പില്‍ സര്‍ക്കാറിന് നിയന്ത്രണമില്ലെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന വാര്‍ത്തകളാണ് പോലീസില്‍ നിന്ന് വരുന്നത്. പാര്‍ട്ടിയുടെയും മുന്നണിയുടെയും നയങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുമ്പോഴും പോലീസിന്റെ വീര്യം ചോരാതെ സൂക്ഷിക്കാന്‍ പാടുപെടുന്ന ഒരു പോലീസ് മന്ത്രിയെ അല്ല ശക്തനായ ഒരു ഭരണാധികാരിയില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്.