പ്രൈമറി സ്‌കൂളിലെ പരിശോധനയില്‍ കണ്ടെത്തിയ ഓട്ടിസം കേസുകളില്‍ 47 ശതമാനവും ഖത്വരികളില്‍

Posted on: March 27, 2017 9:58 pm | Last updated: March 27, 2017 at 9:35 pm

ദോഹ: പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഓട്ടിസം കേസുകളില്‍ 47 ശതമാനവും ഖത്വരിക കുട്ടികള്‍. മറ്റ് അറബ് രാഷ്ട്രങ്ങളിലെ 41 ശതമാനം കുട്ടികള്‍ക്കും ഓട്ടിസം കണ്ടെത്തിയതായി മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. ഫുആദ് അല്‍ ശബാന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഖത്വരി- പ്രവാസി കുട്ടികള്‍ക്കിടയിലെ ഓട്ടിസം വ്യാപ്തി കണ്ടെത്താനാണ് പഠനം നടത്തിയത്.
ഖത്വര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാതൃകാ പഠനത്തില്‍ അഞ്ച്- 12 ഇടയില്‍ പ്രായമുള്ള 82 പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ് പരിശോധിച്ചത്.

ഓട്ടിസം ഡാറ്റാബേസ് സ്ഥാപിച്ച് ഖത്വറില്‍ അതിന്റെ വ്യാപ്തിക്ക് കാരണമാകുന്ന പ്രത്യേക ഘടകങ്ങള്‍ വേര്‍തിരിച്ച് വിശകലനം ചെയ്യുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. ആണ്‍കുട്ടികളില്‍ 80 ശതമാനം ഓട്ടിസം ബാധിച്ചതായി കണ്ടെത്തി. ഒരേ കുടുംബക്കാരല്ലാത്ത മാതാപിതാക്കള്‍ക്കുണ്ടായ മക്കളിലാണ് 60 ശതമാനവും രോഗമുള്ളത്. ഓട്ടിസം ബാധ ആഗോളതലത്തില്‍ 73 ഇരട്ടിയായതായി ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഖത്വര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ന്യൂറോജളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് റിസര്‍ച്ച് സെന്ററിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. അല്‍ ശബാന്‍ പറയുന്നു. ചെറുപ്രായത്തിലുള്ള രോഗനിര്‍ണയം, വിശാലമായ രോഗനിര്‍ണയ നടപടിക്രമങ്ങള്‍, മികച്ച ബോധവത്കരണം തുടങ്ങിയവയാണ് ഓട്ടിസം പെട്ടെന്ന് കണ്ടുപിടിക്കാന്‍ കാരണം. അതേസമയം ഇവയില്‍ പകുതിയും ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് ഇവ മാത്രമല്ല വര്‍ധനവിന് കാരണം.

സങ്കീര്‍ണമായ ജനിതക പ്രത്യേകതകളാണ് ഓട്ടിസത്തിന്റെ പ്രധാന കാരണം. ഈ അസാധാരണ അവസ്ഥക്ക് വിവിധ മാനങ്ങളുണ്ട്. അഞ്ഞൂറിലേറെ ജീനുകള്‍ ഇവയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഓരോ ജീനും കാരണമാകുന്നത് എല്ലാ കേസുകളുടെയും ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. റുമൈല ആശുപത്രിയില്‍ പുതുതായി കണ്ടെത്തിയ ഓട്ടിസം ബാധ 2012- 13 കാലയളവില്‍ 0.51 ശതമാനത്തില്‍ നിന്ന് 0.7 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ നിരക്കുകള്‍ കാണിക്കുന്നത് ഏറ്റക്കുറച്ചിലിനെയാണ്. 2012- 15 കാലയളവില്‍ ശരാശരി പുതിയ ഓട്ടിസം നിരക്ക് 0.7 ശതമാനമാണ്. ഖത്വറില്‍ വര്‍ഷം രോഗം നിര്‍ണയിക്കപ്പെടുന്ന എണ്ണം 642 ആണ്. അതായത് 2005- 15 കാലയളവില്‍ വര്‍ധന 0.28 ശതമാനമാണ്. 2015ല്‍ മാത്രം 22889 കേസുകള്‍ നിര്‍ണയിച്ചിട്ടുണ്ടെന്നും അല്‍ ശബാന്‍ ചൂണ്ടിക്കാട്ടി.

വ്യാപക ബോധവത്കരണത്തിന് പുറമെ, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതും കേസുകള്‍ വര്‍ധിക്കാന്‍ കാരണമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബോധവത്കരണത്തില്‍ വലിയ മുന്നേറ്റങ്ങള്‍ രാജ്യത്തുണ്ടായിട്ടുണ്ട്.
ലോകതലത്തില്‍ തന്നെ രോഗ നിര്‍ണയത്തിലെ മുന്നേറ്റം ഓട്ടിസം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമായി. ജനിതക ഘടകങ്ങള്‍ കാരണവും ഇത്തരം പെരുമാറ്റ വൈകല്യങ്ങള്‍ കൂടുതലായി കാണുന്നതായി ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപക ഹസ്‌ന നദ പറഞ്ഞു.