പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയും വിവാദത്തില്‍; മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചു

Posted on: March 27, 2017 7:05 pm | Last updated: March 28, 2017 at 6:47 pm

തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ വിവാദങ്ങള്‍ അവസാനിക്കും മുമ്പെ പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യങ്ങളും ആവര്‍ത്തിച്ചെന്ന് പരാതി. ഇന്ന് നടന്ന പ്ലസ് ടു ജോഗ്രഫി പരീക്ഷക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചെന്നാണ് പരാതി.

43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചത്. മോഡല്‍ പരീക്ഷയ്ക്കായി ചോദ്യങ്ങള്‍ തയ്യാറാക്കിയത് ഇടത് സംഘടനയായ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനായിരുന്നു. ഈ ചോദ്യപേപ്പറില്‍ നിന്നാണ് ഇന്നത്തെ പൊതുപരീക്ഷയുടെ ചോദ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ആരോപണം. ഹയര്‍സെക്കന്‍ഡറി ഫിസിക്‌സ് പരീക്ഷയെക്കുറിച്ചും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

മാര്‍ച്ച് 20ന് നടന്ന എസ്എസ്എല്‍സി കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ മലപ്പുറത്തെ സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയില്‍ നിന്നും അതേപടി ചോര്‍ത്തിയതാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പതിമൂന്നോളം ചോദ്യങ്ങളാണ് ഇത്തരത്തില്‍ പകര്‍ത്തി എഴുതിയത്.വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കേണ്ടാത്ത ഭാഗത്തുനിന്നും ചോദിച്ച ഈ ചോദ്യങ്ങള്‍ മൂലം കണക്ക് പരീക്ഷ വിദ്യാര്‍ത്ഥികളെ ഏറെ വലച്ചിരുന്നു.