Connect with us

Malappuram

എടപ്പാളിലും കൊളത്തൂരിലും കുഴല്‍പ്പണ വേട്ട: 1.30 കോടി രൂപ പിടികൂടി, നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊളത്തൂരില്‍ പിടികൂടിയ കുഴല്‍ പണവും പ്രതികളും

കൊളത്തൂര്‍/ എടപ്പാള്‍: മലപ്പുറം ജില്ലയില്‍ എടപ്പാളിലും കൊളത്തൂരിലുമായി വന്‍ കുഴല്‍പ്പണ വേട്ട. കൊളത്തൂരില്‍ 80.80 ലക്ഷം രൂപയുമായി സംഘത്തിലെ മുഖ്യ വിതരണക്കാരായ രണ്ട് പേരെയും എടപ്പാളില്‍ അമ്പത് ലക്ഷം രൂപയുമായി രണ്ടു പേരെയും അറസ്റ്റ് ചെയ്തു. മേലാറ്റൂര്‍ ഉച്ചാരക്കടവ് സ്വദേശി പിലായത്തൊടി ഷൗക്കത്തലി എന്ന കുഞ്ഞിപ്പ (27) പെരിന്തല്‍മണ്ണ പൂന്താനം സ്വദേശി കുയിലന്‍തൊടി മുഹമ്മദ് റിയാസ് (30) എന്നിവരെയാണ് എ എസ് പി സുജിത് ലാബിന്റെ കീഴില്‍ പെരിന്തല്‍മണ്ണ സി ഐ സാജു കെ എബ്രഹാം , കൊളത്തൂര്‍ എസ് ഐ പി വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം ഒതളൂര്‍ സ്വദേശി കോതളങ്ങര അഷ്‌റഫ് (44), പുലാമന്തോള്‍ വളപുരം സ്വദേശി കൂട്ടപ്പിലാവില്‍ മുഹമ്മദ് ഷിയാസ് (31) എന്നിവരെയാണ് ചങ്ങരംകുളം എസ് ഐ. കെ പി മനേഷിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ പിടികൂടിയത്. രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണ് രണ്ടിടത്ത് നിന്നും പിടിച്ചെടുത്തത്. കൊളത്തൂര്‍ ഓണപ്പുടയില്‍ ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം എ എസ് പി സുജിത്ത് ദാസ് പെരിന്തല്‍മണ്ണ ഡി വൈ എസ് പി സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കാറിന്റെ മുന്‍ഭാഗത്തെ സീറ്റിനടിയിലെ രഹസ്യ അറയില്‍ കടത്തുകയായിരുന്നു. കൊളത്തൂര്‍ ഓണപ്പുട ടൗണില്‍ പുലാമന്തോള്‍ റോഡില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം പട്ടാമ്പിയില്‍ എത്തിച്ച പണം കീഴാറ്റൂര്‍ ഭാഗത്തേക്ക് കൊണ്ടുവന്നതായിരുന്നു.

പുതിയ രണ്ടായിരം രൂപ നോട്ടുകളായ പണത്തിന്റെ ഉറവിടത്തെപ്പറ്റിയും വിതരണക്കാരെയും വിവരങ്ങളും സംഘത്തിന് ലഭിച്ചു. പ്രതികളുടെ മൊഴി പ്രകാരം മുഖ്യ വിതരണക്കാരനായ കീഴാറ്റൂര്‍ പൂന്താവനം സ്വദേശി ഹാരിഷ് എന്നയാളുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ ഇയാള്‍ ഒളിവില്‍ പോയതായാണ് വിവരം. പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ കുഴല്‍പ്പണ കടത്ത് സംഘത്തെ കുറിച്ച് വിവരം ലഭിച്ചതായും തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എ എസ് പി സുജിത് ദാസ് അറിയിച്ചു.
എ എസ് ഐ മോഹന്‍ദാസ്, എന്‍ ടി കൃഷ്ണ കുമാര്‍, എം മനോജ് കുമാര്‍, ദാനേഷ്, വിനോജ്, നവിന്‍പാസ്‌കല്‍, വിജയന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ചങ്ങരംകുളം പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ എട്ടോടെ വളയംകുളത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുളള കാറില്‍ നിന്ന് പണം പിടികൂടിയത്. കൂടുതല്‍ അന്വേഷണം നടത്തിയാലേ പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയൂവെന്നും എസ് ഐ പറഞ്ഞു. പിടികൂടിയ തുകയും പ്രതികളെയും കോടതിയില്‍ ഹാജരാക്കിയ ശേഷം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. എസ് ഐയെ കൂടാതെ സീനിയര്‍ സി പി ഒ ബൈജു, സി പി ഒമാരായ രതീഷ്, സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.