കോഫി ഹൗസിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ തോല്‍പ്പിക്കും: ഉമ്മന്‍ചാണ്ടി

Posted on: March 25, 2017 9:59 am | Last updated: March 25, 2017 at 9:45 am

തൃശൂര്‍: ജനവിശ്വാസം നേടിയ കോഫി ഹൗസിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ നീതി ബോധമുള്ള കേരളീയ സമൂഹം എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൃശൂരില്‍ കോഫി ബോര്‍ഡ് ആസ്ഥാനത്ത് പ്രതിരോധസമരം നടത്തുന്ന ഇന്ത്യന്‍ കോഫി ഹൗസ് തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ കോഫി ഹൗസ് തെക്കന്‍മേഖലാ ആസ്ഥാനത്ത് അവിഹിതവും നിയമവിരുദ്ധമായും ഇടപെടുന്നുവെന്ന തൊഴിലാളികളുടെ ആക്ഷേപം പരിശോധിക്കാന്‍ വ്യവസായ മന്ത്രി എ സി മൊയ്തീന്‍ തയ്യാറാവണം. സ്വന്തം ജില്ലയില്‍ നടന്ന സംഭവങ്ങളില്‍ ദൃക്‌സാക്ഷിയാകുകയല്ല മന്ത്രി ചെയ്യേണ്ടത്.

സ്ഥാപനത്തില്‍ ക്രമക്കേടുകളുണ്ടെങ്കില്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ആര്‍ക്കും പരിശോധിക്കാം. കോഫി ബോര്‍ഡില്‍ എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ടെങ്കിലും ആരും രാഷ്ട്രീയാടിസ്ഥാനത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതിനെക്കുറിച്ച് സി പി എം നിലപാട് വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ജനാധിപത്യ പ്രക്രീയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയാണ് ബോര്‍ഡിനുള്ളത്. ഇല്ലാത്ത ഭൂരിപക്ഷമുണ്ടാക്കി ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ തൊഴിലാളികളുടെ വിജയത്തിന്റെ പ്രതീകമാണ് ഇന്ത്യന്‍ കോഫി ഹൗസും കോഴിക്കോട് ഊരാളിങ്കല്‍ സൊസൈറ്റിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.