അന്വേഷണ സംഘത്തെ എസ് വൈ എസ് അഭിനന്ദിച്ചു

Posted on: March 24, 2017 9:46 pm | Last updated: March 24, 2017 at 9:46 pm

കാസര്‍കോട്: പഴയ ചൂരിയിലെ പള്ളിയോട് ചേര്‍ന്ന് കിടക്കുന്ന മുറിയില്‍ കയറി മദ്‌റസാധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഘത്തെ വളരെ വേഗത്തില്‍ അറസ്റ്റ് ചെയ്ത പോലീസ് വകുപ്പിനെ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ എന്നിവര്‍ അഭിനന്ദിച്ചു.

വര്‍ഗീയ ലഹളയുണ്ടാക്കുന്ന വിധത്തില്‍ മത സ്ഥാപനത്തില്‍ കയറി മതരംഗത്ത് സേവനം ചെയ്യുന്ന ഉസ്താദിനെ കൊലപ്പെടുത്തിയ സംഭവം നാടിനെ മൊത്തം ഞെട്ടിച്ചതും അങ്ങേയറ്റം ഭീതിതമായിരുന്നു. സംഘര്‍ഷം വ്യാപിക്കാതെ ശ്രദ്ധിക്കുകയും അതേസമയം പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ ജാഗ്രത കാട്ടുകയും ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടി സമാധാനകാംക്ഷികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.

മുമ്പ് നടന്ന വര്‍ഗീയ സംഭവങ്ങളില്‍ പ്രതികള്‍ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇത് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നുണ്ട്. പ്രതികളും സംഭവത്തിനു പിന്നിലെ ശക്തികളും രക്ഷപ്പെടാതിരിക്കാന്‍ പഴുതടച്ച അന്വേഷണം ആവശ്യമാണെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.