വിജിലന്‍സിന്റെ അഴിമതിപ്പട്ടിക

Posted on: March 24, 2017 6:00 am | Last updated: March 23, 2017 at 11:43 pm

മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസാരം വിജിലന്‍സ് തയ്യാറാക്കിയ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി സൂചിക പുറത്തു വന്നിരിക്കുന്നു. ഇതനുസരിച്ചു സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിലും റവന്യൂ വകുപ്പിലുമാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്. യഥാക്രമം 10.34 ഉം 9.24ഉം ശതമാനം. ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, പോലീസ്, ജലസേചനം, ഭക്ഷ്യം, എക്‌സൈസ്, മൈനിംഗ്, വാണിജ്യനികുതി വകുപ്പുകളിലും അഴിമതിയുടെ തോത് മോശമല്ലെന്ന് പട്ടിക വ്യക്തമാക്കുന്നു. 61 സര്‍ക്കാര്‍ വകുപ്പുകളില്‍ നേരിട്ടും, ഓണ്‍ ലൈന്‍ വഴിയും നടത്തിയ അഭിപ്രായ സര്‍വേക്ക് ശേഷമാണ് പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിച്ചത്. കൈ ക്കൂലി, നിശ്ചിത സമയത്ത് സേവനം ലഭ്യമാക്കാതിരിക്കുക, അര്‍ഹമായ സേവനങ്ങള്‍ നിഷേധിക്കല്‍, അധികാര ദുര്‍വിനിയോഗത്തിലൂടെ പൊതുപണം നഷ്ടപ്പെടുത്തല്‍, നിലവാരമില്ലാത്ത സേവനം നല്‍കല്‍, ജനോപകാരപ്രദമല്ലാത്ത പദ്ധതികള്‍ നടപ്പാക്കല്‍ തുടങ്ങിയവ അഴിമതിയില്‍ ഉള്‍പ്പെടുത്തി. രണ്ട് മാസത്തെ പരിശോധനയിലൂടെയാണ് അതിന്റെ തോത് കണക്കാക്കിയത്.
വിജിലന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചു സംസ്ഥാനത്തെ മൊത്തം ഉദ്യോഗസ്ഥ അഴിമതി അഞ്ച് ശതമാനത്തില്‍ താഴെയാണ്. അതേസമയം അന്താരാഷ്ട്ര അഴിമതിവിരുദ്ധ ഗ്രൂപ്പായ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ അടുത്തിടെ കേരളത്തിലുള്‍പ്പെടെ രാജവ്യാപകമായി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് ഉദ്യോഗസ്ഥരില്‍ എഴുപത് ശതമാനവും അഴിമതിക്കാരാണെന്നാണ്. ഏറെ അന്തരമുണ്ട് ഈ റിപ്പോര്‍ട്ടുകള്‍ തമ്മില്‍. ഉദ്യോഗസ്ഥ അഴിമതി അഞ്ച് ശതമാനത്തില്‍ ഒതുങ്ങുന്നതല്ലെന്ന് വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ആപ്പീസുകളില്‍ കയറിയിറങ്ങുന്ന സാധാരണക്കാര്‍ക്ക് നന്നായറിയാവുന്നതുമാണ്. പരിമിതമായ സൗകര്യങ്ങളും കുറഞ്ഞ കാലയളവുമായിരിക്കണം വിജലന്‍സ് അന്വേഷണത്തിലെ അളവിന്റെ താഴ്ചക്ക് കാരണം.
മുന്‍കാല സര്‍ക്കാര്‍ കാലത്തെ അഴിതി തുറന്നു കാട്ടി കേരളത്തെ അഴിമതിമുക്ത സംസ്ഥാനമാക്കുന്ന പ്രഖ്യാപനത്തോടെയാണ് നിലവിലെ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയത്. അഴിമതി തുടച്ചു നീക്കണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ടു ഉയരുന്ന പരാതികളില്‍ സത്യസന്ധമായ അന്വേഷണം നടക്കുകയും കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കേണ്ടതുമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായ അന്വേഷണത്തിനുള്ള അധികാരവും സാഹചര്യവും ഇതിനാവശ്യമാണ്. എന്നാല്‍ അഴിമതിയെക്കുറിച്ചു അന്വേഷിച്ചില്ലെങ്കില്‍ വിമര്‍ശം, അന്വേഷിച്ചാലും വിമര്‍ശം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ സര്‍ക്കാറും വിജിലന്‍സും അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന പരാതിയായി, അന്വേഷണം ഊര്‍ജിതമാക്കിയാല്‍ സംസ്ഥാനത്ത് വിജിലന്‍സ് രാജെന്ന കുറ്റപ്പെടുത്തല്‍. മാത്രമല്ല, അന്വേഷണ വിധേയമായ ഉന്നതോദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തും ഫയലുകള്‍ വെച്ചു താമസിപ്പിച്ചും സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കുകയും ചെയ്യും. വിജിലന്‍സിന്റെ ആത്മവീര്യം നശിപ്പിക്കുന്ന സ്ഥിതിവിശേഷമാണിപ്പോള്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമുഖരുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ചിരിക്കുന്നത്.
അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ളവരാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും. സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു വിജിലന്‍സിന്റെ തലപ്പത്ത് എത്തിയ ഉടനെ ജേക്കബ് തോമസ് ചെയ്തത്. മുന്‍കാല അഴിമതിയുമായി ബന്ധപ്പെട്ട് ആറ് പ്രധാന വകുപ്പുകളിലെ അഴിമതിക്കാരായ 1700ലേറെ പേരുടെ പട്ടികയും അദ്ദേഹം തയ്യാറാക്കി. മുന്‍ ജനപ്രതിനിധികളും കലക്ടര്‍മാരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം അടങ്ങുന്നതാണ് പ്രസ്തുത പട്ടിക. ഇതനുസരിച്ചു കുറ്റാരോപിതര്‍ക്കെതിരെ അന്വേഷണവുമായി വിജിലന്‍സ് മുന്നോട്ട് പോയപ്പോള്‍ നാല് ഭാഗത്തു നിന്നും കോടതിയില്‍ നിന്നു പോലും വിമര്‍ശമുയര്‍ന്നു. ഉന്നതരായ രാഷട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നു കോടതി വിമര്‍ശം. വന്‍കിടക്കാര്‍ക്കെതിരെയുള്ള പരാതികള്‍ സ്വീകരിക്കില്ലെന്ന കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാന മന്ദിരത്തിലെ നോട്ടീസ് ബോര്‍ഡിലെ അറിയിപ്പ് വിജിലന്‍സ് നേതൃത്വം അനുഭവിക്കുന്ന ഈ സമ്മര്‍ദത്തിന്റെ പ്രതിഫലമായിരുന്നല്ലോ. ഈ പ്രതീകാത്മക വിമര്‍ശവും ഏറെ വിവാദമുയര്‍ത്തി.
ജനങ്ങള്‍ നേരിട്ടു ഇടപെടുന്ന വകുപ്പുകളില്‍ ഇ- ഗവേണിംഗ് സംവിധാനം പരമാവധി ഏര്‍പ്പെടുത്തുക, പുതുതായി നിയമിക്കുന്നവര്‍ക്ക് അഴിമതിവിരുദ്ധ സേവനത്തിനുള്ള പരിശീലനം നല്‍കുക, മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ആഭ്യന്തര വിജിലന്‍സ് ഉടന്‍ രൂപവത്കരിക്കുക തുടങ്ങിയ ചില നിര്‍ദേശങ്ങള്‍ പട്ടികയോടൊപ്പം വിജിലന്‍സ് മുന്നോട്ടു വെച്ചിട്ടുണ്ട്. ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതോടൊപ്പം ഉദ്യോഗസ്ഥ അഴിമതി പരാതിപ്പെടാനായി സര്‍ക്കാര്‍ കഴിഞ്ഞ മാസം ആരംഭിച്ച ‘ഫോര്‍ ദി പീപ്പിള്‍ ‘ വെബ്‌സൈറ്റിന്റെ വിവരം സാധാരണക്കാരിലെത്തിക്കുകയും അത് പ്രയോജനപ്പെടുത്തുന്നതിനുള്ള ബോധവത്കരണം നടത്തുകയും വേണം. എല്ലാറ്റിനുമുപരി കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിക്കാനുള്ള മാര്‍ഗമായി കണ്ട് കൈക്കൂലിയും അഴിമതിയുമായി പൊരുത്തപ്പെട്ടു പോകുന്ന പൊതുജനത്തിന്റെ ചിന്താഗതിയിലും മാറ്റം വരണം. ഒരു കാരണവശാലും കൈക്കൂലി നല്‍കി കാര്യം സാധിക്കില്ലെന്ന് ജനം തീരുമാനിച്ചെങ്കില്‍ മാത്രമേ ഇത് ഇല്ലായ്മ ചെയ്യാനാകൂ.