മൊസൂളില്‍ ആറ് ലക്ഷം ജനങ്ങള്‍ ദുരിതത്തില്‍

Posted on: March 24, 2017 8:30 am | Last updated: March 23, 2017 at 11:34 pm

മൊസൂള്‍: ഇസില്‍വിരുദ്ധ ആക്രമണം ശക്തമായ പശ്ചിമ മൊസൂളില്‍ ആറ് ലക്ഷത്തോളം ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി യു എന്‍. ഇസില്‍ ഭീകരരുടെ നിയന്ത്രണത്തിലുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ആയിരങ്ങള്‍ ഇപ്പോഴും ദുരിതം അനുഭവിക്കുകയാണെന്നും ഇവരെ രക്ഷപ്പെടുത്താതെ ആക്രമണം തുടരുകയാണെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമെന്നും യ എന്‍ മുന്നറിയിപ്പ് നല്‍കുന്നു. മൊസൂളില്‍ യു എസ് സൈന്യത്തിന്റെ പിന്തുണയോടെ ഇറാഖ് സൈന്യം നടത്തുന്ന മുന്നേറ്റം അവസാന ഘട്ടത്തിലെത്തിയന്ന അവകാശവാദം നിലനില്‍ക്കുമ്പോഴാണ് യു എന്‍ റിപ്പോര്‍ട്ട് എന്നത് ശ്രദ്ധേയമാണ്. ഭക്ഷണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാതെ മൊസൂളില്‍ ജനങ്ങള്‍ വലയുകയാണെന്നും ഏറ്റുമുട്ടല്‍ നടക്കുന്ന മൊസൂളിലെ പുരാതന നഗരത്തില്‍ മാത്രം നാല് ലക്ഷത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് യു എന്നിന്റെ റിപ്പോര്‍ട്ട്.

അതേസമയം, ഇസില്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ രക്ഷപ്പെടുത്താന്‍ സൈന്യവും പോലീസും ശ്രമം നടത്തുന്നുണ്ടെന്നും ജനവാസ കേന്ദ്രങ്ങളിലെ വ്യോമാക്രമണമടക്കമുള്ള സൈനിക മുന്നേറ്റങ്ങള്‍ ഇതിന് ശേഷമെ ഉണ്ടാകുകയുള്ളുവെന്നും ഇറാഖ് അധികൃതര്‍ വ്യക്തമാക്കി. മൊസൂളില്‍ നിന്ന് ഇതിനകം ലക്ഷക്കണക്കിനാളുകളെ സൈന്യവും പോലീസും ഇടപെട്ട് രക്ഷപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, ഇസില്‍ കേന്ദ്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ മനുഷ്യക്കവചമാക്കി രക്ഷപ്പെടാനും സൈന്യത്തിനെതിരെ ആക്രമണം നടത്താനുമുള്ള ശ്രമമാണ് ഇസില്‍ നടത്തുന്നതെന്ന സൂചനയുണ്ട്.

2014ല്‍ ഇസില്‍ ഭീകരര്‍ പിടിച്ചെടുത്ത വടക്കന്‍ ഇറാഖിലെ മൊസൂളിലേക്ക് കഴിഞ്ഞ വര്‍ഷാവസാനമാണ് ഇറാഖ് സേന മുന്നേറ്റം ആരംഭിച്ചത്. കിഴക്കന്‍ മൊസൂളിലെ സൈനിക മുന്നേറ്റം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സൈന്യം പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങിയത്. തീവ്രവാദികളുടെ ഖലീഫയായി അറിയപ്പെടുന്ന അബൂബക്കര്‍ ബഗ്ദാദിയുടെ ഒളിസങ്കേതമടക്കം മൊസൂളിലുണ്ടെന്നാണ് വിവരം.