Connect with us

Kerala

അഴിമതി കൂടുതലെങ്കിലും പരാതി പറയാന്‍ ജനത്തിന് മടി

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ അഴിമതി കൂടുതലെങ്കിലും ഇത് പുറത്ത് പറയാന്‍ പൊതുജനങ്ങള്‍ വിമുഖത കാണിക്കുന്നു. കാര്യസാധ്യത്തിനായി ജനങ്ങള്‍ വളഞ്ഞ വഴി സ്വീകരിക്കുന്നതാണ് അഴിമതിക്ക് വഴിയൊരുക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിയെക്കുറിച്ച് പരാതിപ്പെടാന്‍ രണ്ട് മാസം മുമ്പ് തദ്ദേശവകുപ്പ് ഫോര്‍ ദി പീപ്പിള്‍ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് തന്നെ ആരംഭിച്ചിരുന്നു. ഇതില്‍ ഇന്നലെ വരെ ലഭിച്ചത് 269 പരാതികളാണ്. ഇതില്‍ 207ലും ഇതിനകം തീര്‍പ്പുണ്ടാക്കി. സംസ്ഥാനത്തെ മൊത്തം അഴിമതിയുടെ 10.34 ശതമാനം അഴിമതിയും തദ്ദേശ വകുപ്പിലാണ് നടക്കുന്നതെന്ന് വിജിലന്‍സ് സര്‍വേ വ്യക്തമാക്കുമ്പോഴാണ് ഈ കണക്ക്. പരാതിപ്പെടാന്‍ സംവിധാനമുണ്ടായിട്ടും ജനം മടിക്കുന്നുവെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാതലത്തില്‍ അഴിമതിക്കെതിരായ നടപടി കര്‍ക്കശമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

അഴിമതിയുടെ കാര്യത്തില്‍ റവന്യൂ (9.24), പൊതുമരാമത്ത് (5.32) വകുപ്പുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഏറ്റവും കുറച്ച് അഴിമതി നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഭരിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിലാണ്. ഇവിടെ .22 ശതമാനം മാത്രമാണ് അഴിമതി നടക്കുന്നത്. അതേസമയം, അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള ആഭ്യന്തര വകുപ്പ് അഴിമതിയുടെ കാര്യത്തില്‍ ബഹുദൂരം മുന്നിലാണ്. പോലീസിലെ അഴിമതി 4.66 ശതമാനമാണ്. അഴിമതിയുടെ കാര്യത്തില്‍ പോലീസ് ഏഴാം സ്ഥാനത്താണ്. പൊതുമരാമത്ത് വകുപ്പില്‍ അഴിമതിക്കെതിരെ സന്ധിയില്ലാ സമരമാണ് മന്ത്രി ജി സുധാകരന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വകുപ്പിലെ സ്ഥലംമാറ്റത്തിലുള്‍പ്പെടെ നിലനിന്നിരുന്ന കൊടിയ അഴിമതി അദ്ദേഹം ഇല്ലാതാക്കി. പുത്തന്‍ സാങ്കേതിക സംവിധാനങ്ങളിലൂടെ അഴിമതിരഹിത പദ്ധതികള്‍ നടപ്പാക്കുമ്പോഴും മരാമത്ത് വകുപ്പിലെ താഴെത്തട്ടില്‍ ഇപ്പോഴും അഴിമതി വ്യാപകമാണെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു. ജനങ്ങളുമായി അടുത്തിടപഴകേണ്ട വിഭാഗമാണ് പൊതുമരാമത്ത്. അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നിലകൊള്ളേണ്ട വകുപ്പിലെ അഴിമതി ഗൗരവമായി കാണണമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു.

വിജിലന്‍സ് വകുപ്പില്‍ ലഭിച്ച പരാതികളുടെയും ഓണ്‍ലൈന്‍ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് സര്‍വേ നടത്തിയത്. ഇതിന്റെ പകര്‍പ്പ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി അഴിമതി സംബന്ധിച്ച സ്ഥിതിവിവരകണക്കുകള്‍ അദ്ദേഹം വിജിലന്‍സ് ഡയറക്ടറോട് ആരാഞ്ഞിരുന്നു. സംസ്ഥാനത്ത് നിലകൊള്ളുന്ന 61 വകുപ്പുകളെയും സര്‍വേയില്‍ ഉള്‍പ്പെടുത്തി. കൊടിയ അഴിമതി നടക്കുന്നവ, അഴിമതി ശക്തമായവ, ഇടത്തരം അഴിമതി, കുറഞ്ഞതോതില്‍ അഴിമതി, വളരെ കുറച്ച് അഴിമതി നടക്കുന്നവ എന്നിങ്ങിനെയാണ് വകുപ്പുകളെ തരംതിരിച്ചത്. കൊടിയ അഴിമതി നടക്കുന്നതില്‍ ഏറ്റവും മുന്നില്‍ തദ്ദേശവകുപ്പാണ് (10.34). പിന്നില്‍ നില്‍ക്കുന്നത് കൃഷി വകുപ്പാണ് (2.50). അഴിമതി ശക്തമായ വകുപ്പുകളില്‍ മുന്നില്‍ ഭക്ഷ്യസുരക്ഷയും (2.23) ഏറ്റവും പിന്നില്‍ ഫിഷറീസുമാണ് (1.01). ഇടത്തരം അഴിമതി നടക്കുന്ന വകുപ്പുകളില്‍ കായിക യുവജനക്ഷേമമാണ് മുന്നില്‍ (.88). ഇന്‍ഷ്വറന്‍സ് വകുപ്പാണ് ഇതിലേറ്റവും പിന്നിലുള്ളത് (.62). കുറഞ്ഞതോതില്‍ അഴിമതി നടക്കുന്ന വകുപ്പുകളില്‍ നിയമവകുപ്പാണ് മുന്നില്‍ (.59). ഈ വിഭാഗത്തില്‍ ഏറ്റവും പിന്നിലുള്ളത് വ്യവസായ പരിശീലന വകുപ്പാണ് (.44).