സി ബി എസ് ഇ പരീക്ഷാ ഘടനയിലും പുതിയ അധ്യയന വര്‍ഷത്തില്‍ മാറ്റം

Posted on: March 23, 2017 8:35 pm | Last updated: March 23, 2017 at 8:14 pm

ദോഹ: സി ബി എസ് ഇ വരുത്തിയ പുതിയ പരിഷ്‌കാരം മൂല്യനിര്‍ണയ പ്രക്രിയയെയും രക്ഷിതാക്കള്‍ക്ക് കൈമാറേണ്ട പ്രോഗ്രസ് റിപ്പോര്‍ട്ട് കാര്‍ഡിനെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സി ഇ എസ് ഇ – ഐ, പത്താം ക്ലാസ് പരീക്ഷ, മൂന്നാം ഭാഷ തുടങ്ങിയവയില്‍ സി ബി എസ് ഇ ഈയടുത്ത് വരുത്തിയ മാറ്റങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ ഒരുവിധം ശരിയാക്കിവരുന്നതിനിടയില്‍ വരുത്തിയ ഈ പരിഷ്‌കാരം സ്‌കൂളുകള്‍ക്ക് പ്രയാസമാകുന്നതായി ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

ആറ് മതുല്‍ എട്ട് വരെ ക്ലാസുകാര്‍ക്ക് ഏര്‍പ്പെടുത്തിയ നിരന്തര സമഗ്ര മൂല്യനിര്‍ണയം (സി സി ഇ) പ്രക്രിയക്ക് പകരം രണ്ട് ടേം അടിസ്ഥാനമാക്കിയുള്ള മൂല്യനിര്‍ണയം ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാന്‍ സി ബി എസ് ഇ തീരുമാനിച്ചിരിക്കുകയാണ്. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷക്ക് തയ്യാറാകാന്‍ വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം ജനിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷമാണ് പത്താം ക്ലാസ് പൊതുപരീക്ഷ വരുന്നത്. നേരത്തെ രണ്ട് വീതം ഫോര്‍മേറ്റീവ്, സമ്മേറ്റീവ് പരീക്ഷകള്‍ക്കാണ് വിദ്യാര്‍ഥികള്‍ ഹാജരാകേണ്ടിയിരുന്നത്. പുതിയ മൂല്യനിര്‍ണയം അനുസരിച്ച് രണ്ട് ടേമുകളില്‍ നൂറ് വീതം മാര്‍ക്കുകളുണ്ടാകും. അര്‍ധവാര്‍ഷിക പരീക്ഷക്ക് 80 മാര്‍ക്കും ബാക്കി വരുന്ന 20 മാര്‍ക്ക് സമയബന്ധിത പരീക്ഷ (10 മാര്‍ക്ക്), നോട്ട്ബുക്ക് (അഞ്ച് മാര്‍ക്ക്), സബ്ജക്ട് എന്റിച്ച്‌മെന്റ് (അഞ്ച് മാര്‍ക്ക്) എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ഓരോ സ്‌കൂളും വ്യത്യസ്ത റിപ്പോര്‍ട്ട് കാര്‍ഡുകളാണ് നല്‍കുന്നത് എന്നതിനാല്‍ സ്‌കൂള്‍ മാറുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് പ്രയാസമുണ്ടാക്കും. സി ബി എസ് ഇ സിലബസില്‍ സ്‌കൂള്‍ മാറ്റം സുഗമമാക്കുന്നതിന് സ്‌കൂളുകള്‍ക്കിടയില്‍ തുല്യമായ രീതിയില്‍ റിപ്പോര്‍ട്ട് കാര്‍ഡും പാറ്റേണും സി ബി എസ് ഇ തയ്യാറാക്കിയിട്ടുണ്ട്.

സ്‌കോര്‍ സമയബന്ധിത പരീക്ഷ, സബ്ജക്ട് എന്റിച്ച്‌മെന്റ്, അര്‍ധവാര്‍ഷിക പരീക്ഷ, കറസ്‌പോണ്ടിംഗ് ഗ്രേഡ് തുടങ്ങിയവ അനുസരിച്ച് ഓരോ വിഷയത്തിന്റെയും സ്‌കോര്‍ പുതിയ റിപ്പോര്‍ട്ട് കാര്‍ഡിലുണ്ടാകും. കോ സ്‌കോളസ്റ്റിക് ഏരിയ (തൊഴില്‍ വൈദഗ്ധ്യം, വര്‍ക് എജുക്കേഷന്‍, കലാ പ്രകടനം, മനോഭാവവും മൂല്യവും), അച്ചടക്കം എന്നിവക്ക് മൂന്ന് പോയിന്റുണ്ടാകും. പതിനൊന്നാം ക്ലാസ് റിപ്പോര്‍ട്ട് കാര്‍ഡില്‍ കോ സ്‌കോളസ്റ്റിക് മൂല്യനിര്‍ണയത്തിന്റെ അഞ്ച് പോയിന്റ് ഗ്രേഡോഡെ ഒറ്റ വര്‍ഷ ടേം സ്‌കോര്‍ ആണുണ്ടാകുക. സ്‌കൂളുകള്‍ക്ക് പുറമെ രക്ഷിതാക്കളും പുതിയ പരിഷ്‌കരണങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ആറ് മാസത്തെ പാഠഭാഗം മുഴുവന്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടി വരുമെന്നതാണ് പ്രധാന പ്രശ്‌നം. നേരത്തെയിത് മൂന്ന് മാസമായിരുന്നു. അതേസമയം, പ്രധാന ക്ലാസായ പത്തില്‍ എത്തുന്നതിന് മുമ്പ് പഠനഭാരം ശീലിക്കുന്നതിന് ഇത് കാരണമാകുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.