Connect with us

Gulf

കത്തെഴുതി കണക്കു തീര്‍ക്കുന്നു പ്രവാസികള്‍

Published

|

Last Updated

ഗള്‍ഫിലിരുന്ന് പ്രവാസികള്‍ ഉറ്റവര്‍ക്കെഴുതിയ കത്തുകള്‍ ഒരു ഫോക്ക് ലോറാണ്. കത്തുകളുടെ ഒരുപാട് കഥകളും കത്തുപാട്ടുകളും ആവിഷ്കരിക്കപ്പെട്ടു. ഗ്രാമത്തിലെ പോസ്‌റ്റോഫീസുകളും പോസ്റ്റുമാന്‍മാരും ജനപ്രിയരായി മാറിയതും ഇന്നും ഒരു നൊസ്റ്റാള്‍ജിയയായി അവ നിലനില്‍ക്കുന്നതും ഗള്‍ഫ് കത്തുകളുടെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുടെ ഓരം ചേര്‍ന്നാണ്. കത്തെഴുത്തിലെ സാഹിത്യം വരെ ചര്‍ച്ച ചെയ്യപ്പെട്ടു. ആണ്ടുകളോളം തകരപ്പെട്ടിയിലും അലമാരകളിലും സൂക്ഷിക്കപ്പെടുകയും പലയാവൃത്തി വായിക്കപ്പെടുകയും ചെയ്ത പാരമ്പര്യവും കത്തുകള്‍ക്കുണ്ട്. എയര്‍മെയില്‍ കവറുകളും ഇന്‍ലന്‍ഡുകളും ലറ്റര്‍ പാഡുകളുമെല്ലാം കടലു കടന്നിങ്ങോട്ടും അങ്ങോട്ടുമൊക്കെ പറന്നു കൊണ്ടേയിരുന്നു. ദിവസങ്ങളും ആഴ്ചകളും കാത്തിരുന്ന കത്ത്കാലം പൈങ്കിളിയമായി പറഞ്ഞാല്‍ മനസ്സുകളില്‍ പൂത്തിരി വിടരുന്ന കാലം കൂടിയായിരുന്നു. കഥയിലും നോവലിലും സിനിമകളിലുമെല്ലാം പ്രവാസികളുടെ കത്തുകള്‍ കഥാപാത്രങ്ങളും ദൃശ്യങ്ങളുമായി.

പോകെപ്പോകെ ടെലിഫോണും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് വിളികളും അരങ്ങു കയറിയപ്പോള്‍ കത്തെഴുത്തു കടലെടുത്തു പോയി. എഴുത്തിന്റെ സര്‍ഗാത്മകതയില്‍ നിന്നും വിശേഷപ്പറച്ചിലുകളുടെ വാമൊഴികളിലേക്ക് കാലം പ്രവാസികളെ പറിച്ചു നട്ടു. വരണ്ട വര്‍ത്തമാനങ്ങളിലൂടെ വിശേഷങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞു കൊണ്ടിരുന്നെങ്കിലും കത്തുകളില്‍ കൊടുത്തയച്ചിരുന്ന സര്ഗാത്മകമായ ഭാഷകളും അവയിൽ ഒളിപ്പിച്ചുവെച്ച സ്വപ്‌നങ്ങളും വായ്ത്താരികളിൽ അടക്കം ചെയ്തില്ല. വെള്ളപ്പേപ്പറിന്റെ ഇരുപുറവും പന്നെ വശങ്ങളില്‍ വിലങ്ങനെയും കുനുകുനെ എഴുതിയിരുന്ന വിശേഷങ്ങളുടെ രസം പറച്ചിലുകൾ പകര്‍ത്തി വെച്ചില്ല. പിന്നെന്താ, വെറെയെന്താ ചോദിക്കലുകളിലൂടെ ആവർത്തനങ്ങൾ അഥവാ പറയാനില്ലായ്കയുടെ നേരം കളയലുകൾ. നിര്‍വികാരമായ ഒരു വ്യായാമമായി ആശയവിനിമയങ്ങൾ പരിണമിച്ചു.

ഇന്റര്‍നെറ്റിന്റെ പിറകേ വന്ന സോഷ്യല്‍ മീഡിയ കാലം പക്ഷേ പ്രവാസികളെ വീണ്ടും എഴുത്തുകാരാക്കി മാറ്റിയിരിക്കുന്നു. ഇപ്പോള്‍ പെരും എഴുത്താണ്. ഇനി അക്ഷരമറിഞ്ഞില്ലെങ്കിലും കുഴപ്പമില്ലെന്നു കരുതിയിരുന്നവര്‍ക്കെല്ലാം തെറ്റി. പേനക്കു പകരം വിരല്‍ത്തുമ്പു കൊണ്ട് കയ്യക്ഷരപ്രശ്‌നങ്ങളില്ലാതെ മലയാളത്തിലെഴുതാവുന്ന ഗൂഗിള്‍ ആപ്പുകൂടി വന്നതോടെ ഒട്ടുമിക്ക മലയാളികളും ഇപ്പോള്‍ എഴുത്തുകാരായി. വാട്‌സ് ആപ്പിലെ തത്സമയ അപ്‌ഡേറ്റുകള്‍ ഇപ്പോള്‍ എഴുത്തിലാണ്. കത്തെഴുതാന്‍ അറയ്ച്ചിരുന്നവര്‍ അങ്ങോട്ടും ഇങ്ങോട്ടും എഴുതിക്കൊണ്ടേയിരിക്കുന്നു.

കത്തില്‍ കാര്യങ്ങളെഴുതണം. പിന്നെന്താ വേറെയെന്താ ചോദ്യങ്ങള്‍ വിലപ്പോകില്ല. വീട്ടുകാര്‍ക്കു മാത്രമല്ല, കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം എഴുതണം. പണ്ട് കത്തില്‍ അന്വേഷണം പറയൂ എന്നൊരു വാചകത്തിലൊതുക്കാമായിരുന്നു. ഇപ്പോള്‍ അതു പറ്റില്ല. വാട്‌സ് ആപ്പില്‍ വിശേഷം ചോദിച്ചേ പറ്റൂ. കുടുംബ ഗ്രൂപ്പുകളും നാട്ടു ഗ്രൂപ്പുകളും കൂട്ടുകാരുടെയും സഹപാഠികളുടെയും പാര്‍ട്ടിക്കാരുടെയും സംഘടനകളുടെയുമെല്ലാം ഗ്രൂപ്പുകളുണ്ട്. എല്ലായിടത്തും തട്ടുപൊളിപ്പന്‍ സംവാദങ്ങള്‍, നേരമ്പോക്കുകള്‍, കോമഡികള്‍.. എഴുത്തിടപെടലിന്റെ മഹാ അവസരങ്ങളില്‍ മുങ്ങിത്തപ്പേണ്ടി വരികയാണ്.

വല്ലപ്പോഴും എഴുതേണ്ടി വരാത്തവര്‍ ആരുണ്ട്. വോയ്‌സ് നോട്ട് സൗകര്യം വന്നപ്പോള്‍ പ്രസംഗിച്ചു പഠിച്ചതു പോലെ ഗൂഗിള്‍ മലയാളം എഴുതാനും പഠിപ്പിക്കുകയയാണ്. നിത്യവും ഭാര്യമാര്‍ക്ക് വാട്‌സ് ആപ്പില്‍ കത്തെഴുതുന്നവരാണിന്നു പ്രവാസികള്‍. കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊക്കെ എഴുതുന്നു. അങ്ങനെ എഴുത്തു മലയാളം പുഷ്ടിപ്പെടുകയാണ്. തിരിച്ചു വരില്ലെന്നു കരുതിയ കത്തുകാലം സ്മാര്‍ട്ട് ഫോണുകളിലൂടെ തിരികെയെത്തി. ഫേസ്ബുക്ക് കാലം കുറേ കവികളും കഥാകൃത്തുക്കളും ലേഖകരുമുള്‍പ്പെടെയുള്ള എഴുത്തുകാരെ ഉണ്ടാക്കിയതു പോലെ വാട്‌സ് ആപ്പു കാലം മലയാളികളെ വിശിഷ്യാ പ്രവാസികളെയും കേരളത്തിലെ വീട്ടമ്മമാരെയും തോണ്ടിയെഴുത്തുകാരാക്കിത്തീർത്തു.
പണ്ട് മണലില്‍ വിരലുകൊണ്ടെഴുതിയാണത്രെ എഴുത്തു പഠിച്ചിരുന്നത്. പെന്‍സിലും പേനയും കംപ്യൂട്ടറും അതു മായ്ച്ചു കളഞ്ഞെങ്കിലും വീണ്ടും വിരല്‍ത്തുമ്പു കൊണ്ടെഴുതുന്നതിലേക്കുള്ള മടക്കം കൂടിയാണ് ഈ എഴുത്തുകള്‍.