International
ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വിലക്കും: അമേരിക്കക്ക് പിന്നാലെ ബ്രിട്ടനും

ലണ്ടന്‍: മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തിയ യു എസ് അധികൃതരുടെ തീരുമാനത്തിന് പിന്നാലെ സമാന നീക്കവുമായി ബ്രിട്ടന്‍. ബ്രിട്ടനിലെ വിമാനത്താവളങ്ങളിലേക്ക് എത്തുന്ന നേരിട്ടുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് പ്രധാനമന്ത്രി തെരേസ മെയുടെ ഉത്തരവ്. ട്രംപ് ഭരണകൂടത്തെ പോലെ മുസ്‌ലിം, കുടിയേറ്റവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന രാജ്യമാണ് ബ്രിട്ടന്‍.
സഊദി അറേബ്യ, ടുണീഷ്യ, തുര്‍ക്കി, ജോര്‍ദാന്‍, ലബനാന്‍, ഈജിപ്ത് എന്നി രാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന മുഴുവന്‍ വിമാനങ്ങളിലെയും യാത്രക്കാര്‍ക്ക് നിയമം ബാധകമാണെന്ന് അധികൃതരെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സഊദി അറേബ്യ, കുവൈത്ത്, ഖത്വര്‍ എന്നീ ജി സി സി രാജ്യങ്ങളില്‍ നിന്നടക്കം മുസ്‌ലിം രാജ്യങ്ങളിലെ പത്ത് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു എസ് അധികൃതര്‍ ഉത്തരവിറക്കിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബ്രിട്ടന്റെ വിലക്ക്. മൊബൈല്‍ ഒഴികെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ക്കാണ് ഇരുരാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയത്. ടാബ്‌ലെറ്റ്, ലാപ്പ്‌ടോപ്പ്, ക്യാമറ തുടങ്ങി ദീര്‍ഘദൂര യാത്രക്കാര്‍ ഉപയോഗിക്കാറുള്ള ഉപകരണങ്ങള്‍ക്കാണ് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്.
യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് പുതിയ വിലക്കേര്‍പ്പെടുത്തിയതെന്ന വിലകുറഞ്ഞ ന്യായീകരണമാണ് ബ്രിട്ടീഷ് അധികൃതര്‍ പറയുന്നത്.
16 സെ.മി നീളവും 9.3 സെ.മി വീതി വരെയുള്ള ഉപകരണങ്ങള്‍ കൊണ്ടുവരാമെന്നും ഇതില്‍ കൂടുതലുള്ളവ വിമാനത്തിലേക്ക് കയറ്റാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനുള്ള ശ്രമം രണ്ടാംവട്ടവും പരാജയപ്പെട്ടതോടെയാണ് പുതിയ നടപടിയുമായി ട്രംപ് ഭരണകൂടം രംഗത്തെത്തിയത്.
യാത്രക്കാര്‍ക്കൊപ്പം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനാണ് വിലക്കുള്ളതെന്നും ലഗേജില്‍ ഇവ ഉള്‍പ്പെടുത്താമെന്നുമാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍, ലാപ്‌ടോപ്പടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ലഗേജിലാക്കിയാല്‍ കേടുവരുമെന്നും മോഷണത്തിനുള്ള സാധ്യത കൂടുതലാണെന്നും വിമാന കമ്പനി ജീവനക്കാരും യാത്രക്കാരും അഭിപ്രായപ്പെടുന്നു. ബ്രിട്ടനില്‍ സമാനമായ നിയമം കൊണ്ടുവന്ന 2006ല്‍ ലഗേജ് തുറന്നുള്ള മോഷണം വര്‍ധിച്ചതിനാല്‍ ഇത് ഒഴിവാക്കുകയായിരുന്നു.
അതിനിടെ, മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രക്കാരെ ലക്ഷ്യംവെച്ച് അമേരിക്കയും ബ്രിട്ടനും ഏര്‍പ്പെടുത്തിയ ഇലക്‌ട്രോണിക് വിലക്കിനെതിരെ പ്രതിഷേധം വ്യാപകമായി. ടൂറിസ്റ്റുകള്‍ക്കും ബിസിനസുകാര്‍ക്കും പുതിയ നടപടി ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും.