National
ബാബരി മസ്ജിദ്: ഗൂഢാലോചനാ കേസില്‍ വിധി പറയുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമോയെന്ന കാര്യത്തില്‍ വിധി പറയുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. അദ്വാനിയുടെ അഭിഭാഷകൻ കെ.കെ വേണുഗോപാലിന് കോടതിയിൽ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് നടപടി. കേസ് വീണ്ടും ഏപ്രിൽ ആറിന് പരിഗണിക്കും. അതേസമയം, രാജ്യത്തെ എല്ലാ രാഷ്ട്രീയപാർട്ടികളും ബാബരി വിഷയത്തിലെ നിലപാട് അറിയിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
അദ്വാനി അടക്കമുള്ളവർക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ചുമത്തിയ നടപടി റായ്ബറേലി കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സി.ബി.ഐ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിക്കേണ്ടത്. മാർച്ച് 21 കേസ് പരിഗണിച്ചപ്പോൾ തർക്കം കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ ഒരിക്കൽകൂടി ശ്രമിക്കണമെന്നും സുപ്രീംകോടതി അതിന് മധ്യസ്ഥത വഹിക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ വ്യക്തമാക്കിയിരുന്നു. തുടർന്ന് വിധി പറയുന്നതിനായി കേസ് മാർച്ച് 22ലേക്ക് മാറ്റുകയായിരുന്നു.
മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ നിന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി അടക്കമുള്ളവരെ ഒഴിവാക്കാനാകില്ലെന്ന് ഈ മാസം ആറിന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതികതയുടെ പേരില്‍ അഡ്വാനിയെയും മറ്റും കേസില്‍ നിന്ന് ഒഴിവാക്കിയ കീഴ്‌ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ പ്രതികളായി ഉള്‍പ്പെടുത്തിയ 13 പേര്‍ക്കെതിരെയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി ബി ഐയെ അനുവദിച്ചേക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.
1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് ധ്വംസനം അരങ്ങേറിയത്. ബി ജെ പി നേതാക്കളുടെ നിര്‍ദേശ പ്രകാരമെത്തിയ ലക്ഷക്കണക്കിന് കര്‍സേവകരുടെ നേതൃത്വത്തിലായിരുന്നു അതിക്രമം. ഇതുമായി ബന്ധപ്പെട്ട് രണ്ട് തലത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്ന് അഡ്വാനി അടക്കം വേദിയിലുണ്ടായിരുന്ന നേതാക്കള്‍ക്കെതിരെയും, മറ്റൊന്ന് ആയിരക്കണക്കിന് വരുന്ന കര്‍സേവകര്‍ക്കെതിരെയുമാണ്. ഇവ രണ്ടും ഒരുമിച്ച് പരിഗണിക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അഡ്വാനി അടക്കം ഒരു ഡസനോളം ആളുകളെ റായ്ബറേലിയിലെ കോടതിയാണ് ഗൂഢാലോചനാ കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയത്. അതിനിടെ, ബാബരി മസ്ജിദ്- രാമക്ഷേത്ര തര്‍ക്കം കോടതിക്ക് പുറത്ത് പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ വ്യക്തമാക്കിയിരുന്നു.