രജനീകാന്ത് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം

Posted on: March 22, 2017 11:55 pm | Last updated: March 22, 2017 at 11:53 pm

ന്യൂഡല്‍ഹി: രജനീകാന്ത് ശങ്കര്‍ ടീമിന്റെ ബ്രഹ്മാണ്ഡചിത്രം യെന്തിരന്‍ രണ്ടാം ഭാഗം 2.0യുടെ സെറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. ദി ഹിന്ദു ദിനപത്രത്തിന്റെ രണ്ട് ഫോട്ടോ ജേര്‍ണലിസ്റ്റുകളാണ് ആക്രമിക്കപ്പെട്ടത്. സീനിയര്‍ ഫോട്ടോഗ്രാഫര്‍ എസ് ആര്‍ രഘുനാഥന്‍, ജി ശ്രീഭരത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഇന്നലെ രാവിലെ സിനിമാ ചിത്രീകരണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തങ്ങളെ മര്‍ദിക്കുകയായിരുന്നെന്ന് ആക്രമിക്കപ്പെട്ട മാധ്യമപ്രവര്‍ത്തരില്‍ ഒരാള്‍ ആരോപിച്ചു.

ആളുകളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരിക്കുകയായിരുന്നെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
ആക്രമണത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ സെറ്റില്‍ പ്രതിഷേധം നടത്തുകയും ഷൂട്ടിംഗ് തടസ്സപ്പെടുത്തുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംവിധായകന്‍ ശങ്കറിന്റെ സഹായികളെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം സംഭവം വിവാദമായതോടെ പത്രസമ്മേളനം നടത്തി ശങ്കര്‍ മാപ്പു പറഞ്ഞു.

തന്റെ അറിവോടെയല്ല ഇത് നടന്നതെന്നും മാപ്പ് പറയുന്നതായും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പരാതി പിന്‍വലിച്ചു.
രജനീകാന്ത് മുഖ്യവേഷത്തിലെത്തിയ യെന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. രജനീകാന്ത് മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ്കുമാര്‍, ആമി ജാക്‌സണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അന്തിമഘട്ടത്തിലാണ്.