മദ്‌റസാ അധ്യാപകന്റെ കൊല; പോലീസ് അഴിഞ്ഞാട്ടം; ഹോട്ടലുകളും കടകളും ബൈക്കുകളും തകര്‍ത്തു

Posted on: March 22, 2017 10:48 pm | Last updated: March 22, 2017 at 10:02 pm
ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് കൊല നടന്ന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നു

കാസര്‍കോട്: മദ്‌റസാ അധ്യാപകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കാസര്‍കോട് മണ്ഡലത്തില്‍ നടന്ന ബര്‍ത്താലിനിടെ ഏരിയാലിലും ചളിയങ്കോട്ടും പോലീസിന്റെ അഴിഞ്ഞാട്ടം. എരിയാലില്‍ നിരവധി കടകളും ഹോട്ടലുകളും പോലീസ് അടിച്ച് തകര്‍ത്തു. ചളിയങ്കോട്ട് പോലീസ് സംഘം നിരവധി ബൈക്കുകള്‍ തകര്‍ത്തു.

ഏരിയാലിലെ യാക്കൂബ്, അബ്ബാസ് എന്നിവരുടെ ഹോട്ടലുകള്‍, ഇക്ബാല്‍, സി ബി സത്താര്‍, അബ്ദുല്ല തുടങ്ങിയവരുടെ കടകള്‍ എന്നിവക്ക് നേരെയാണ് പോലീസിന്റെ ആക്രമണമുണ്ടായത്. അടച്ചിട്ട കടകള്‍ക്ക് മുന്നിലെ ബള്‍ബുകളും ട്യൂബുകളും ഹോട്ടലിന്റെ ഗ്ലാസുകളുമടക്കം അടിച്ച് തകര്‍ത്തതായി വ്യാപാരികള്‍ ആരോപിച്ചു. എരിയാലില്‍ പോലീസ് നടത്തിയ അതിക്രമത്തിന്റെ വിവിധ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പോലീസ് കടകളുടെ ട്യൂബ് ലൈറ്റുകള്‍ ലാത്തി കൊണ്ട് അടിച്ച് തകര്‍ക്കുന്നതും വലിയ കല്ലുകളെടുത്ത് കടയുടെ ഷട്ടറുകളിലേക്കിടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
പോലീസ് അതിക്രമം മൊബൈലില്‍ പകര്‍ത്തിയെന്നാരോപിച്ച് തൊട്ടടുത്ത കെട്ടിടത്തില്‍ താമസിക്കുന്ന ദമ്പതികളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചു വാങ്ങിയതായും പരാതിയുണ്ട്.