എസ് എസ് എല്‍ സി കണക്ക് പരീക്ഷ : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Posted on: March 22, 2017 10:14 am | Last updated: March 22, 2017 at 1:14 am

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന എസ് എസ് എല്‍ സി കണക്ക് പരീക്ഷക്ക് വിദ്യാര്‍ഥികളെ വെള്ളം കുടിപ്പിക്കുന്ന തരത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് സര്‍ക്കാറില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു.
പഠിക്കാത്ത പാഠപുസ്തകത്തിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടെ ചോദിച്ച് കുട്ടികളെ വട്ടംചുറ്റിച്ചത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് നോട്ടീസില്‍ നിര്‍ദേശിച്ചു. പരീക്ഷാഭവന്‍ സെക്രട്ടറിയും വിശദീകരണം സമര്‍പ്പിക്കണം.

കണക്ക് ചോദ്യപേപ്പറില്‍ ചോദ്യകര്‍ത്താവ് തന്റെ പ്രതിഭാ പരീക്ഷണമാണ് നടത്തിയതെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി കെ രാജു ചൂണ്ടിക്കാണിച്ചു. കുട്ടികളെ വെള്ളം കുടിപ്പിച്ച അധ്യാപകനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും മനോനില മെഡിക്കല്‍ ബോര്‍ഡിനെ കൊണ്ട് പരിശോധിപ്പിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ ആരും ഉത്തരം എഴുതരുതെന്ന വാശിയോടെ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പത്താം ക്ലാസിലെ ചോദ്യങ്ങള്‍തയ്യാറാക്കാന്‍ പത്താം ക്ലാസിലെ തന്നെ അധ്യാപകരെനിയോഗിക്കണമെന്നും പരാതിയില്‍ പറയുന്നു.