Connect with us

National

നാരദ ഒളിക്യാമറ കേസ്: തൃണമൂല്‍ ആവശ്യം സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: നാരദ ഒളികാമറ കേസുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് അന്വേഷണം സി ബി ഐക്ക് തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കേസില്‍ 72 മണിക്കൂറിനകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തൃണമൂല്‍ നേതാവായ സൗഗത റോയ് ഉള്‍പ്പെടെയുള്ളവരാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍, ഹൈക്കോടതി വിധിയെ പിന്തുണക്കുന്നുവെന്നും പ്രാഥമിക അന്വേഷണം നടത്താനുള്ള സമയപരിധി ഒരു മാസമാക്കി ഉയര്‍ത്തുകയാണെന്നും കോടതി വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എം പിമാരും അടക്കം 12 പേര്‍ കോഴ വാങ്ങുന്നതിന്റെ ഒളിക്യാമറാ ദൃശ്യങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് ഓണ്‍ലൈന്‍ മാധ്യമാ നാരദാ ന്യൂസ് പുറത്തുവിട്ടത്. മുന്‍ കേന്ദ്ര മന്ത്രിമാരായ മുകുള്‍ റോയ്, സുഗത റോയ്, ബംഗാള്‍ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമ വികസന മന്ത്രി സുബ്രതോ മുഖര്‍ജി, നഗര വികസന മന്ത്രി ഫര്‍ഹദ് ഹക്കീം, എം പിമാരായ സല്‍ത്താന്‍ അഹ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹ്മദ് എം എല്‍ എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വവാന്‍ എസ് പി. എം എച്ച് അഹ്മദ് മിര്‍സ എന്നിവരാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്.