ജലമില്ലെങ്കില്‍ ജീവനില്ല; ഭൂമിയുമില്ല

Posted on: March 22, 2017 6:47 am | Last updated: March 22, 2017 at 12:50 am

രസകരമായ ഒരനുഭവം പറയാം. ഒരു സ്‌കൂളിലെ ആഘോഷത്തിനെത്തിയതാണ്. എന്നെ നോക്കി പുഞ്ചിരിച്ച നാലാം ക്ലാസുകാരിയോട്, അറിയുമോ എന്ന് കൗതുകത്തിന് ചോദിച്ചു. ഒരു സങ്കോചവും കൂടാതെ ആ കുട്ടി പറയുകയാണ്: അറിയും, ഇല്ലാത്ത വിഭവത്തിന്റെ മന്ത്രിയല്ലേ എന്ന്. കുട്ടികളില്‍പ്പോലും ജലത്തിന്റെ അഭാവത്തെ കുറിച്ചുള്ള ആശങ്ക എത്തിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ ജലദിനം വന്നെത്തുന്നത്.

ലഭ്യത കുറഞ്ഞത് പ്രിയകരം ആയി മാറുമെന്നാണ് സാമ്പത്തികശാസ്ത്രം. ഈയടുത്ത കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു കണക്ക് ചിന്തിപ്പിക്കുന്നതായിരുന്നു. അതിങ്ങനെ: ഒരു ലിറ്റര്‍ കുപ്പിവെള്ളം 20 രൂപ കൊടുത്തു നാം വാങ്ങുന്നു. മിതമായി വെള്ളം ഉപയോഗിക്കുന്ന ഒരു ഇടത്തരം വീട്ടിലെ ടാങ്കിന്റെ ശേഷി 1,000 മുതല്‍ 1,500 വരെ ലിറ്റര്‍. അതായത് ഒരു ദിവസം ഒരു വീട്ടില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്പത്തിക മൂല്യം ഏറ്റവും കുറഞ്ഞത് പതിനയ്യായിരം രൂപ. അത് 30,000 രൂപ വരെയാകാം. ഒരു മാസം നാലരലക്ഷം രൂപ മുതല്‍ ഒമ്പത് ലക്ഷം രൂപ വരെ. ഇത്രയും വിലയുള്ള മറ്റേതു വസ്തുവാണ് നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്നത്? ഇത്രയും വിലയുള്ള വസ്തു ധാരാളിത്തത്തോടെ ഉപയോഗിച്ചു ശീലിച്ചതിന്റെ ഫലമാണ് ശുദ്ധജല സംരക്ഷണകാര്യത്തില്‍ നാം കാണിക്കുന്ന അനാസ്ഥ.
1992ല്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സമ്മേളനമാണ് ശുദ്ധജലത്തിനായി ഒരു ലോകദിനാചരണം ശിപാര്‍ശ ചെയ്തത്. 1993 മാര്‍ച്ച് 22 ഒന്നാമത്തെ ജലദിനമായി ആചരിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ ഈ ശിപാര്‍ശ അംഗീകരിച്ചു. ഓരോ വര്‍ഷവും ശുദ്ധജലസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക വിഷയം ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടാണ് ദിനാചരണം നടക്കുന്നത്. ഈവര്‍ഷം ‘പാഴ്ജലം’, ‘2018ലേക്ക്’, ജലത്തിനായുള്ള പ്രകൃത്യധിഷ്ഠിത മാര്‍ഗങ്ങള്‍’ എന്നിവയാണ് ചിന്താവിഷയങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ജലം പാഴാകുന്നത് എങ്ങനെയൊക്കെ എന്നതിനെക്കുറിച്ച് വേണ്ടവിധത്തിലുള്ള അറിവില്ലായ്മ പൊതുവില്‍ സമൂഹത്തെ ഗ്രസിച്ചിട്ടുണ്ട്.
ജലം പാഴ്ജലമാകുന്നതിനുള്ള കാരണങ്ങളെ പ്രധാനമായി നാലായി തിരിക്കാം. ഒന്ന് അമിതമായും അനാവശ്യത്തിനുമുള്ള ഉപയോഗം. രണ്ട്, മലിനീകരണം. മൂന്ന്, ലഭ്യമായ ജലത്തെ ഉപയോഗ്യമാക്കി വിതരണം ചെയ്യുന്നതിലുള്ള കഴിവില്ലായ്മ. നാല്, വിതരണസംവിധാനങ്ങള്‍ കേടുപാടുകള്‍ കൂടാതെ നിലനിര്‍ത്തുന്നതിലെ അനാസ്ഥ മൂലം പ്രയോജനരഹിതമായി വെള്ളം ഒഴുകി നഷ്ടപ്പെടുന്ന അവസ്ഥ.
പുതിയൊരു ജലവിനിയോഗ ശൈലിയും പുതിയൊരു ജലവിനിയോഗ സംസ്‌കാരവും വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. ശുഷ്‌കവൃഷ്ടിപ്രദേശങ്ങളിലെ ജനങ്ങളെ കണ്ടു പഠിക്കണം. നാലും അഞ്ചും വര്‍ഷം മഴക്കായി കാത്തിരിക്കേണ്ടിവരുന്നവര്‍ ഒരു ബക്കറ്റ് വെള്ളം കൊണ്ട് നിര്‍വഹിക്കുന്ന ആവശ്യങ്ങള്‍ പഠിക്കണം. അവിടങ്ങളില്‍ പുനരുപയോഗ മാതൃകകളും സുലഭാണ്.

ജലാശയങ്ങളും ജലസ്രോതസ്സുകളും പരിസരങ്ങളുമെല്ലാം മാലിന്യമുക്തമായി കാത്തുപരിപാലിക്കാന്‍ നാം മറന്നുപോയി. ഇക്കാര്യത്തില്‍ ജനങ്ങള്‍ മാത്രമല്ല ഭരണാധികാരികളും വ്യവസായികളുമെല്ലാം കുറ്റക്കാരാണ്. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ നിന്ന് മാലിന്യമുക്ത പെരിയാറിനായി ഉയരുന്ന ശബ്ദങ്ങള്‍ക്കു തീര്‍ച്ചയായും പ്രസക്തിയുണ്ട്. ജലസമൃദ്ധമായ കേരളം മരുഭൂമിയാകുന്നതിലേക്കു നീങ്ങുമ്പോള്‍ ജലദുര്‍ലഭ സംസ്ഥാനവും കേരളത്തിന്റെ മഴനിഴല്‍പ്രദേശവുമായ തമിഴ്‌നാട് മാനേജ്‌മെന്റ് വൈദഗ്ധ്യത്തിലൂടെയും മികച്ച ശിക്ഷണത്തിലൂടെയും ലഭ്യമായ ജലം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നു.

മലിനമായിക്കിടക്കുന്ന എല്ലാ ജലാശയങ്ങളെയും പുനരുദ്ധരിക്കുന്നതിനുള്ള കര്‍മപരിപാടികള്‍ ആദ്യം ഏറ്റെടുക്കുക. ഒരു കാലവര്‍ഷക്കാലം വൈകാതെ എത്തുമെന്നുതന്നെ പ്രതീക്ഷിച്ചുകൊണ്ട് പെയ്തിറങ്ങുന്ന ജലത്തെ പരമാവധി ഭൂഗര്‍ഭജലമായി സംഭരിക്കുന്നതിനും അതിനുള്ള ശേഷി മണ്ണില്‍ വര്‍ധിപ്പിച്ചെടുക്കുന്നതിനും ഉതകുന്ന പരിപാടികള്‍ക്കു രൂപം നല്‍കണം. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കുക, മഴക്കുഴികള്‍ നിര്‍മിക്കുക, ഉയര്‍ച്ചതാഴ്ചകളോടുകൂടിയ ലാന്‍ഡ്‌സ് കേപ്പിംഗും ഭൂമിയുടെ തട്ടുതിരിക്കലും നടപ്പിലാക്കുക എന്നിങ്ങനെ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കര്‍മ പരിപാടികള്‍ക്കു തുടക്കം കുറിക്കാന്‍ സമയമായിരിക്കുന്നു.
ജലം പാഴ്ജലമായിപ്പോകാതെയിരിക്കുന്നതിന് മുന്‍കരുതലുകളെല്ലാം സ്വീകരിക്കുമ്പോഴും അടിസ്ഥാന ജലലഭ്യത നിലനിര്‍ത്തുന്നതിനുള്ള പ്രാധാന്യം മറന്നുപോകരുത്. ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള ഭൂമിയുടെ നൈസര്‍ഗ്ഗിക സംവിധാനങ്ങളുടെ പരിപാലനവും ഭൂഗര്‍ഭ ജലവിതാനം നിലനിര്‍ത്തുന്നതിനുള്ള പരിപോഷണ പ്രവര്‍ത്തനങ്ങളുമെല്ലാം കാര്യക്ഷമതയോടെ പ്രാവര്‍ത്തികമാക്കേണ്ടിയിരിക്കുന്നു.
ഓര്‍ക്കാം; ജലമില്ലെങ്കില്‍ ജീവനില്ല, ഭൂമിയില്ല, നമ്മളുമില്ല.