പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതിക്ക് വധശിക്ഷ

Posted on: March 21, 2017 12:12 pm | Last updated: March 21, 2017 at 3:32 pm

കോട്ടയം: പാറമ്പുഴയില്‍ കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി നന്ദകുമാറിന് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതി മൂന്ന് ലക്ഷം രൂപ പിഴയും മോഷ്ടിച്ച 2500 രൂപയും മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കണം. കൂടാതെ ഇരട്ട ജീവപര്യന്തവവും ഏഴ് വര്‍ഷം കഠിന തടവും കോടതി ഇയാള്‍ക്ക് വിധിച്ചിട്ടുണ്ട്. അന്യസംസ്ഥാനക്കാര്‍ പ്രതികളാകുന്ന കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് മറ്റുള്ളവര്‍ക്ക് പാഠമാകണമെന്ന് കോടതി നിരീക്ഷിച്ചു.

2015 മേയ് 16നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍(71), ഭാര്യ പ്രസന്നകുമാരി(62), മകന്‍ പ്രവീണ്‍ലാല്‍(28) എന്നിവരെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാര്‍(27) പണത്തിനുവേണ്ടി കൊന്നെന്നാണ് കേസ്. വീടിനോടുചേര്‍ന്ന് പ്രവീണ്‍ നടത്തിയിരുന്ന അലക്കുകമ്പനിയിലെ ജീവനക്കാരനായിരുന്നു നരേന്ദ്രകുമാര്‍.