ദലൈലാമ: ഇന്ത്യക്ക് ചൈനയുടെ ഭീഷണി

Posted on: March 21, 2017 6:19 am | Last updated: March 21, 2017 at 12:20 am

ബീജിംഗ്/ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയെ രാജ്യത്തേക്ക് ക്ഷണിച്ചത് ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ ഭീഷണിയുമായി ചൈന. ബീഹാറില്‍ നടന്ന അന്താരാഷ്ട്ര ബുദ്ധമത സെമിനാറിലേക്ക് ദലൈലാമയെ കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചതാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഈ നീക്കം ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ഉഭയകക്ഷി ബന്ധം താറുമാറാക്കുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.
‘തങ്ങളുടെ നിലപാടുകളെ അവമതിക്കുന്ന നീക്കങ്ങളാണ് അടുത്ത കാലത്തായി ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 14ാമത് അന്താരാഷ്ട്ര ബുദ്ധമത സെമിനാറിലേക്ക് ദലൈ ലാമയെ ക്ഷണിച്ച ഇന്ത്യയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമുണ്ട്’- ഇതേക്കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിംഗ് പ്രതികരിച്ചു. ദലൈ ലാമ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന്റെ ചൈനാവിരുദ്ധത ഇന്ത്യ തിരിച്ചറിയണം. ടിബറ്റും അനുബന്ധ വിഷയങ്ങളിലുമുള്ള ചൈനയുടെ പൊതു ഉത്കണ്ഠയെ മാനിക്കാന്‍ തയ്യാറാകണം. ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധം തകരുന്നത് ഒഴിവാക്കണമെന്നും ചുന്‍യിംഗ് പറഞ്ഞു.

ഈ മാസം 17നാണ് നളന്ദ ജില്ലയിലെ രാജ്ഗിറില്‍ ദലൈ ലാമ സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. ‘ബുദ്ധിസം 21ാം നൂറ്റാണ്ടില്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി ബുദ്ധ സന്യാസിമാരും പണ്ഡിതരും സംബന്ധിച്ചിരുന്നു.
തെക്കന്‍ ടിബറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ ദലൈ ലാമക്ക് ഇന്ത്യ അനുമതി നല്‍കിയതിനെയും ഈ മാസം ആദ്യം ചൈന രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ദലൈ ലാമയുടെ സന്ദര്‍ശനം ചൈനാ വിരുദ്ധ- വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനാണെന്നുമാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പ്രതികരിച്ചത്.
ചൈനയുടെ ഭീഷണിയെ തുടര്‍ന്ന് 1959ല്‍ ഇന്ത്യയില്‍ അഭയം തേടിയ ആത്മീയ നേതാവാണ് ദലൈ ലാമ. ടിബറ്റന്‍ ബുദ്ധമതക്കാരുടെ 14ാത് ദലൈ ലാമയായ ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് ടെന്‍സിന്‍ ഗ്യാറ്റ്‌സോ എന്നാണ്. സമാധാനത്തിനുള്ള നോബേല്‍ സമ്മാന ജേതാവ് കൂടിയായ ലാമക്ക് 81 വയസ്സുണ്ട്. നേരത്തെ ഇദ്ദേഹവുമായി ചൈന അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും 2012ല്‍ സി ജിന്‍ പിംഗ് പ്രസിഡന്റ് ആയ ശേഷം അത്തരം നീക്കങ്ങളൊന്നും ഇപ്പോള്‍ ഉണ്ടാകുന്നില്ല. ദലൈ ലാമക്ക് ആതിഥ്യമേകുന്ന രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്ന നിലപാടാണ് ചൈന സ്വീകരിച്ചുവരുന്നത്.