Connect with us

Kerala

പഴയ കോലീബി സഖ്യം പുതിയ രീതിയില്‍: വൈക്കം വിശ്വന്‍

Published

|

Last Updated

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പഴയ കോലീബി സഖ്യം പുതിയ രീതിയില്‍ ആവിഷ്‌കരിക്കുകയാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മലപ്പുറത്ത് യു ഡി എഫും ബി ജെ പിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. അതിന്റെ സംവിധായകര്‍ തന്നെ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സി പി എമ്മും ലീഗുമായി സൗഹൃദ മത്സരമാണെന്ന ബി ജെ പിയുടെ ആരോപണം ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എറിയുന്നതിന്റെ ഭാഗമായാണ്. യു ഡി എഫിലെ പല മണ്ഡലങ്ങളിലും വിജയിപ്പിച്ചിട്ടുണ്ടെന്ന് അവര്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കുഞ്ഞാലിക്കുട്ടിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിട്ടില്ല. തനതായ മതേതരസംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന പിണറായിക്ക് ഇത്തരത്തില്‍ കൂടിക്കാഴ്ച നടത്തേണ്ടതില്ല. മലപ്പുറത്ത് വര്‍ഗീയപാര്‍ട്ടികളുടെ വോട്ടുവാങ്ങുമോയെന്ന ചോദ്യത്തിന്, മലപ്പുറത്ത് വര്‍ഗീയപാര്‍ട്ടികളായല്ല, മനുഷ്യരായാണ് എല്ലാരെയും കാണുന്നതെന്നായിരുന്നു മറുപടി. എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണത്തിന്റെ നേട്ടങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിശദീകരിക്കും. ഇതിന് ജനം അവരുടെ അഭിപ്രായം രേഖപ്പെടുത്തും. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് ബോധ്യമാകും. മലപ്പുറം തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കും ഇതേ അര്‍ഥം തന്നെയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.