ആവേശപ്പോരില്‍ ബാഴ്‌സ

Posted on: March 21, 2017 1:29 am | Last updated: March 20, 2017 at 11:31 pm

മാഡ്രിഡ്: ലാലിഗയിലെ ആവേശപ്പോരില്‍ വലന്‍ഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കി ബാഴ്‌സലോണയുടെ തിരിച്ചുവരവ്. കഴിഞ്ഞ മത്സരത്തില്‍ ഡിപ്പോര്‍ട്ടിവോയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ബാഴ്‌സ വലന്‍ഷ്യക്കെതിരായ ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള റയലിന് കിരീടം ഏളുപ്പത്തില്‍ വിട്ടുകൊടുക്കില്ലെന്ന മുന്നറിയിപ്പും നല്‍കി. സൂപ്പര്‍ താരം ലയണല്‍ മെസി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ലൂയി സുവാരസും ആന്ദ്രെ ഗോമസും ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തു.

മന്‍ഗലയും മുനീര്‍ എല്‍ ഹദ്ദാദിയും വലന്‍ഷ്യക്കായി ഗോള്‍ വല ചലിപ്പിച്ചു. 44ാം മിനുട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് മന്‍ഗല പുറത്തായതോടെ പത്ത് പേരിലേക്ക് ചുരുങ്ങിയ വലന്‍സിയ പൊരുതിക്കളിച്ചെങ്കിലും ബാഴ്‌സയെ കീഴടക്കാന്‍ കഴിഞ്ഞില്ല. ലൂയി സുവാരസിനെ ഫൗള്‍ ചെയ്തതിനാണ് മന്‍ഗലക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. സൂപ്പര്‍ താരങ്ങളായ മെസിയും നെയ്മറും സുവാരസും അണിനിരന്ന ബാഴ്‌സയെ ഞെട്ടിച്ച് 29ാം മിനുട്ടില്‍ മന്‍ഗലയുടെ വലന്‍ഷ്യയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍ 35ാം മിനുട്ടില്‍ സുവാരസിലൂടെ ബാഴ്‌സ ഗോള്‍ മടക്കി. മന്‍ഗലക്ക് ചുവപ്പ് കാര്‍ഡ്കണ്ടതോടെ ലഭിച്ച പെനാല്‍റ്റി മെസി ലക്ഷ്യത്തിലെത്തിച്ചു. തൊട്ടടുത്ത നിമിഷം തന്നെ ഗോള്‍ നേടിയ മുനീര്‍ എല്‍ ഹദ്ദാദി വീണ്ടും ബാഴ്‌സയെ ഞെട്ടിച്ചു. രണ്ടാം പകുതി തുടങ്ങി ഏഴാം മിനുട്ടില്‍ മെസിയുടെ ഗോളില്‍ കറ്റാലന്‍മാര്‍ മുന്നിലെത്തി. ഇടതു ഭാഗത്ത് നിന്ന് മസ്‌കരനാനോ നല്‍കിയ പാസ് മെസി ഗോളാക്കി മാറ്റുകയായിരുന്നു.

പിന്നാലെ നെയ്മറിന് ഒരു മികച്ച അവസരം ലഭിച്ചെങ്കിലും പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. കളി തീരാന്‍ ഒരു മിനുട്ട് ശേഷിക്കേ ആന്ദ്രെ ഗോമസ് നേടിയ ഗോളില്‍ ബാഴ്‌സ ജയമുറപ്പിച്ചു. വലന്‍ഷ്യന്‍ മിഡ്ഫീല്‍ഡറായിരുന്ന ഗോമസിന്റെ ബാഴ്‌സ ജേഴ്‌സിയിലുള്ള ആദ്യ ഗോളായിരുന്നു ഇത്. മറ്റ് മത്സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 3-1ന് സെവിയ്യയെയും സ്‌പോര്‍ട്ടിംഗ് ഗിജോണ്‍ 3-1ന് ഗ്രാനഡയെയും പരാജയപ്പെടുത്തി. ഡിഗോ ഗോഡിന്‍ (37), അന്റോയിന്‍ ഗ്രീസ്മാന്‍ (61), കൊക്കെ (77) എന്നിവരാണ് അത്‌ലറ്റിക്കോ മാഡ്രിഡിനായി ഗോള്‍ നേടിയത്.
85ാം മിനുട്ടില്‍ ജ്വാക്കിന്‍ കോറയുടെ വകയായിരുന്നു സെവിയ്യയുടെ ഏക ഗോള്‍. ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് അവസരമൊരുക്കുകയും ചെയ്ത ഗ്രീസ്മാന്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ജയത്തോടെ ബാഴ്‌സ ഒന്നാം സ്ഥാനത്തുള്ള റയലുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറച്ചു. 27 മത്സരങ്ങളില്‍ നിന്ന് റയലിന് 65 പോയിന്റും ഒരു മത്സരം അധികം കളിച്ച ബാഴ്‌സക്ക് 63 പോയിന്റുമാണുള്ളത്. 57 പോയിന്റുള്ള സെവിയ്യ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ 55 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് തൊട്ടുപിന്നിലുണ്ട്.